പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
കാലത്തിനും കാലാവസ്ഥയ്ക്കും കീഴടങ്ങാതെ നില്ക്കുന്ന ചില വസ്തുക്കള്‍ എന്നുമൊരു അത്ഭുതമാണ്. അത്തരത്തിലൊന്നാണ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും തലയുയര്‍ത്തി ചൈനയിലെ വന്മതില്. വളഞ്ഞും തിരിഞ്ഞും പിരിഞ്ഞും തമ്മില്‍ ബന്ധിപ്പിച്ചും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വന്മതില് ഒരു അത്ഭുതമായില്ലെങ്കിലേ അത്ഭുതമുള്ളൂ. മനുഷ്യപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് ചൈനയിലെ വന്മതിൽ നിർമിച്ചത്.
2000ലധികം വര്‍ഷം
ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ചൈനയിലെ വന്മതില് അത്ര പെട്ടന്നു നിര്‍മിച്ച ഒന്നല്ല, രണ്ടായിരത്തിലധികം വര്‍ഷങ്ങളാണ് ഈ മതിലിന്റെ നിര്‍മാണത്തിനു മാത്രമായി വിനിയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത വസ്തുവായി കരുതപ്പെടുന്ന ചൈനയിലെ വന്മതിലിന്റെ നിര്‍മാണം മൂന്നാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. ക്വിൻ ഷി ഹുയാങ് എന്ന ചൈനീസ് ചക്രവര്‍ത്തിയാണ് വന്മതില് നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. നാട്ടു രാജ്യങ്ങള്‍ കീഴടക്കി തയാറാക്കിയ തന്റെ സാമ്രാജ്യത്തിനു കാവലെന്ന രീതിയിലാണ് ഇത് നിര്‍മിക്കുന്നത്.
21,196 കിലോമീറ്റർ നീളം
നിര്‍മിതിയുടെയും നീളത്തിന്റെയും കാര്യത്തില്‍ വന്മതില് അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ശാഖകളടക്കം 21,196 കിലോമീറ്റര്‍ നീളം ഈ വന്മതിലിനുണ്ട്. 13,171 മൈലും 834,514,560 ഇഞ്ചിലും ഇതിന്റെ നീളം കണക്കാക്കാം. ആറു മുതല്‍ 7 മീറ്റര്‍ നീളം അതായത് 20-23 അടി ഉയരമാണ് വന്മതിലിനുള്ളത്. ഏറ്റവും കൂടുതല്‍ ഉയരം വരുന്നത് 14 മീറ്ററാണ്. തറനിരപ്പില്‍ നിന്നുമാണ് ഈ ഉയരം. വന്മതിലിന്റെ വീതി എന്നത് 4-5 മീറ്റര്‍ അഥവാ 13-16 അടിയാണ്.
ഒരു മതിലല്ല, പല മതിലുകള്‍ ചേര്‍ന്നത്
ചൈനയുടെ വിവിധ ഭാഗങ്ങളിലായി വിവിധ രാജാക്കന്മാരും നാട്ടു രാജ്യങ്ങളും പടുത്തുയര്‍ത്തിയ പല മതിലുകള്‍ തമ്മില്‍ ചേര്‍ന്നതും കൂടാതെ അക്കാലത്ത് പുതുതായി നിര്‍മിച്ചവയും ചേര്‍ന്നതാണ് ഇന്നു കാണുന്ന വന്മതില്. ചിന് ഷി ഹുവാങ് ആണിതിന് തുടക്കം കുറിച്ച്. പിന്നീട് പലരും മതില് നിര്‍മാണത്തില്‍ കൈവെച്ചുവെങ്കിലും ഇന്നു കാണുന്ന നിലയിലേക്ക് വന്മതിലിനെ മാറ്റിയെടുത്തത് മിങ് രാജവംശമാണ്. 1364- 1644 കാലഘട്ടത്തിലായിരുന്നു ഇത്.
ഷാൻഹായ് ഗുവാനില്‍ തുടങ്ങി യുമെന് വരെ
ചൈന മുഴുവനും മൊത്തത്തില്‍ പരന്നുകിടക്കുന്ന ഒന്നാണ് വന്മതില്. ചൈനയുടെ ഉത്തരമേഖലയിൽ ബോഹായ് ഉൾക്കടലിനു സമീപത്തുള്ള ഷാൻഹായ് ഗുവാൻ എന്ന സ്ഥലത്തു നിന്നുമാണ് മതില് ആരംഭിക്കുന്നത്. ഇവിടെ നിന്നും ഹാബെയ്, ഷൻസി, നിങ്സിയ, ഗൻസു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും ഒപ്പം മംഗോളിയയിലൂടെയും മതില് കടന്നു പോകുന്നു. ഒടുവില്‍ എത്തി നില്‍ക്കുന്നത്, ഗോബി മരുഭൂമിയിലെ ജിയായു ഗുവാനിൽ ആണ്. കൂടാതെ പ്രധാന മതില്‍ക്കെട്ട് ഷാൻഹായ് ഗുവാനിൽ ആരംഭിച്ച് ഗോബിയിലെ യുമെനിൽ അവസാനിക്കുന്നു. പ്രധാന കെട്ടിന് 3460 കിലോമീറ്റർ നീളമുണ്ട്. ശാഖകളുടെ നീളം 2465 കിലോമീറ്റർ വരും.
മതിലിനെ ഒട്ടിച്ചു നിര്‍ത്തുന്ന അരി
രണ്ടായിരം വര്‍ഷങ്ങളായിട്ടും കാര്യമായ കേടുപാടുകളില്ലാതെ നില്ക്കുന്ന മതിലിനു പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ കാണുമല്ലോ. പശപോലുള്ള അരിയാണത്രെ മതിലിനെ ഇങ്ങനെ നിലനിര്‍ത്തുന്നത്. ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനമാണ് ഇതുസംബന്ധിച്ച രഹസ്യം കണ്ടെത്തിയത്. അരിമാവിനൊപ്പം ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതം ചേര്‍ത്തു നിര്‍മിച്ചപ്പോള്‍ കല്ലുകളും മറ്റും ഇരട്ടി ശക്തിയില്‍ നിലനിന്നുവത്രെ.
ഏറ്റവും നീളമുള്ള സെമിത്തേരിയും
കര്‍ഷകരും കുറ്റവാളകളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് പല കാലങ്ങളായി മതില് നിര്‍മാണത്തില്‍ പങ്കു ചേര്‍ന്നത്. അവരുടെ ചോരയുടെയും അധ്വാനത്തിന്റെയും ഫലമാണ് ഈ നീളത്തില്‍ കിടക്കുന്നത്. സാങ്കേതിക സൗകര്യങ്ങള്‍ പൂജ്യത്തില്‍ കിടക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളും മനുഷ്യര്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ പലര്‍ക്കും അപകടകരമായ പല സാഹചര്യങ്ങളിലൂടെയും കടന്നു പോകേണ്ടതായി വരുകയും പലപ്പോഴും ജീവന് തന്നെ വെടിയേണ്ടി വരുകയും ചെയ്തു. അതുകൊണ്ടു തന്നെ ഏറ്റവും നീളമേറിയ മതില് എന്ന ബഹുമതിക്കൊപ്പം ഏറ്റവും നീളമേറിയ ശവക്കല്ലറ എന്ന ദുഷ്പേരും വന്മതിലിനുണ്ട്. ഒരു മില്യണിലധികം ആളുകളാണ് ഈ കാലത്ത് മരണപ്പെട്ടതായി പറയുന്നത്.
കുറ്റവാളികള്‍ക്കുള്ള ശിക്ഷ
അക്കാലത്ത കുറ്റവാളികള്‍ക്കു നൽകിന്ന ഏറ്റവും സാധാരണമായ ശിക്ഷകളിലൊന്നായിരുന്നു മതില് നിര്‍മാത്തില്‍ പങ്കെടുക്കുക എന്നത് ആയിരുന്നു. ക്വിന്‍ രാജവംശത്തിന്റെ കാലത്തിലാണ് ഈ ശിക്ഷാ രീതി തുടങ്ങിവെച്ചത്.
മതിലിലെ കല്ലുകൊണ്ടു നിര്‍മിച്ച അണക്കെട്ടും വീടും
ചൈനയിലെ സാംസ്കാരിക വിപ്ലവം നടന്നത് 1966നും 1976നും ഇടയിലുള്ള സമയത്തായിരുന്നു. ഈ കാലയളവില്‍ മതിലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കല്ലുകള്‍ മോഷ്ടിച്ച് വീടുകളും അണക്കെട്ടുകളും ഒക്കെ ചൈനയില്‍ നിര്‍മിച്ചുവെന്ന് ചില ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ബഹിരാകാശത്തു നിന്നും കാണാനാവില്ല
ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത വസ്തുവായതിനാല്‍ തന്നെ ഇതിനെ ബഹിരാകാശത്തില്‍ നിന്നും കാണാന്‍ സാധിക്കുമെന്ന ധാരണ കാലങ്ങളോളം നിലനിന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് തെളിയുകയുണ്ടായി. ചന്ദ്രനിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമിത വസ്തു വന്മതിലാണെന്നായിരുന്നു വിശ്വാസം. മനുഷ്യന് ചന്ദ്രനിലെത്തിയ ശേഷമാണ് ഈ വിശ്വാസം മാറുന്നത്.
ലക്ഷക്കണക്കിന് സഞ്ചാരികള്‍
ചൈനയിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണം ഈ വന്മതിലാണ്. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈ മതിലിന്റെ കാഴ്ച കാണാനായി മാത്രം എത്താറുണ്ട്.