പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
കൊളംബോ: കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള ജയിലിൽ കലാപം. എട്ട് അന്തേവാസികൾ മരിച്ചു. 37 പേർക്കു പരുക്കേറ്റിട്ടുണ്ട്. ചിലർ വാതിൽ തുറന്നു രക്ഷപെടാൻ ശ്രമിച്ചതാണ് അക്രമത്തിനു കാരണമായതെന്നു റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് അധികൃതർ ബലം പ്രയോഗിക്കുകയായിരുന്നു. കൊളംബോയ്ക്കു വടക്കായി 15 കിലോ മീറ്റർ അകലെ മഹാറാ ജയിലിലാണ് സംഘർഷമുണ്ടായത്. അന്തേവാസികളാണു പ്രശ്നം സൃഷ്ടിച്ചതെന്ന് പൊലീസ് വക്താവ് അജിത് റൊഹാന പറഞ്ഞു. ലങ്കയിലെ തിങ്ങിനിറഞ്ഞ ജയിലുകളിൽ കൊവിഡ് മഹാമാരി അസ്വസ്ഥത പടർത്തുന്നതിനിടെയാണ് പുതിയ സംഭവവികാസവും.
ഒരു സംഘം റിമാൻഡ് തടവുകാരാണ് രക്ഷപെടാൻ ശ്രമിച്ചത്. പരുക്കേറ്റവരിൽ രണ്ടു ജയിലർമാരും ഉൾപ്പെടുന്നുണ്ടെന്ന് റൊഹാന പറയുന്നു. ജയിലിനു തീപിടിച്ചെന്നും വലിയ തോതിൽ പുക ഉയർന്നെന്നും സമീപവാസികൾ പറയുന്നുണ്ട്. അക്രമകാരികളാണു തീവച്ചതെന്ന് ജയിൽ അധികൃതർ. അടുക്കളയും റെക്കോഡ് റൂമുമാണ് അവർ കത്തിച്ചത്. ജയിലർമാരെ ബന്ദികളാക്കാനും അവർ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് അധികൃതർ.
മഹാറാ ജയിലിലെ 175 പേർക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളെ മറ്റേതെങ്കിലും ജയിലിലേക്കു മാറ്റണമെന്നായിരുന്നു റിമാൻഡ് തടവുകാരുടെ ആവശ്യം. ലങ്കയിലെ വിവിധ ജയിലുകളിലായി ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജയിലിലുണ്ടായ സംഘർഷത്തിൽ ഒരു തടവുപുള്ളി മരിച്ചിരുന്നു. മാർച്ചിലും ഒരാൾ സംഘർഷത്തിൽ മരിച്ചു. പതിനായിരം പേരെ പാർപ്പിക്കാൻ ശേഷിയുള്ള ലങ്കൻ ജയിലുകളിലായി 26,000ലേറെ പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.