പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:10 January 2021
സിഡ്നി: സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വീണ്ടും ഇന്ത്യൻ ടീമിനെ അസഭ്യം പറഞ്ഞ് ഒരു സംഘം കാണികൾ. ഇതേത്തുടർന്ന് മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി അൽപ്പനേരം നിർത്തിവച്ചു. സ്ക്വയർ ലെഗ് ബൗണ്ടറിയിൽ ഫീൽഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിനെയാണ് രണ്ടാം സെഷനിൽ കളി പുരോഗമിക്കുന്നതിനിടെ കാണികൾ അസഭ്യം പറഞ്ഞത്. സിറാജിന്റെ ഓവറിൽ കാമറൂൺ ഗ്രീൻ തുടർച്ചയായി രണ്ടു സിക്സുകൾ അടിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു സംഭവം. ഇന്ത്യൻ താരങ്ങൾ പരാതിപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്യാലറിയിലെത്തി ഒരു സംഘം കാണികളെ പുറത്താക്കി. അമ്പയർമാരും ഇടപെട്ടു. അവർ താരങ്ങളുമായി സംസാരിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കാണികളിലൊരാൾ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും എതിരേ വംശീയ അധിക്ഷേപം ചൊരിഞ്ഞിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ബിസിസിഐ ഐസിസിക്ക് പരാതി നൽകിയിരുന്നു. ഇന്ത്യൻ താരങ്ങൾക്കെതിരേ അധിക്ഷേപം ഉണ്ടായതിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് (ക്രിക്കറ്റ് ഓസ്ട്രേലിയ) ഖേദം പ്രകടിപ്പിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഏതുതരം വിവേചനത്തിനും പൂർണമായി എതിരാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെന്നും അവർ. ശനിയാഴ്ച എസ്സിജിയിലുണ്ടായ സംഭവത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അന്വേഷണം നടത്തുകയാണ്. അതിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണ് തങ്ങളെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ.