പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ രണ്ടഭിപ്രായം ശക്തമായിരിക്കെ, യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച യുഎസ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന നീക്കത്തിൽ വോട്ടെടുപ്പു നടത്തുന്നു. യുഎസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ജനങ്ങളെ പ്രകോപ്പിച്ച് ഇളക്കിവിട്ടു എന്നതാണു പ്രസിഡന്റിനെതിരായ കുറ്റാരോപണം. ഇംപീച്ച്മെന്റ് പ്രമേയം പാസായാൽ രണ്ടു തവണ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട അമെരിക്കൻ ചരിത്രത്തിലെ ആദ്യ പ്രസിഡന്റാവും ട്രംപ്. കാലാവധി കഴിയാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ട്രംപ് ഈ പ്രതിസന്ധി നേരിടുന്നത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഡെമൊക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് ട്രയലിനുള്ള മാനെജർമാരെ സ്പീക്കർ നാൻസി പെലോസി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇംപീച്ച്മെന്റ് ആർട്ടിക്കിൾ തയാറാക്കിയ ജയ്മി റസ്കിനാണ് മുഖ്യ മാനെജർ. മറ്റ് എട്ടു പേർ കൂടി മാനെജർമാരുടെ സംഘത്തിലുണ്ട്. ഇംപീച്ച്മെന്റ് കേസ് സഭയിൽ അവതരിപ്പിക്കുക ഇവരാണ്. ജനങ്ങൾക്കു വേണ്ടി ജനാധിപത്യപരമായ കടമ ഇവർ നിർവഹിക്കുമെന്ന് പെലോസി വ്യക്തമാക്കി.
ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം നേരത്തേ സഭ പാസാക്കി. എന്നാൽ, പ്രസിഡന്റിനെ പുറത്താക്കില്ലെന്ന് പെൻസ് പെലോസിയെ കത്തു വഴി അറിയിച്ചിട്ടുണ്ട്.
ട്രംപ് അധികാരത്തിലിരിക്കുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്ന് ഇംപീച്ച്മെന്റിനു മുന്നോടിയായി സഭയുടെ ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജറോൾഡ് നാഡ്ലർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും അക്രമം അഴിച്ചുവിടാനും ട്രംപ് നടത്തിയ നീക്കങ്ങളെ സഭ തള്ളിക്കളയണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. രാജ്യത്തിനെതിരേ അതീവ ഗൗരവമുള്ള കുറ്റമാണ് ട്രംപ് ചെയ്തതെന്നും റിപ്പോർട്ട്.
നേരത്തേ, 2019 ഡിസംബർ 18നും ജനപ്രതിനിധി സഭ ട്രംപിന്റെ ഇംപീച്ച്മെന്റ് അംഗീകരിച്ചിരുന്നു. ജോ ബൈഡനെതിരേ കേസുകൾ കുത്തിപ്പൊക്കാൻ യുക്രെയിനു മേൽ സമ്മർദം ചെലുത്തിയെന്നും അതിനായി 400 ദശലക്ഷം ഡോളർ സൈനിക സഹായമായി നൽകിയെന്നുമായിരുന്നു അന്ന് ആരോപണം. എന്നാൽ, റിപ്പബ്ലിക്കൻമാർക്ക് നിയന്ത്രണമുണ്ടായിരുന്ന സെനറ്റ് 2020 ഫെബ്രുവരിയിൽ ട്രംപിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇപ്പോൾ സെനറ്റിലും ഡെമൊക്രറ്റുകൾക്കു നിയന്ത്രണമുണ്ട്. ഒരു വിഭാഗം റിപ്പബ്ലിക്കൻമാർ ട്രംപിന് എതിരുമാണ്.
പാർലമെന്റിലെ മൂന്നു പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനെതിരേ വോട്ടു ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയിലെ പാർട്ടിയുടെ മൂന്നാമത്തെ പ്രമുഖ നേതാവ് ലിസ് ചെനിയാണ് ഇവരിലൊരാൾ. ഒരു അമെരിക്കൻ പ്രസിഡന്റും ട്രംപിനെപ്പോലെ ഭരണഘടനാ വിരുദ്ധമായി പെരുമാറിയിട്ടില്ലെന്ന് ലിസ് ചെനി കുറ്റപ്പെടുത്തി. ജനങ്ങളെ വിളിച്ചുവരുത്തി പാർലമെന്റ് ആക്രമിക്കാൻ അവസരമുണ്ടാക്കുകയായിരുന്നു. അക്രമം ഉടനടി അവസാനിപ്പിക്കാനും ട്രംപ് ഒന്നും ചെയ്തില്ല- ചെനി കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ ആദം കിൻസിങ്ങർ, ജോൺ കാറ്റ്കോ എന്നിവരും ട്രംപിനെതിരേ വോട്ടു ചെയ്യുമെന്നു വ്യക്തമാക്കി.
435 അംഗ ജനപ്രതിനിധി സഭയിൽ ഡെമൊക്രറ്റിക് പാർട്ടിക്ക് 222 അംഗങ്ങളാണുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 211. രണ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഡസനിലേറെ റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനെതിരേ വോട്ടുചെയ്യുമെന്നാണു സൂചനകൾ. സഭ ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയം അംഗീകരിച്ചു കഴിഞ്ഞാൽ സെനറ്റ് എന്തു നിലപാട് സ്വീകരിക്കുമെന്നതാണു നിർണായകമാവുക.
ഇപ്പോഴത്തെ നിലയിൽ ജനുവരി 20ന് ജോ ബൈഡൻ സ്ഥാനമേൽക്കും മുൻപ് സെനറ്റിൽ നടപടികൾ പൂർത്തിയാവില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനുവരി 19നാണ് ഇപ്പോൾ സെനറ്റ് ചേരാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിറ്റേന്നാണ് ബൈഡൻ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നതും. കാലാവധി കഴിഞ്ഞാലും ട്രംപിനെതിരായ വിചാരണ സെനറ്റിനു തുടരാം. വീണ്ടും അധികാരസ്ഥാനങ്ങളിലെത്തുന്നത് ഇതുവഴി തടയാം. എന്നാൽ, ഇതു ഭരണഘടനാപരമായ തർക്കങ്ങൾക്കു വഴിയൊരുക്കാനും സാധ്യത.