പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
തിരുവല്ല: ഡോ. ജോൺ സാമുവലിന്റെ നിയമനത്തിലൂടെ സമൂഹത്തിലേക്കൊരു പാലമിടാനാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത്. ചിന്തകനും ബുദ്ധിജീവിയും സാമൂഹിക പ്രവർത്തകനുമായ ജോൺ സാമുവലിനെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നയരൂപീകരണ സമിതിയുടെ തലവനായാണ് നിയമിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം കോൺഗ്രസിലെ മുൻ നിര നേതാക്കൾ കൂട്ടായി എടുത്ത തീരുമാനമാണ് ജെ എസ് അടൂർ എന്ന പേരിൽ അറിയപ്പെടുന്ന ജോൺ സാമുവലിന്റെ നിയമനം. ഇടതു സഹയാത്രികനായി അറിയപ്പെട്ടിരുന്ന ജോൺ സാമുവൽ കോൺഗ്രസ് പ്രസ്ഥാനവുമായി ഒരു ബന്ധവുമുള്ള വ്യക്തിയല്ലെന്നതാണ് യാഥാർത്ഥ്യം. ഇടതു പക്ഷത്തേതടക്കം എല്ലാ പാർട്ടികളിലുമുള്ള പ്രമുഖ നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്.
ദേശീയ അന്തർദ്ദേശീയ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളും അനുഭവ സമ്പത്തും പാർട്ടിക്ക് തെരഞ്ഞെടുപ്പു വർഷത്തിൽ മുതൽക്കൂട്ടാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. ജനഹിതത്തിന് അനുയോജ്യമായ നയങ്ങൾ ആവിഷ്ക്കരിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടമെങ്കിലും കാഴ്ച്ച വെയ്ക്കാൻ യു ഡി എഫിനു കഴിയൂ എന്ന തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.
കോൺഗ്രസിന്റെ നയങ്ങൾ താഴേ തട്ടിലെ പ്രവർത്തകരിലും അനുഭാവികളിലും എത്തിക്കുന്നതിൽ നിലവിലെ സംഘടനാ സംവിധാനം പരാജയപ്പെട്ടു എന്നൊരു കുറ്റസമ്മതം കൂടി ഈ തീരുമാനത്തിൽ നിഴലിക്കുന്നുണ്ട്. അടൂർ കടമ്പനാട് സ്വദേശിയായ ജോൺ സാമുവൽ ഐക്യരാഷ്ട്ര സഭയുടെ വികസന വിഭാഗത്തിൽ ആഗോള ഗവർണൻസ് വിഭാഗം തലവനായിരുന്നു. ദേശീയ പ്ലാനിംഗ് കമ്മീഷനിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
പറക്കോട് കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലെൻസ് ആന്റ് സസ്റ്റൈനബിൾ ഡവലപ്മന്റ്, കടമ്പനാട്ടെ ബോധിഗ്രാം എന്നീ പ്രസ്ഥാനങ്ങളിലൂടെ സമൂഹത്തിൽ നിരന്തമായ ഇടപെടലുകൾ അദ്ദേഹം നടത്തുന്നുണ്ട്. 2018-ലെ വെള്ളപ്പൊക്കത്തിൽ ആയിരങ്ങൾക്ക് സഹായമെത്തിക്കുന്നതിന് നേരിട്ട് നേതൃത്വം നൽകി.
ദേശീയ ഏകതാ പരിഷത്തിന്റെ ഭാഗമായും പ്രവർത്തിക്കുന്നു. ഭൂരഹിത കേരളം എന്ന യു. ഡി. എഫ് സർക്കാർ പരിപാടിയുടെ പ്രചോദനം അദ്ദേഹമായിരുന്നു. രമ്യാ ഹരിദാസിന്റെ സ്ഥാനാർത്ഥിത്തത്തിലും ചിട്ടയായ പ്രവർത്തനത്തിലൂടെ നേടിയ തിളക്കമാർന്ന വിജയത്തിനും പിന്നിൽ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിദ്ധ്യമുണ്ടായിരുന്നു.
യു ഡി എഫ് കുത്തകയായിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം, പ്രത്യേകിച്ച് മദ്ധ്യ കേരളത്തിൽ, സി പി എം-ന് അനുകൂലമായി ഏകോപ്പിക്കുന്നു എന്ന ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ജോൺ സാമുവലിനെ പ്രധാന സ്ഥാനത്ത് നിയമിക്കുന്നതെന്നും ശ്രദ്ധേയമാണ്.
യു. ഡി. എഫ് പതിവായി വിജയിച്ചു വന്നിരുന്ന പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, അടൂർ, പന്തളം, ആറന്മുള, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, മാവേലിക്കര തുടങ്ങി ഒട്ടേറെ സീറ്റുകളിൽ ആവർത്തിച്ചുള്ള യു. ഡി. എഫ് പരാജയം ന്യൂനപക്ഷ വോട്ടുകളുടെ മാറ്റം മറിച്ചിലിന്റെ പ്രതിഫലനമാണെന്ന് നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ട്.
പി ജെ കുര്യനിൽ ആരംഭിച്ച് പി ജെ കുര്യനിൽ അവസാനിക്കുന്ന മാർത്തോമ്മാ പ്രാധിനിത്യവും ഉമ്മൻചാണ്ടിയിൽ ആരംഭിച്ച് ഉമ്മൻചാണ്ടിയിൽ തന്നെ അവസാനിക്കുന്ന ഓർത്തഡോക്സ് പ്രാധിനിത്യവും ഈ വിഭാഗങ്ങൾ മാനസികമായി യു. ഡി. എഫിൽ നിന്ന് അകലാൻ ഇടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.
കത്തോലിക്ക ഇതര ക്രിസ്ത്യൻ വിഭാഗങ്ങളോട് യു. ഡി. എഫ് നേതൃത്വം പുറം തിരിഞ്ഞു നിൽക്കുകയാണെന്ന ആക്ഷേപം ശക്തിപ്പെടുവാൻ പൂഞ്ഞാറുകാരനായ ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ ലോക്സഭാ സ്ഥാനാർത്ഥിത്വം സഹായിച്ചു എന്ന പരാതിയും കണ്ടില്ലെന്നു നടിക്കാനാവില്ല.
കല്ലൂപ്പാറ, പത്തനംതിട്ട എന്നീ രണ്ടു നിയമസഭാ സീറ്റുകൾ ഇല്ലാതായപ്പോൾ അനുബന്ധ മണ്ഡലങ്ങളായി വന്ന ആറന്മുളയുടെയും തിരുവല്ലയുടേയും ആന്തരിക സ്വഭാവം മനസിലാക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച്ചയുണ്ടായി എന്നും വിലയിരുത്തുന്നു.
പെന്തക്കോസ്ത് വിഭാഗങ്ങൾ ശക്തമായ പത്തനംതിട്ട ജില്ലയിൽ ആ വിഭാഗം ഏതാണ്ട് പൂർണ്ണമായും ഇടതു അനുഭാവികളായി മാറിയെന്ന വികാരവും ശക്തമാണ്. പെന്തക്കോസ്ത് വിഭാഗക്കാരനായ ജോൺ സാമുവലിന്റെ നിയമനത്തിലൂടെ നഷ്ടപെട്ട സ്വാധീനം കുറേയെങ്കിലും തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
യു. ഡി. എഫിൽ വർദ്ധിച്ചു വരുന്ന മുസ്ലീം സ്വാധീനത്തെ ആശങ്കയോടെ കാണുന്ന വലിയ വിഭാഗം ക്രിസ്ത്യാനികളുണ്ട്. സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ നേടുന്ന സ്വാധീനം, ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങൾ തട്ടിയെടുക്കുന്നതിനായി മുസ്ലീം രാഷ്ട്രീയ നേതാക്കൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന പരാതി ഏതാണ്ട് എല്ലാ സഭകൾക്കുമുണ്ട്.
മന്ത്രി കെ. ടി. ജലീലിനെതിരേ ഇത്തരമൊരു ആക്ഷേപം കേരളത്തിലെ കത്തോലിക്ക ഇതര ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി. സി) പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ജിഹാദി രാഷ്ട്രീയത്തെ ഒരു തരത്തിലും പ്രോൽസാഹിപ്പിക്കില്ലെന്ന് കത്തോലിക്കാ സഭയും പരസ്യ നിലപാടെടുത്തിട്ടുണ്ട്. ഈ നിലപാടുകൾ ഭരണം തിരിച്ചു പിടിക്കാനുള്ള യു. ഡി. എഫ്. ശ്രമത്തെ ബാധിക്കുമെന്നതിനാൽ ഈ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ഉത്തരവാദിത്വവും ജോൺ സാമുവൽ അദ്ധ്യക്ഷനായ സമിതിക്കായിരിക്കും.
നേതാക്കന്മാരുടെ മഹാ സമ്മേളനമായ കോൺഗ്രസിൽ ഉൾപ്പാർട്ടി സ്വീകാര്യത നേടിയെടുക്കുക എന്നത് ജെ എസിന് ശ്രമകരമായിരിക്കും. അദ്ദേഹത്തെ അറിയാത്ത ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയണം. ഗ്രൂപ്പുകളുടെ കോൺഫെഡറേഷനായ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തണമെന്നതാണ് മറ്റൊരു വെല്ലുവിളി. ഈ വെല്ലുവിളികളെ എല്ലാം അതിജീവിക്കുവാനുള്ള സമയം അദ്ദേഹത്തിനു മുന്നിലില്ല എന്നതും അവഗണിക്കാനാവില്ല.