അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:17 January 2021
കോട്ടയം: ബജറ്റിൽ ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഇ-വാഹനങ്ങളുടെ പ്രധാന വിപണിയായി കേരളത്തെ മാറ്റും. വിവിധ കമ്പനികൾ ബജറ്റിനു ശേഷം തങ്ങളുടെ സർവെ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്ത് ആദ്യമായി ഇ-വാഹന നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇ-വാഹനങ്ങൾക്ക് ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. ഇതിന് പ്രത്യേകം ഈട് നൽകേണ്ടതില്ല. കെഎസ്എഫ്ഇ നൽകുന്ന വായ്പ വാഹന ഈടിന്മേൽ തന്നെയാകും ലഭിക്കുക. ഇതിനുപുറമെ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശ ഓഫറുകളുമായി രംഗത്തുണ്ട്.
സംസ്ഥാനത്ത് ഇ-വാഹനങ്ങൾക്ക് ആദ്യത്തെ അഞ്ച് വർഷം മോട്ടോർ വാഹന നികുതിയിൽ 50 ശതമാനം ഇളവും അനുവദിക്കുന്നുണ്ട്. പുതിയ ബജറ്റ് നിർദേശത്തോടെ ഇക്കോണമി വിഭാഗത്തിലുള്ള ഇ-വാഹനങ്ങൾക്കാണ് സംസ്ഥാനത്ത് കൂടുതൽ ആവശ്യക്കാരുണ്ടാവുക എന്നാണ് വിലയിരുത്തൽ. നിലവിൽ ടാറ്റ മോട്ടോഴ്സിന്റെ നെക്സൺ ഇലക്ട്രിക്കൽ മോഡലാണ് ജനകീയ ബ്രാൻഡായി വിപണിയിലുള്ളത്. 14 ലക്ഷം രൂപ തുടക്കവിലയുള്ള വാഹനത്തിന് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്. നിലവിൽ ഉപയോഗിക്കുന്ന കാർ എക്സേഞ്ച് ചെയ്ത് കിട്ടുന്ന പണവും ബാക്കി ഏഴ് ശതമാനം പലിശയ്ക്ക് വായ്പയും എടുത്താൽ മാസം വരുന്ന വലിയ ഇന്ധന ബില്ല് ഒഴിവാക്കാം. ഈ തുക ഇഎംഐ ആയി അടച്ചാൽ കാർ സ്വന്തമാകും എന്നതാണ് സ്ഥിതി.
പല സ്ഥാപനങ്ങളും വാഹന കമ്പനികളും കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ 236 എണ്ണം ബജറ്റിൽ ലക്ഷ്യമിടുന്നുമുണ്ട്. ഒറ്റ ചാർജിൽ 312 കിലോമീറ്ററാണ് നെക്സൺ വാഗ്ദാനം ചെയ്യുന്നത്. എട്ട് മണിക്കൂറാണ് സാധാരണ ചാർജിങ് സമയം. മറ്റ് കമ്പനികളുടെ വാഹനങ്ങളും വിപണിയിൽ ലഭ്യമാണ്. ചാർജിങ് സ്റ്റേഷനുകളിൽ ഇത് ഒരു മണിക്കൂർ മതിയാകും. വീടുകളിൽ സൗജന്യ ചാർജിങ് സ്റ്റേഷൻ കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി പല സംസ്ഥാനങ്ങളും പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മുൻനിരയിലാണ് കേരളം.
ഇ-നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കെൽ
കോട്ടയം: ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ നിർമാണം തുടങ്ങുകയാണ് കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡ് (കെൽ). 60 കിലോവാട്ട് അതിവേഗ ഡിസി ചാർജറുകളും 22 കിലോവാട്ട്, 75കിലോ വാട്ടുകളിലെ ടൈപ്പ് 2 എസി ചാർജറുകളും 2.2 കിലോവാട്ട് പോർട്ടബിൾ ചാർജറുകളുമാണ് ആദ്യഘട്ടത്തിൽ ഉത്പാദിപ്പിക്കുക.
അതിവേഗ ഡിസി ചാർജർ ഉപയോഗിച്ച് പുതുതലമറ ഇലക്ട്രിക് വാഹനങ്ങൾ അരമണിക്കൂർ കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാം. 22 ലക്ഷം രൂപയാണ് ഇതിന്റെ നിർമാണ ചെലവ്. ടൈപ്പ് 2 എസി ചാർജറിന് എട്ട് ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആദ്യസംരംഭമെന്ന നിലയിൽ കെല്ലിന്റെ മാമല യൂണിറ്റിൽ മോഡൽ ഇ-ചാർജിങ് സ്റ്റേഷൻ ഉടൻ പ്രവർത്തനം തുടങ്ങും. 65 ലക്ഷം രൂപയ്ക്കാണ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കുന്നത്. ആവശ്യക്കാർക്ക് ആവശ്യാനുസരണം ടേൺകീ അടിസ്ഥാനത്തിൽ കെൽ ചാർജിങ് സ്റ്റേഷൻ നിർമിച്ച് നൽകും.