അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:20 January 2021
ന്യൂഡൽഹി: പരുക്കിനെയും ഓസീസ് ബൗളിങ്ങിനെയും അതിജീവിച്ച് ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫി സ്വന്തമാക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ നന്ദിയും അഭിനന്ദനവും ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വൻമതിൽ രാഹുൽ ദ്രാവിഡിന്. ഏതു സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാക്കി യുവനിരയെ വളർത്തിയെടുത്ത ദ്രാവിഡാണ് ഈ വിജയത്തിന്റെ യഥാർഥ അവകാശിയെന്ന് വിലയിരുത്തുന്നു ആരാധകർ.
ഹനുമ വിഹാരി, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, ടി. നടരാജൻ തുടങ്ങി ഓസ്ട്രേലിയയിൽ ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ച പുതുതലമുറ കളിക്കാർക്കെല്ലാം സാങ്കേതിക അടിത്തറയും മത്സര പരിചയവും ഉറപ്പാക്കിയത് ജൂനിയർ തലത്തിൽ പരിശീലനം നിർവഹിക്കവെ രാഹുൽ ദ്രാവിഡായിരുന്നു.
മുൻ സിഎജി വിനോദ് റായി ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ സമിതി അധ്യക്ഷനായിരിക്കെയാണ് പരിശീലനത്തിൽ ദ്രാവിഡിന്റെ മികവ് തിരിച്ചറിഞ്ഞതും അണ്ടർ 19 ടീമിന്റെ പരിശീലകനായി നിയമിച്ചതും. പിന്നീടു ദേശീയ ടീമിന്റെ പരിശീലകനായും ദ്രാവിഡിനെ പരിഗണിച്ചെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വിനോദ് റായ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ അധ്യക്ഷ സ്ഥാനമാണു ദ്രാവിഡ് തെരഞ്ഞെടുത്തത്.
"" ഞങ്ങൾ ദ്രാവിഡിനോടു സംസാരിച്ചിരുന്നു. അദ്ദേഹം അപ്പോൾ അണ്ടർ 19 ടീമിനൊപ്പമായിരുന്നു. ഒരു ടീമിനെ എങ്ങനെ വളർത്തിയെടുക്കണമെന്നതിന്റെ രൂപരേഖ തയാറാക്കിയിരുന്നു ദ്രാവിഡ്. അദ്ദേഹത്തിന്റെ ശിക്ഷണം മികച്ച ഫലമുണ്ടാക്കുകയും ചെയ്തു. ജൂനിയർ തലത്തിൽ കുറേ കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ടെന്നും ഇപ്പോൾ സീനിയർ തലത്തിലേക്കില്ലെന്നുമാണ് അന്നു ദ്രാവിഡ് പറഞ്ഞത്''-വിനോദ് റായ് പറഞ്ഞു.
അടിസ്ഥാന കഴിവുകൾ എങ്ങനെ പോഷിപ്പിക്കണമെന്നതിന്റെ പ്രാധാന്യം യുവ ക്രിക്കറ്റർമാരിൽ വളർത്തിയെടുത്തുവെന്നതാണ് ദ്രാവിഡിന്റെ പരിശീലനത്തിലെ പ്രധാന നേട്ടമെന്നു വിലയിരുത്തുന്നു ക്രിക്കറ്റ് ലോകം. ഗിൽ, വിഹാരി, അഗർവാൾ തുടങ്ങിയവർക്ക് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വേഗം കൂടി പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്നത് സാങ്കേതിക മികവിൽ രാജ്യം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായ ദ്രാവിഡിൽ നിന്ന് മനസിലാക്കാനായി.
"" താൻ വളർത്തിയെടുത്ത ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പ്രകടനത്തിൽ രാഹുൽ ദ്രാവിഡ് അഭിമാനിക്കണം. അതാണ് ഇന്ത്യയുടെ അടിത്തറയ്ക്ക് ഉറപ്പ് നൽകിയത്. രാഹുൽ ദ്രാവിഡിന് നന്ദി പറയാൻ ഒരു നിമിഷം മാറ്റിവയ്ക്കണം ഇന്ത്യൻ ക്രിക്കറ്റ് ലോകം. അദ്ദേഹം അത് അർഹിക്കുന്നുണ്ട്''- ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.
""ആഘോഷങ്ങളിൽ നിന്നെല്ലാം അകന്നു മാറി ബംഗളൂരുവിലെ ഏതോ ഒരു മുറിയിലിരുന്ന രാഹുൽ ദ്രാവിഡ് എല്ലാം കാണുന്നുണ്ടായിരിക്കണം. പ്രശംസകളും പുകഴ്ത്തലുകളുമൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം തീർത്തും നിസംഗമായ തന്റെ ജോലിയിലേക്കു മടങ്ങിയിട്ടുമുണ്ടാകും''- മറ്റൊരു ആരാധകൻ കുറിച്ചു.
ഇന്ത്യയുടെ സൈഡ് ബെഞ്ചിന് ഇത്രയും കരുത്തു നൽകിയ രാഹുൽ ദ്രാവിഡാണ് യഥാർഥ മാൻ ഒഫ് ദ സീരീസ് എന്നാണു മറ്റൊരാളുടെ അഭിപ്രായം. ഈ ചരിത്ര വിജയത്തിനു ദ്രാവിഡ് നൽകിയ സംഭാവനയിൽ എക്കാലവും നന്ദിയുണ്ടായിരിക്കണമെന്നും വിരാട് കോഹ്ലിക്കു ശേഷം ഇനിയാര് എന്ന് ആരുമിനി അദ്ഭുതപ്പെടില്ലെന്നും മറ്റൊരാൾ കുറിച്ചു.