Published:25 January 2021
രാജ്യം കണ്ട ഏറ്റവും സംഘർഷനിർഭരമായ റിപ്പബ്ലിക് ദിനാഘോഷമാണ് നാളെ ഡൽഹിയിൽ നടക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഇന്നുവരെ കണ്ടതിൽ നിന്നെല്ലാം ലളിതമായി തിളക്കം കുറഞ്ഞ ആഘോഷത്തിന് സർക്കാർ തയാറെടുക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രാക്റ്റർ പരേഡിന് സമരമുഖത്തുള്ള കർഷക സംഘടനകൾ ഒരുങ്ങിയിരിക്കുന്നു. റിപ്പബ്ലിക് പരേഡ് രാവിലെ ഡൽഹിയുടെ സിരാകേന്ദ്രത്തിൽ നടക്കുമ്പോൾ ഉച്ചയ്ക്കു ശേഷമാണ് ഡൽഹിയിലെ ഉപറോഡുകളിലൂടെ നൂറു കിലോ മീറ്റർ ദൈർഘ്യമുള്ള ട്രാക്റ്റർ പരേഡ്. ദിവസത്തിന്റെ പ്രത്യേകതയും പ്രക്ഷോഭത്തിന്റെ സ്വഭാവവും കണക്കിലെടുത്ത് ഇത്തവണ വിദേശത്തുനിന്ന് വലിയ മാധ്യമസംഘം തന്നെ എത്തിയിരിക്കുന്നു. കർഷക സമരത്തിന് അപ്പുറത്തുള്ള ലക്ഷ്യങ്ങൾ ആർക്കും ഒറ്റനോട്ടത്തിൽ ബോധ്യമാണ്. വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ട്രാക്റ്റർ റാലിയെ കാണുന്നവരുമുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മനഃപൂർവമായ ശ്രമങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നതിൽ തർക്കമില്ല.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേയുള്ള പ്രക്ഷോഭം അറുപതു ദിവസം പിന്നിടുകയാണ്. രണ്ടുമാസക്കാലവും തങ്ങളുടെ ആവശ്യങ്ങളോടു മുഖംതിരിച്ച കേന്ദ്ര സർക്കാരിനോടു വിട്ടുവീഴ്ച വേണ്ടെന്നാണ് കർഷക സംഘടനകളുടെ സമീപനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കർഷക സമരത്തോട് അനുഭാവം പ്രകടപ്പിച്ചു നടന്നുകൊണ്ടിരിക്കുന്ന ഐക്യദാർഢ്യ പ്രകടനങ്ങളും സമരവീര്യം ജ്വലിപ്പിച്ചു നിർത്തുന്നതിനു സഹായകമായിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ട്രാക്റ്റർ പരേഡ് നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകിയതായി കർഷക യൂണിയൻ നേതാക്കളാണ് അറിയിച്ചത്. ഡൽഹിയുടെ ഘാസിപ്പുർ, സിങ്കു, തിക്രി അതിർത്തി പോയിന്റുകളിൽ നിന്ന് ആരംഭിക്കുന്ന ട്രാക്റ്റർ പരേഡിൽ ഏതാണ്ട് രണ്ടു ലക്ഷം കർഷകർ ഒരു ലക്ഷത്തിലേറെ ട്രാക്റ്ററുകളുമായി പങ്കെടുക്കുമെന്നാണ് അവർ പറയുന്നത്. പരേഡിന്റെ റൂട്ടും ദൈർഘ്യവും മറ്റും നിശ്ചയിക്കുന്നതിനു പൊലീസുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
കർഷകരുടെ പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരുണ്ടെന്നു പറഞ്ഞാണ് കേന്ദ്ര സർക്കാർ അവരുടെ ആവശ്യങ്ങൾക്കു വേണ്ടത്ര പരിഗണന നൽകാത്തത്. നാൽപ്പതിലേറെ കർഷക സംഘടനകൾ അണിനിരക്കുകയും രാജ്യമെങ്ങും അവർക്കുവേണ്ടി ശബ്ദമുയരുകയും ചെയ്തിട്ടും എൻഡിഎ സർക്കാർ വഴങ്ങിയിരുന്നില്ല. ബില്ലുകൾ യഥാർഥ കർഷകർക്ക് അനുകൂലമാണെന്നും കർഷകർക്കു പരമാവധി ഇളവുകൾ നൽകിയിട്ടുണ്ടെന്നുമാണ് സർക്കാർ നിലപാട്. പ്രശ്നം സുപ്രീം കോടതിയുടെ മുന്നിലേക്കു വിടാൻ സർക്കാർ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. സർക്കാരും പൊലീസും തങ്ങൾക്കുള്ള അധികാരവും ചുമതലയും കോടതിയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്നാണു നീതിപീഠം ഓർമിപ്പിച്ചത്. സുപ്രീം കോടതി ചർച്ചകൾക്കായി സമിതിയെ നിശ്ചയിക്കുകയും ആ മൂന്നംഗ സമിതി സംസ്ഥാനങ്ങളുമായും സംഘടനകളുമായും ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടും കർഷക സമരത്തിനു ശക്തി കുറഞ്ഞിട്ടില്ലെന്നതും കാണേണ്ടതുണ്ട്.
ട്രാക്റ്റർ പരേഡ് സമാധാനപരമായി നടത്തുമെന്നാണു കർഷക സംഘടനകൾ പറയുന്നതെങ്കിലും അതിന്റെ മറവിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമമുണ്ടാകുമെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കർഷകരുടെ വിയോജിപ്പിനും സമരത്തിനുമുള്ള അവകാശം രാജ്യത്തുണ്ടെന്നും പ്രശ്നം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സർക്കാരിനുണ്ടെന്നും ലോകത്തെ ബോധ്യപ്പെടുത്തുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണ്. ഒന്നര വർഷത്തേക്ക് മൂന്നു ബില്ലുകളും മരവിപ്പിക്കാമെന്നു സമ്മതിച്ച് കർഷകർക്ക് തങ്ങൾ പരമാവധി വഴങ്ങിക്കൊടുത്തെന്നും കേന്ദ്ര സർക്കാരിനു വാദിക്കാം. എന്നാൽ, ബില്ലുകൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുന്നു. ശിരോമണി അകാലി ദൾ എൻഡിഎ വിടുന്നതു തടയാൻ ശ്രമിക്കാതിരുന്ന അമിത വിശ്വാസത്തിനു ബിജെപിക്കു ലഭിച്ച തിരിച്ചടിയാണു പഞ്ചാബിൽ കണ്ടത്. പഞ്ചാബിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനവും നിർണായകമായി.
കർഷകരെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതെ പരിഷ്കരണങ്ങളുമായി മുന്നോട്ടുപോയതാണു തുടക്കം മുതൽ കേന്ദ്ര സർക്കാരിനും നയിക്കുന്ന പാർട്ടിക്കുമുണ്ടായ പാളിച്ച. മറ്റു പല സംസ്ഥാനങ്ങളെയും കൈകാര്യം ചെയ്യുന്നതുപോലെ പഞ്ചാബിനെയും നേരിടാമെന്ന അവരുടെ ധാരണയും പിഴച്ചു. സ്വച്ഛ് ഭാരത് പരിപാടിയും കൊവിഡ് പ്രതിരോധ പരിപാടിയും നൽകിയ ജനസമ്മതി പതിന്മടങ്ങു വർധിപ്പിക്കുന്നതിനു കൊണ്ടുവന്ന പരിഷ്കരണ നടപടിയാണു കാർഷിക ബില്ലുകൾ. അവയ്ക്കെതിരേയുള്ള കർഷക പ്രക്ഷോഭത്തിനു പിന്നിൽ ഖാലിസ്ഥാൻ വാദികളുണ്ടെന്ന് ആരോപിച്ച് ദേശീയ വികാരം ജ്വലിപ്പിക്കാനുള്ള ശ്രമങ്ങളും വിലപ്പോകുന്നില്ല. നരേന്ദ്ര മോദി ഇപ്പോൾ നേരിടുന്നത് കർഷകരുടെ രോഷം മാത്രമല്ല; രാഷ്ട്രീയമായ എതിർപ്പു കൂടിയാണ്. അതുകൊണ്ടു തന്നെയാണ് ഈ റിപ്പബ്ലിക് ദിനം നിർണായകമാകുന്നത്.