28
February 2021 - 12:36 pm IST

Download Our Mobile App

Travel

kava

കവ വേറെ ലെവലാണ്...

Published:31 January 2021

# ഹിമ പ്രകാശ്

സ്വദേശികളും മറ്റിടങ്ങളിൽ നിന്നുമൊക്കെയായി നിരവധി സഞ്ചാരികളാണ് കവ തേടിയെത്തുന്നത്. മാത്രമല്ല നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെയൊക്കെ സ്ഥിരം ലൊക്കേഷൻ കൂടിയാണ് ഈ പ്രദേശം. പാലക്കാടെത്തുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ധൈര്യമായി കവയേയും ഉൾപ്പെടുത്താം.

കാടും മലയും കുന്നിൻചരിവുകളും പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും പുഴകളും കരിമ്പനക്കൂട്ടങ്ങളുമൊക്കെ പാലക്കാടെത്തുന്ന ഏതൊരു സഞ്ചാരിയേയും ഹരം കൊള്ളിക്കുന്നവയാണ്. എവിടെ നിന്ന് എങ്ങനെ നോക്കിയാലും പാലക്കാടൻ കാഴ്ചകൾ വർണിക്കാനാകാത്തത്ര സുന്ദരമാണ്. മലമ്പുഴ ഡാമും യക്ഷിയും നെല്ലിയാമ്പതിയും പഴമയും പാരമ്പര്യവും വിളിച്ചോതുന്ന മനകളും ഒക്കെയായി അനേകം കാഴ്ചകൾ പാലക്കാടുണ്ട്.

എന്നാൽ ഇതിൽ നിന്ന് അല്പം വ്യത്യസ്തമായി മറ്റൊരു സൗന്ദര്യം കൂടിയുണ്ട് പാലക്കാടിന്. കാറ്റിനോട് കുശലം പറഞ്ഞ് ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന കരിമ്പനകളും ഡാമിലേക്ക് മുങ്ങിത്താഴാനൊരുങ്ങുന്ന അസ്തമയ സൂര്യനുമെല്ലാം ചേർന്ന കവ.

കരിമ്പനകൾ കാട്ടി മോഹിപ്പിക്കുന്ന കവ...

പാലക്കാട് ജില്ലയിലെ കവ എന്ന കൊച്ചുഗ്രാമത്തിലെ കാഴ്ചകൾ കണ്ണെത്താ ദൂരത്തോളം അങ്ങനെ വിശാലമായി കിടക്കുകയാണ്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒട്ടേറെ വിസ്മയങ്ങളാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നത്. മലമ്പുഴ ഉദ്യാനത്തിന് അടുത്ത് വനം വകുപ്പിന്‍റെ അധീനതയിലുള്ള പ്രദേശമാണ് ഇത്. വലിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ കാട്ടിലൂടെയാണ് കവയിലേക്കുള്ള യാത്ര.

ഏകദേശം വൈകുന്നേരത്തോടെയാണ് ഞങ്ങൾ കവയിലെത്തുന്നതെങ്കിലും ചൂടിന് ഒരു കുറവുമില്ലായിരുന്നു. എങ്കിലും കവയുടെ വശ്യസൗന്ദര്യം ഞങ്ങളെ അവിടേക്ക് ആകർഷിച്ചു കൊണ്ടേയിരുന്നു. കവയിലെത്തിയപ്പോൾ തന്നെ കന്മദത്തിലെ വിശ്വനാഥന്‍റെ മഞ്ഞക്കിളിയുടെ മൂളി പാട്ടും മൃഗയയിലെ വാറുണ്ണിയും ഒടിയൻ മാണിക്യനുമൊക്കെ ഞങ്ങളുടെ മനസിലും നാവുകളിലുമൊക്കെ ഉയർന്നുപൊങ്ങി തുടങ്ങിയിരുന്നു.

മനം മടുപ്പിക്കുന്ന തിരക്കുകളുടേയും ടെൻഷന്‍റെയുമൊക്കെ ഭാണ്ഡക്കെട്ട് അഴിച്ചുവച്ച് എല്ലാം മറന്ന് സ്വസ്ഥമായി ഇരിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും പറ്റിയിടമാണ് ഇവിടം. പശ്ചിമഘട്ട പർവതനിരകളുടെ താഴെ കുഞ്ഞോളങ്ങളെ തഴുകി പുഴ അങ്ങനെ ഒഴുകുകയാണ്.

ഇടയ്ക്കിടെ ചെറിയ തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ടേ ഇരുന്നു. കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലൂടെ പാറക്കൂട്ടങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. കവയിലേക്കെത്തുന്നതിന് മുൻപു തന്നെ കാണാം തലയെടുപ്പോടെ നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങളെ. കഥകളിലൂടെയും കവിതകളിലൂടെയും മാത്രമറിഞ്ഞ ഒരു നാടിന്‍റെ തന്നെ അഭിമാന സ്തംഭമായ കരിമ്പനകളുടെ നിൽപ്പു കാണാൻ തന്നെ അതിമനോഹരമാണ്.

കവയിലെ സൂര്യാസ്തമയത്തിന് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്. കരിമ്പനകളുടെ ചുവട്ടിലിരുന്ന് ചെമ്മാനവും സൂര്യൻ പതിയെ ഡാമിന്‍റെ അകത്തളങ്ങളിൽ ഒളിക്കുന്നതും സൂര്യവെളിച്ചത്താൽ ജലാശയം ചുവക്കുന്നതുമൊക്കെ നോക്കിയിരിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ചെറുതൊന്നുമല്ല. മലമ്പുഴ തടാകത്തിന്‍റെ തുടക്കം കവയിൽ നിന്നാണ്.

സ്വദേശികളും മറ്റിടങ്ങളിൽ നിന്നുമൊക്കെയായി നിരവധി സഞ്ചാരികളാണ് കവ തേടിയെത്തുന്നത്. മാത്രമല്ല നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെയൊക്കെ സ്ഥിരം ലൊക്കേഷൻ കൂടിയാണ് ഈ പ്രദേശം. പാലക്കാടെത്തുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ധൈര്യമായി കവയേയും ഉൾപ്പെടുത്താം. 

എത്തിച്ചേരാൻ...

മലമ്പുഴ ഡാം ചുറ്റി പോകുന്ന മലമ്പുഴ ആനക്കല്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കവയെത്തി. 
മലമ്പുഴ-ആനക്കൽ-കവ


വാർത്തകൾ

Sign up for Newslettertop