അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:20 February 2021
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും നാളെ നടക്കും. ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളുന്ന ഏഴരപ്പൊന്നാന ദർശനത്തിനായും കാണിക്കയർപ്പിക്കുന്നതിനുമായി ഭക്തർ ക്ഷേത്രസന്നിധിയിലെത്തും. പതിവ് തെറ്റിച്ചുകൊണ്ട് രാത്രി ഒമ്പതുമണിക്കാണ് ഇത്തവണ ഏഴരപ്പൊന്നാന ദർശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ കർശനനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 5000 പേർക്ക് മാത്രമാണ് ദർശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുമുണ്ട്. ദർശനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
രാവിലെയും വൈകിട്ടുമായി നാലായിരം ഭക്തരെയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. നാളെ അയ്യായിരം ആക്കിയിട്ടുണ്ട്. അമ്പത് പേരടങ്ങുന്ന ചെറു സംഘങ്ങളാക്കിയാണ് ഭക്തരെ മതിൽക്കകത്തേക്ക് പ്രവേശിപ്പിക്കുന്നത്. പ്രധാന ഗോപുര വാതിലിൽ നിന്ന് നേരെ ആസ്ഥാനമണ്ഡപത്തിന് മുന്നിലെത്തി നടത്തിയ ശേഷം കൃഷ്ണ ക്ഷേത്രത്തിന് മുന്നിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം.
ആറാട്ട് ദിവസം രാവിലെ ആറുമുതൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാവും. ഉച്ചയ്ക്ക് 12ന് ആറാട്ട് എഴുന്നള്ളിപ്പ്. ആനക്കൊട്ടിലിൽ പ്രത്യോകം അലങ്കരിച്ച മണ്ഡപത്തിൽ 12 മുതൽ വൈകിട്ട് 5 വരെ ആറാട്ട് ദർശനം നടക്കും. ഈ സമയം ഭക്തർക്ക് പറ, അൻപൊലി വഴിപാടുകൾ സമർപ്പിക്കാം. വൈകിട്ട് അഞ്ചിന് ആറാട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. ആറാട്ട് കടവിലേക്കുള്ള എഴുന്നള്ളിപ്പ് വഴിയിൽ പറ, അൻപൊലി വഴിപാടുകളോ സംഘം ചേർന്നുള്ള സ്വീകരണ പരിപാടികളോ അനുവദിക്കില്ല.
ഏഴരപ്പൊന്നാന
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിൽ ഇരുവശത്തും ഏഴരപ്പൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പുവെച്ചാണ് വലിയകാണിക്ക. ചെങ്ങന്നൂർ പൊന്നുരുട്ട മഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യകാണിക്ക അർപ്പിക്കും. ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപ്പൊന്നാനയെ സൂക്ഷിച്ചിരിക്കുന്നത്. എട്ടാം ഉത്സവത്തിനും ആറാട്ടിനുംമാത്രമാണ് പുറത്തെടുക്കുന്നത്. ഏഴാം ഉത്സവംമുതൽ കാഴ്ചശ്രീബലിക്കും എതിരേല്പിനും തിടമ്പേറ്റിയ ഗജവീരന്റെ പുറത്ത് പൊന്നിൻകുട ചൂടും. രണ്ടടി ഉയരമുള്ള ഏഴാനകളും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപ്പൊന്നാന എന്നത്. ഏഴരപ്പൊന്നാന അഷ്ടദിഗ്ഗജങ്ങളെ പ്രതിനിധാനംചെയ്യുന്നു.
കാർത്തിക തിരുനാൾ മഹാരാജാവ് 7143 കഴഞ്ച് സ്വർണംകൊണ്ട് നിർമിച്ച ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിൽ നടയ്ക്കുവച്ചതാണെന്നും, എന്നാൽ മാർത്താണ്ഡവർമ മഹാരാജാവ് ഏഴരപ്പൊന്നാനയെ നടയ്ക്കുവച്ചതാണെന്നും രണ്ട് രീതിയിൽ ഐതിഹ്യമുണ്ട്. ചെന്തെങ്ങിൻകുലകളും തളിർവെറ്റിലയും പട്ടും കട്ടിമാലകളുംകൊണ്ടലങ്കരിച്ച ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുമ്പോൾ പ്രപഞ്ചമൂർത്തിയെ വണങ്ങാൻ ദേവന്മാരും ഋഷീശ്വരന്മാരും എത്തുമെന്നാണ് ഭക്തരുടെ വിശ്വാസം.