അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:23 February 2021
വാഷിങ്ടൺ: അമെരിക്കയിൽ കൊവിഡ് ബാധിച്ചു മരിച്ചവർ അഞ്ചു ലക്ഷത്തിലെത്തി. മൂന്നു യുദ്ധങ്ങളിൽ യുഎസിനുണ്ടായ നഷ്ടത്തെക്കാൾ വലതാണിത്. രണ്ടാം ലോകമഹായുദ്ധം, കൊറിയയും വിയറ്റ്നാമുമായുള്ള യുദ്ധങ്ങൾ എന്നിവയിൽ മരിച്ച അമെരിക്കക്കാരുടെ മൊത്തം സംഖ്യ അഞ്ചു ലക്ഷം വരില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 4,05,000 അമെരിക്കക്കാർ രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചെന്നാണു കണക്ക്. വിയറ്റ്നാം യുദ്ധത്തിൽ 58,000 പേരും കൊറിയൻ യുദ്ധത്തിൽ 36,000 പേരുമാണു മരിച്ചത്.
കൊവിഡ് ജീവനെടുത്തവർക്കു വേണ്ടി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിക്കുകയും നിശബ്ദ പ്രാർഥന നടത്തുകയും ചെയ്തു പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത അഞ്ചു ദിവസത്തേക്ക് സർക്കാർ കെട്ടിടങ്ങളിൽ അമെരിക്കൻ പതാക താഴ്ത്തിക്കെട്ടാനും അദ്ദേഹം നിർദേശിച്ചു. യുഎസിലെ മരണസംഖ്യ അഞ്ചു ലക്ഷത്തിലെത്തിയെന്ന ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് ബൈഡൻ പറഞ്ഞു.
വാക്സിൻ വിതരണം പുരോഗമിക്കുന്നുണ്ടെങ്കിലും യുഎസിന് ഇനിയും കൊവിഡ് മരണത്തെ ഭയക്കണമെന്നാണ് വാഷിങ്ടൺ യൂണിവേഴ്സിറ്റി മുന്നോട്ടുവയ്ക്കുന്ന മോഡൽ ചൂണ്ടിക്കാണിക്കുന്നത്. ജൂൺ ഒന്നാകുമ്പോഴേക്കും യുഎസിലെ മരണസംഖ്യ 5.89 ലക്ഷത്തിലെത്തുമെന്നാണ് അവർ കണക്കാക്കുന്നത്. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് അമെരിക്കയിലാണ്. ഏതാണ്ട് ഇരുപതു ശതമാനം. ഏതാണ്ട് 25 ലക്ഷം പേരാണ് ലോകത്താകെ വൈറസ് ബാധിച്ചു മരിച്ചത്. യഥാർഥ കണക്ക് ഇതിലും വലുതാവുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
യുഎസിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2020 ഫെബ്രുവരി ആദ്യമാണ്. ഒരു ലക്ഷത്തിലെത്തിയത് നാലു മാസം കൊണ്ട്. സെപ്റ്റംബറിൽ രണ്ടു ലക്ഷമായി; ഡിസംബറിൽ മൂന്നു ലക്ഷവും. പിന്നീട് ഏതാണ്ട് ഒരു മാസം കൊണ്ട് നാലു ലക്ഷത്തിലും മറ്റൊരു മാസം കൊണ്ട് അഞ്ചു ലക്ഷത്തിലുമെത്തി. കഴിഞ്ഞ മാസം ദിവസം നാലായിരത്തിലേറെ പേർ വരെ യുഎസിൽ വൈറസ് ബാധിച്ചു മരിച്ചിരുന്നു. ഏതാനും ആഴ്ചകളായി അതിൽ ഇടിവു വന്നിട്ടുണ്ട്. ഇപ്പോൾ പ്രതിദിന ശരാശരി 1,900ൽ താഴെയാണ്. എന്നാൽ, ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു. അവധിക്കാലം കഴിഞ്ഞതു കൊണ്ടാണ് കേസുകളും മരണസംഖ്യയും അൽപ്പം കുറഞ്ഞിരിക്കുന്നതെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
ഇതുവരെ 4. 40 കോടിയിലേറെ അമെരിക്കക്കാർ ഒരു ഡോസ് എങ്കിലും കൊവിഡ് വാക്സിൻ എടുത്തുകഴിഞ്ഞു. ഫൈസർ, മോഡേണ വാക്സിനുകളാണ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം വാക്സിനേഷൻ അൽപ്പം മന്ദഗതിയിലായി. വീണ്ടും സജീവമാക്കാനുള്ള ഒരുക്കത്തിലാണു ഭരണകൂടം.