21
April 2021 - 4:37 pm IST

Download Our Mobile App

Flash News
Archives

World

Emigration, Joe Biden, Donald trump

ട്രംപിന്‍റെ കുടിയേറ്റ നയം തിരുത്തി ബൈഡൻ

Published:25 February 2021

കൊവിഡ് പശ്ചാത്തലത്തിൽ അമെരിക്കക്കാരുടെ ജോലിസാധ്യതകൾ കുറയുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ഗ്രീൻ കാർഡുകൾ മരവിപ്പിച്ചിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിയമപരമായ വിധത്തിലുള്ള  കുടിയേറ്റങ്ങൾക്കെല്ലാം ട്രംപ് വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു

സാൻ ഡിയാഗോ: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഗ്രീൻ കാർഡ് വിലക്ക് പിൻവലിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. നിയമപരമായ കുടിയേറ്റങ്ങൾ അനുവദിക്കുമെന്ന് പുതിയ ഭരണകൂടം വ്യക്തമാക്കി. ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാണ് ഈ തീരുമാനം.

 കൊവിഡ് പശ്ചാത്തലത്തിൽ അമെരിക്കക്കാരുടെ ജോലിസാധ്യതകൾ കുറയുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ഗ്രീൻ കാർഡുകൾ മരവിപ്പിച്ചിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിയമപരമായ വിധത്തിലുള്ള  കുടിയേറ്റങ്ങൾക്കെല്ലാം ട്രംപ് വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ആദ്യം ഡിസംബർ അവസാനം വരെയായിരുന്നു വിലക്കുകൾ. ഡിസംബർ 31ന് അതു വീണ്ടും നീട്ടുകയും ചെയ്തിരുന്നു.

നിയമപരമായ കുടിയേറ്റങ്ങൾ തടയുന്നത് അമെരിക്കയുടെ താത്പര്യങ്ങൾക്ക് എതിരാണെന്ന് ബുധനാഴ്ച ബൈഡൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ വിലക്കുകൾ അമെരിക്കയ്ക്കു തിരിച്ചടിയാവും. അമെരിക്കൻ പൗരൻമാരുടെ ചില കുടുംബാംഗങ്ങളെപ്പോലും നാട്ടിൽ കടക്കാൻ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ല. അത്തരം കുടുംബങ്ങളെ അതു ബാധിക്കും. അമെരിക്കൻ വ്യവസായത്തെ ബാധിക്കും. ലോകമെമ്പാടുമുള്ള വിദഗ്ധരാണ് യുഎസിന്‍റെ വ്യവസായ വികസനത്തിൽ പങ്കാളികളാകുന്നത്- ബൈഡൻ ചൂണ്ടിക്കാട്ടി.

ലോട്ടറി അടിസ്ഥാനത്തിൽ നേടിയ ആയിരക്കണക്കിനു വിസകൾ കാലാവധി കഴിഞ്ഞ് അസാധുവാകാനിരിക്കെയാണ് ബൈഡന്‍റെ ഉത്തരവ്. അവരടക്കം ലക്ഷക്കണക്കിനു വിദേശികൾക്ക് ഇത് ആശ്വാസ വാർത്തയാണ്. വർഷം 55,000 വരെ വിസകൾ ലോട്ടറി അടിസ്ഥാനത്തിൽ യുഎസ് അനുവദിക്കുന്നുണ്ട്. ഇവ ആറു മാസത്തിനകം ഉപയോഗിക്കേണ്ടതാണ്. ഭാവിയിൽ പ്രസിഡന്‍റിന്‍റെ ഉത്തരവിലൂടെ കുടിയേറ്റം തടയുന്നത് ഒഴിവാക്കാനുള്ള നിയമനിർമാണവും ബൈഡൻ നിർദേശിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി ലോട്ടറി വിസകൾ 80,000 ആയി ഉയർത്തണമെന്നും ബൈഡൻ നിർദേശിക്കുന്നു.

ട്രംപിന്‍റെ വിലക്കു മൂലം 2020 ബജറ്റ് വർഷത്തിൽ 1,20,000 കുടുംബ അടിസ്ഥാനത്തിലുള്ള വിസകൾ നഷ്ടമായിരുന്നു. യുഎസ് പൗരത്വമില്ലാത്ത കുടുംബാംഗങ്ങളെ യുഎസിലേക്കു കൊണ്ടുവരാൻ അമെരിക്കൻ പൗരത്വമുള്ളവർക്കു കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകർ പോലെ ദേശീയ താത്പര്യമുള്ള മേഖലകളിലൊഴികെ തൊഴിൽ വിസകളും തടയപ്പെട്ടിരുന്നു. 4.37 ലക്ഷത്തിലേറെ കുടുംബ വിസയ്ക്കുള്ള അപേക്ഷകൾ മാത്രം കെട്ടിക്കിടക്കുന്നുണ്ടെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ നീണ്ട ലിസ്റ്റ് കുറയ്ക്കാൻ വർഷങ്ങളെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


വാർത്തകൾ

Sign up for Newsletter



top