Published:27 February 2021
ജയ് നായകനായ തമിഴ് ചിത്രം "അവള് പേര് തമിഴരസി' ആയിരുന്നു ഗോകുലന് അഭിനയിച്ച ആദ്യ ചിത്രം. ഒരു നടന് എന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ ഗോകുലന്. ലോക് ഡൌണ്‍ സമയത്ത് ചിത്രീകരിച്ച "ലവ്' എന്ന ചിത്രം റിലീസായത് മുതല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ഗോകുലന്റെ പ്രകടനമാണ്. അനുനിമിഷം കൊണ്ട് പല വ്യക്തിത്വങ്ങളിലൂടെ സഞ്ചരിക്കുന്ന കള്ളുകുടിയനായ ഒരു കഥാപാത്രത്തെയായിരുന്നു ലൗവില്‍ ഗോകുലന് പൂര്‍ണതയിലെത്തിച്ചത്. ലൗവിൽ എത്തി നില്ക്കുന്ന തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഗോകുലന് വാചാലനാകുന്നു.
ലവ് എന്ന ചിത്രത്തിലെ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെടുവെന്ന് പ്രതീക്ഷിച്ചിരുന്നോ?
* സത്യത്തില്‍ സിനിമയുടെ കഥ റഹ്മാൻ ഇക്ക ( ഖാലിദ് റ്ഹമാൻ - സംവിധായകന്) പറഞ്ഞപ്പോള്‍ തന്നെ ചില പ്രത്യേകതകള്‍ തോന്നിയിരുന്നു. എന്തോ ചില പരീക്ഷണങ്ങള്‍ സംഭവിക്കാന്‍ പോകുന്നതുപോലെ. ഇതുവരെ മലയാളത്തില്‍ സംഭവിച്ചിട്ടില്ലാത്ത ഒരു ജേണറില്പ്പെടുന്ന സിനിമയാണിത്. എന്റെ കഥാപാത്രം ഇത്രയും നാന്നാവും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ബിസിനസ് തകര്‍ന്ന് എല്ലാം നഷ്ടപ്പെട്ട മദ്യപാനിയായ ഒരു മനുഷ്യന്റെ ജീവിതം എന്നാണ് ആദ്യമായി റഹ്മാൻ ഇനിക്ക എന്നോടു പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ എനിക്കു വഴങ്ങുന്ന കഥാപാത്രമാണെന്ന് തോന്നി. ഷൂട്ട് തുടങ്ങി നാലാമത്തെ ദിവസമാണ് ഞാന്‍ സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യ ഷോട്ടിന് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ആണ് റഹ്മാനിക്ക കഥാപാത്രത്തിന്റെ സ്വഭാവം വളരെ ഡീറ്റയില്ഡായി പറയുന്നത്. കഥാപാത്രത്തിന്റെ ശരിക്കുള്ള ആഴം മനസിലാകുന്നത് അപ്പോഴാണ്. കേട്ടപ്പോള്‍ കടുത്ത വെല്ലുവിളിയായി തോന്നി. ഞാന്‍ അത്ര അനുഭവസമ്പത്തുള്ള നടനൊന്നും അല്ലല്ലോ. ആദ്യ ദിവസം കഥാപാത്രത്തിലേക്കു കയറാന്‍ എനിക്ക് ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പതിയെ പതിയെ ആ തോന്നല്‍ മാറി.
ലവ് എന്ന ചിത്രത്തിന്റെ സംവിധായകന് ഖാലിദ് റഹ്മാനെക്കുറിച്ച്?
റഹ്മാന് ഇക്കയുടെ "അനുരാഗ കരിക്കിന് വെള്ള'ത്തിലും "ഉണ്ട'യിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഷോട്ടിന് വന്നു നില്ക്കുന്ന സമയത്ത് കഥാപാത്രത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെ ഇക്ക പറഞ്ഞു തരും. അതുകൊണ്ടു തന്നെ ഒരു നടനെന്ന നിലയില്‍ ആ കഥാപാത്രം ഏറ്റവും നന്നായി ചെയ്യണമെന്ന ഉത്തരവാദിത്വം കൂടി എനിക്കുണ്ട്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഇമോഷണല്‍ ലെയര്‍ ഉള്ള ഒരു കഥാപാത്രത്തെ ഞാന്‍ ആദ്യമായിട്ടാണ് ചെയ്യുന്നത്. ഒരേ സമയം സാധാരണവും അസാധാരണവുമായ പെരുമാറ്റത്തിലൂടെയാണ് എന്റെ കഥാപാത്രം കടന്ന് പോകുന്നത്. ഒരു വേള ഇയാള്‍ക്ക് ഭ്രാന്താണോ എന്നുപോലും തോന്നാം.
എങ്ങനെയാണ് ലവ് എന്ന ചിത്രത്തിലേക്ക് എത്തിയത് ?
"ഉണ്ട' എന്ന ചിത്രം കഴിഞ്ഞതിനുശേഷം ഖാലിദ് റഹ്മാന് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ട് ആ സിനിമ മാറ്റി വച്ചു. അതിനു ശേഷമാണ് ടൊവിനോ തോമസിനെ നായകനാക്കി "തല്ല് മാല' എന്ന ചിത്രം അനൌണ്സ് ചെയ്യുന്നത്. എന്നാല്‍ ലോക് ഡൗണ്‍ കാരണം ആ സിനിമയും മാറ്റിവച്ചു. ലോക് ഡൗണ്‍ പതുക്കെ അയഞ്ഞു വന്ന ജൂണ്‍ മാസത്തിലായിരുന്നു റഹ്മാന് ഇക്ക എന്നെ വിളിക്കുന്നത്. ഒരു ചെറിയ സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അഞ്ച് ദിവസത്തെ ഡേറ്റ് തരണമെന്നും ഇക്ക പറഞ്ഞു. പിന്നീടാണ് ഷൈന്‍ ടോം ചാക്കോയും രജീഷ വിജയനും സുധി കോപ്പയും ഒക്കെ ചിത്രത്തില്‍ ഉണ്ടെന്ന് പറയുന്നത്. പിന്നീട് റഹ്മാനിക്ക എന്നോട് കഥ പറഞ്ഞു. ആദ്യത്തെ 5 ദിവസത്തെ ഡേറ്റ് മാറി 10 ദിവസം വേണമെന്ന് പറഞ്ഞു. ആദ്യം ഈ സിനിമ റഹ്മാനിക്കയും സുഹൃത്തുകളും കൂടി നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പ്രതിഫലമൊന്നും പ്രതീക്ഷിക്കരുതെന്നും പറഞ്ഞു. പിന്നീടാണ് ആഷിക് ഉസ്മാന് എന്ന നിർമാതാവ് ലാന്‍ഡ് ചെയ്യുന്നത്. അപ്പോഴേക്കും സർക്കാര്‍ ഇന്‍ഡോര്‍ ചിത്രീകരണത്തിനുള്ള അനുമതി നല്‍കിയിരുന്നു. അങ്ങനെ 20 ദിവസം കൊണ്ടാണ് ലവ് ചിത്രീകരിച്ചത്.
കൊവിഡ് സമയത്തു ചിത്രീകരിച്ച സിനിമയായതുകൊണ്ട് എന്തൊക്കെ വ്യത്യാസങ്ങളാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്?
സാധാരണ ലൊക്കേഷന്‍ പോലെ ആയിരുന്നില്ല ലൗവിന്റെ സെറ്റ്. മിനിമം സൗകര്യങ്ങളും സാങ്കേതിക പ്രവര്‍ത്തകരും മാത്രമാണു ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. പത്തോ പന്ത്രണ്ടോ പേര്. അതുപോലെ ഫ്ലാറ്റിലെ വളരെ ചുരുങ്ങിയ സ്ഥലത്ത് നിന്നാണ് അഭിനയിക്കുന്നത്. അതെല്ലാം പുതിയ അനുഭവമായിരുന്നു. സിനിമയില്‍ ഷൈന്‍ ടോം ചാക്കോയുടെ റൂമായി കാണിക്കുന്ന സ്ഥലത്ത് തന്നെയാണ് ഷൈന്‍ രാത്രിയില്‍ ഉറങ്ങിയിരുന്നത്. തൊട്ടു താഴെ ഞങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ടി ഒരു ഫ്ലാറ്റ് എടുത്തിരുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ട് അപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ പിരിഞ്ഞിരിക്കുന്ന വിഷമവും ചെറിയ രീതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ ഞങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. സ്ക്രിപ്റ്റില്‍ എങ്ങനെയാണോ സീന്‍ തുടങ്ങുന്നത് അതേ സീന്‍ ഓര്‍ഡറില്‍ തന്നെയാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. ആ ചിത്രീകരണ രീതി ഈ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു. തീയേറ്റര്‍ ഫീല്‍ഡില്‍ നിന്നും അഭിനയത്തിലേക്ക് വന്നതുകൊണ്ടു എനിക്ക് അത് വളരെയധികം പ്രയോജനം ചെയ്തു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ സമയത്താണല്ലോ നാടകം അഭിനയിച്ച് തീര്‍ക്കേണ്ടത്.
ആദ്യ ഷോ കണ്ടപ്പോള്‍ എന്തു തോന്നി?
ശരിക്കും ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ആ ചെറിയ സ്ഥലത്തു നിന്ന് എങ്ങനെയാണ് അഞ്ചുപേരെയും ഉള്‍പ്പെടുത്തി ഇത്രയും മനോഹരമായ ഒരു സിനിമ ഉണ്ടാക്കിയത്. ജൂണില്‍ ചിത്രീകരണം തുടങ്ങുമ്പോൾ ഒരിക്കലും ഇത് തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പൂര്‍ണമായും ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി മാത്രം ചെയ്ത സിനിമയാണിത്. ഇന്ത്യയിലെ റിലീസിന് മുന്‍പ് ദുബായിലാണ് സിനിമ ആദ്യം റിലീസ് ആയത്. അവിടെനിന്നു മികച്ച അഭിപ്രായങ്ങളായിരുന്നു വന്നിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിലും പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഞാന്‍ അഭിനയിച്ച ഉണ്ടയും ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചിരുന്നു.
ലോക് ഡൗണ്‍ സമയത്തായിരുന്നല്ലോ വിവാഹം?
കഴിഞ്ഞ മേയിലാണ് എന്റെ വിവാഹം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ പെണ്ണ് അന്വേഷിച്ചുള്ള ഓട്ടത്തിലായിരുന്നു. സിനിമാ നടനായതുകൊണ്ടു പെണ്ണ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഉണ്ടയുടെ ഷൂട്ടിങ്ങ് സമയത്ത് മമ്മൂക്ക എന്നോട് വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. സിനിമാനടനായതുകൊണ്ടാണ് പെണ്ണു കിട്ടാത്തതതെന്ന് പറഞ്ഞപ്പോള്‍ ഇപ്പോഴും അങ്ങനെയൊക്കെയുണ്ടോ എന്നാണ് മമ്മൂക്ക ചോദിച്ചത്. ആലോചനയുമായി പോകുമ്പോള്‍ സിനിമാനടനാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ അവര്‍ ചോദിക്കുന്നത് വേറെ എന്തു ജോലിയാ ചെയ്യുന്നത് എന്നാണ്. ഞാന്‍ അപ്പോള്‍ അവരോടു പറയും ഇത് തന്നെയാണ് എന്റെ ജോലിയെന്ന്. സിനിമ കൊണ്ട് ജീവിക്കാന്‍ കഴിയുന്ന വരുമാനമുണ്ട് എന്ന് പറഞ്ഞാലും അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അറിയിക്കാം എന്ന് പറഞ്ഞ് അവര്‍ പോകും. പിന്നീട് വിളിക്കില്ല. എകദേശം മൂന്ന് വര്‍ഷം ഞാന്‍ പെണ്ണാലോചിച്ചു നടന്നു. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്ണുകാണാന്‍ പോയത്. രണ്ടു മാസം കഴിഞ്ഞു മേയില്‍ വിവാഹം നടത്തി. ലോക് ഡൗണ്‍ നിയന്ത്രണണങ്ങള്‍ അതിരൂക്ഷമായ സമയമായിരുന്നു അത്. എന്റെ ഒരു ചേട്ടന് ലക്ഷദ്വീപില്‍ ജഡ്ജിയാണ്. അദ്ദേഹത്തിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും കഴിഞ്ഞില്ല. ഇരുപതോളം പേര് മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
മമ്മൂക്കയുമായി ഒന്നിച്ച് അഭിനയിച്ചപ്പോള്‍ എന്തു തോന്നി?
മമ്മൂക്കയുടെ കൂടെ നാല് ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. അടുത്ത് പരിചയപ്പെടുന്നതിന് മുന്‍പേ മമ്മൂക്കയെക്കുറിച്ച് ഒരുപാട് കഥകള്‍ എല്ലാവരെയും പോലെ ഞാനും കേട്ടിട്ടുണ്ട്. ജാഡക്കാരനും ദേഷ്യക്കാരനും ഒക്കെ ആണെന്നാണല്ലോ പൊതുവേ എല്ലാവരും പറഞ്ഞു നടക്കുന്ന പ്രധാന ആക്ഷേപം. ഉണ്ടയുടെ സെറ്റിലാണ് ആരാണ് ശരിക്കുള്ള മമ്മൂട്ടി എന്ന് ഞാന്‍ അടുത്ത് നിന്ന് അറിഞ്ഞത്. എല്ലാ ധാരണകളും പൊളിച്ച് മമ്മൂക്ക എന്റെ കൈയില്‍ തന്നു. വളരെ ജനുവിന് ആയിട്ടുള്ള ഒരു വ്യക്തിയാണദ്ദേഹം. അവസരം ലഭിക്കുകയാണെങ്കില്‍ ഒരു സിനിമാക്കാരന് മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്തിരിക്കണം. അത്രയ്ക്കും തുറന്ന സമീപനമുള്ള ആളാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങള്‍ ഉണ്ടയുടെ സെറ്റില്‍ വച്ച് മമ്മൂക്ക ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്കയിലെ നടനുപരി ആ വ്യക്തിയോടും നമുക്ക് വലിയ ഇഷ്ടം തോന്നും.
നാടകങ്ങളിലൂടെ ആണല്ലോ ഗോകുലന് സിനിമയിലേക്ക് വരുന്നത്. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം?
നാടക - സിനിമ അഭിനയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ തക്ക അറിവൊന്നും എനിക്കില്ല. എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്നുകൊണ്ടു എനിക്ക് തോന്നിയിട്ടുള്ളത് ഡയലോഗ് പറയുമ്പോള്‍ ഉള്ള വ്യത്യാസമാണ്. രണ്ടും അഭിനയം തന്നെയാണ്. എന്നാല്‍ ഡയലോഗ് പറയുമ്പോള്‍ ഉള്ള മീറ്ററിന് ചില വ്യത്യാസങ്ങളുണ്ട്. തെരുവ് നാടകവും അമച്വർ നാടകവും അഭിനയിക്കുന്നതുപോലെയല്ല സിനിമയില്‍ അഭിനയിക്കുന്നത്.
എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്?
ലോഹിത ദാസ് സാറിന്റെ അസോസിയേറ്റുമാരായിരുന്ന മനോജും വിനോദുമായിരുന്നു എന്നെ നാടകാഭിനയം പഠിപ്പിച്ചു തന്നത്. ആ സമയത്താണ് ലോഹി സാര്‍ കസ്തൂരിമാന്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. ആ സിനിമയ്ക്കു അസോസിയേറ്റ് ആയി വന്നത് മീര കതിരവന്‍ എന്ന തമിഴ്നാട്ടുകാരന് ആയിരുന്നു. കുറേ നാള് കഴിഞ്ഞപ്പോള്‍ മീര കതിരവന്‍ ഒരു സിനിമ സവിധാനം ചെയ്തു. മീര കതിരവന്റെ അടുത്ത സുഹൃത്തുകളായിരുന്നു മനോജും വിനോദും. സുബ്രഹ്മണ്യപുരത്തിലൂടെ നായകനായ ജയ് ആയിരുന്നു ആ സിനിമയിലെ ഹീറോ. മനോജ്, വിനോദ് ചേട്ടന്മാരുടെ പരിചയത്തില്‍ എനിക്ക് ആ ചിത്രത്തില്‍ ഹീറോയുടെ കൂട്ടുകാരന്റെ ഒരു ചെറിയ റോള്‍ അഭിനയിക്കാന്‍ കഴിഞ്ഞു.
"അവള് പേര് തമിഴരസി' എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. അതിനു ശേഷമാണ് ജയറാമും ഭാവനയും നായികനായകന്മാരായ "കുടുംബശ്രീ ട്രാവല്‍സ്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീടാണ് ആമേനിലും പുണ്യാളന് അഗര്ബത്തീസിലും അവസരം ലഭിച്ചത്.