കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:01 March 2021
വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താൻ മത്സരിക്കുമെന്നു സൂചന നൽകി ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസംഗത്തിലാണ് ട്രംപ് ഇതു സംബന്ധിച്ച സൂചന നൽകിയത്. വെറും ഒരു മാസം കൊണ്ട് ബൈഡൻഭരണം "അമെരിക്ക ആദ്യം' എന്നത് "അമെരിക്ക അവസാനം' എന്ന നിലയിൽ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു എഴുപത്തിനാലുകാരനായ ട്രംപ്.
അടുത്ത തെരഞ്ഞെടുപ്പിലും താൻ മത്സരിക്കുമെന്ന് നേരിട്ടു പ്രഖ്യാപിച്ചില്ല അദ്ദേഹം. എന്നാൽ, അതിന്റെ സൂചന വ്യക്തമായി നൽകി. നാം ജനപ്രതിനിധി സഭ തിരിച്ചുപിടിക്കും. നാം സെനറ്റും പിടിക്കും. പിന്നെ റിപ്പബ്ലിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും. അതാരാണെന്ന് ചിന്തിക്കാമല്ലോ- അനുയായികളുടെ ആരവങ്ങൾക്കിടയിൽ ട്രംപ് പറഞ്ഞു.
അതേസമയം, താൻ പുതിയ പാർട്ടിയുണ്ടാക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. പുതിയ പാർട്ടി കൺസർവേറ്റിവ് വോട്ടുകൾ വിഭജിപ്പിക്കും. 2022ലെ മിഡ്-ടേം തെരഞ്ഞെടുപ്പിന് ഒന്നിച്ചു നിന്ന് ഡെമൊക്രറ്റുകളെ തോൽപ്പിക്കണമെന്ന് ട്രംപ് അനുയായികളോട് ആഹ്വാനം ചെയ്തു. യുഎസ് ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ നൂറിൽ 34 സീറ്റിലേക്കും തെരഞ്ഞെടുപ്പു നടക്കുന്നത് 2022 നവംബർ എട്ടിനു ചൊവ്വാഴ്ചയാണ്.
ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഡെമൊക്രറ്റുകളെ തുടർച്ചയായി ആക്രമിക്കുകയായിരുന്നു ട്രംപ്. ബൈഡനെയും പേരെടുത്തു പറഞ്ഞ് വിമർശിച്ചുകൊണ്ടിരുന്നു. നാം അതിജീവിക്കും, ഡെമൊക്രറ്റുകളെക്കാൾ കരുത്താണു നമ്മൾ. വരും വർഷങ്ങളിൽ നാം ഒന്നിച്ചുനിന്ന് അമെരിക്കൻ സ്വാതന്ത്ര്യത്തിന്റെ ദീപം മുന്നോട്ടു നയിക്കും. അമെരിക്കയെ സോഷ്യലിസത്തിന്റെ പാതയിലേക്കാണ് ബൈഡൻ ഭരണകൂടം കൊണ്ടുപോകുന്നത്. ആ ദിശയിൽ പോകാൻ അനുവദിക്കാനാവില്ല- ട്രംപ് പറഞ്ഞു.
തൊഴിലിനും കുടുംബത്തിനും അതിർത്തികൾക്കും ഊർജത്തിനും സ്ത്രീകൾക്കും ശാസ്ത്രത്തിനും എതിരായതാണ് 40 ദിവസത്തെ ബൈഡൻ ഭരണം. ബൈഡൻ ഭരണകൂടം മോശമാകുമെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ, അത് ഇത്രമാത്രം മോശമാവുമെന്ന് ആരും ഊഹിച്ചില്ല. വെറും ഒരു മാസം കൊണ്ട് അമെരിക്ക ആദ്യം എന്നത് അമെരിക്ക അവസാനം എന്നായി മാറി.
കൊവിഡ് വാക്സിൻ എന്ന ആധുനിക മെഡിക്കൽ അത്ഭുതം പുതിയ ബൈഡൻ ഭരണകൂടത്തിനു കൈമാറിയിട്ടാണ് താൻ സ്ഥാനമൊഴിഞ്ഞതെന്ന് ട്രംപ് പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) ഞാൻ ഇതിനു മുൻപ് ആരും ചെലുത്താത്ത വിധം സമ്മർദം ചെലുത്തി. ഞാൻ അവരെ ഇഷ്ടപ്പെട്ടില്ല. എന്നാൽ, അവർ അവരുടെ ജോലി ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, "ഇപ്പോൾ ഞാൻ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു' എന്ന്.
അനിധികൃത കുടിയേറ്റക്കാർക്കുവേണ്ടി അതിർത്തികൾ തുറന്നുകൊടുക്കുകയാണു ബൈഡൻ. ട്രംപിസം എന്നു പറഞ്ഞാൽ രാജ്യത്തിന്റെ അതിശക്തമായ അതിർത്തികളാണ്. അതിനർഥം നിയമം നടപ്പാക്കുമെന്നാണ്. വിസ്മരിക്കപ്പെട്ടവർക്കും സ്ത്രീകൾക്കും ശക്തമായ പിന്തുണയെന്നാണ്- ട്രംപ് അവകാശപ്പെട്ടു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാപകമായി കൃത്രിമം നടന്നിട്ടുണ്ടെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. യഥാർഥത്തിൽ താൻ തെരഞ്ഞെടുപ്പു ജയിച്ചതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പാർലമെന്റും ബൈഡന് അനുകൂലമായി സർട്ടിഫിക്കറ്റ് നൽകി- അദ്ദേഹം ആരോപിച്ചു.