21
April 2021 - 4:29 pm IST

Download Our Mobile App

Flash News
Archives

Kerala

paddy

കോട്ടയത്ത് രണ്ടിടത്ത് കർഷക ആത്മഹത്യാ ശ്രമം; കർഷകർ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു

Published:01 March 2021

# ബിനീഷ് മള്ളൂശേരി

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞദിവസം കല്ലറയിലും തിങ്കളാഴ്ച രാവിലെ നീണ്ടൂരിലും നെൽ കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് ഉപരോധം സംഘടിപ്പിച്ചത്.

കോട്ടയം: അന്യായമായി കിഴിവ് ആവശ്യപ്പെട്ട് കര്‍ഷകരെ ദ്രോഹിക്കുന്ന മില്ലുടമകളുടെ നിലപാടില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസറെ ഉപരോധിച്ചു. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞദിവസം കല്ലറയിലും തിങ്കളാഴ്ച രാവിലെ നീണ്ടൂരിലും നെൽ കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് ഉപരോധം സംഘടിപ്പിച്ചത്.

വിവിധ കര്‍ഷക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒടുവില്‍  സമരക്കാരുമായി ചർച്ച നടത്തിയ സിഎംഡി അലി അസ്കർ പാഷ ചൊവ്വാഴ്ച വിഷയം പരിഹരിക്കുമെന്ന് അറിയിച്ചു. ഈ ഉറപ്പില്‍ സമരം അവസാനിച്ചു. അതേസമയം നീണ്ടൂര്‍, കല്ലറ ഭാഗത്ത് കര്‍ഷകര്‍ നെല്ല് റോഡില്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു.

അപ്പർ കുട്ടനാട് മേഖലയിൽ കൊയ്ത്തു കഴിഞ്ഞ് ഒരു മാസം  പിന്നിട്ടിട്ടും നെല്ല്  സംഭരണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. സംഭരിക്കുന്ന നെല്ലിൻ്റെ അളവിൽ ക്വിൻ്റലിന് 6 മുതൽ 10 കിലോ വരെ കിഴിവ് വേണമെന്നാണ്  മില്ല് ഉടമകളുടെ നിലപാട്. എന്നാൽ കർഷകർക്ക് ക്വിൻ്റലിന് 2 കിലോയിൽ കൂടുതൽ കിഴിവ്  അധികഭാരമാവുകയാണ്. അശാസ്ത്രീയമായാണ് നെല്ലിൻറെ ഗുണനിലവാരം നിശ്ചയിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.



നീണ്ടൂര്‍ കൃഷി ഭവന് കീഴിൽ മുപ്പത്തിയാറോളം പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞിട്ട് പത്ത് ദിവസം പിന്നിട്ടു. ഇരുപതിനായിരത്തോളം ഹെക്റ്ററിലെ നെല്ല് സംഭരിക്കാതെ ഇപ്പോഴും പാടത്ത് കിടക്കുകയാണ്. നെല്ല് മോശമാണെന്ന് പറഞ്ഞ് വന്‍തോതില്‍ കിഴിവ് ആവശ്യപ്പെടുകയാണ് മില്ലുടമകള്‍. നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, കുമരകം മേഖലകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞ നെല്ല് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞദിവസം കല്ലറയിലും, തിങ്കൾ രാവിലെ നീണ്ടൂരിലും കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

നെല്ല് സംഭരിക്കാതെ ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക് എത്തിയത്. രാവിലെ 10 മണിയോടെയാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓഫീസിന് മുമ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഇതിനുശേഷം പാഡി ഓഫീസറെ കര്‍ഷകര്‍ ഉപരോധിക്കുകയായിരുന്നു. അതേസമയം കര്‍ഷകരോട് സംസാരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.

ഉദ്യോഗസ്ഥര്‍ക്ക് മില്ലുടമകള്‍  പറയുന്നതാണ് വേദവാക്യമെന്നും മില്ലുടമകളും ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. അരമണിക്കൂറോളം ഉപരോധം തുടര്‍ന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസും സ്ഥലത്തെത്തിയിരുന്നു.  തുടർന്ന് സമരക്കാരുമായി ചർച്ച നടത്തിയ സിഎംഡി അലി അസ്കർ പാഷ ചൊവ്വാഴ്ച വിഷയം പരിഹരിക്കുമെന്ന് അറിയിക്കുകയായിരുന്നു.

ജില്ലയിൽ പല ഇടങ്ങളിലും നെല്ല് കത്തിച്ച് കർഷകർ പ്രധിക്ഷേധിച്ചു. തുടർച്ചയായി ഉണ്ടായ പ്രളയത്തിന് പുറമേ കൊവിഡ് കാലാവസ്ഥയും കർഷകരെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന ചർച്ച വിജയിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.


വാർത്തകൾ

Sign up for Newsletter



top