കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:01 March 2021
മുംബൈ: കുതിച്ചുയരുന്ന ഇന്ധന വിലയിൽ എന്തെങ്കിലും കുറവ് ഉണ്ടാകുമോയെന്ന് വ്യാഴാഴ്ച്ച അറിയാം. വിവിധ ഘടകങ്ങളെ അപേക്ഷിച്ചാണ് എണ്ണയുടെ വില നിശ്ചയിക്കുന്നത്. ഉത്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം തന്നെയാണ് പ്രധാനഘടകം. ഒപെക് രാഷ്ട്രങ്ങളുടെ എണ്ണ ഉത്പാദനവും വില നിർണയിക്കുന്ന ഘടകമാണ്. ആവശ്യം ഏറുകയും ഉത്പാദനം കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായി എണ്ണ വില ഉയരും. ഇതിൽ ഊഹക്കച്ചവടവും വാങ്ങി സംഭരിക്കലും എല്ലാം ഭാഗമാകും.
ആവശ്യം ഏറിയതോടെ എണ്ണവില വിപണിയിൽ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 67 ഡോളർ എന്ന നിലയിലേക്ക് വരെ ബ്രൻഡ് ക്രൂഡിന്റെ വില ഉയർന്നു. കൊറോണ ഭീതി അകലകുകയും ലോകത്ത് വാക്സിൻ വിതരണം സജീവമാകുകയും ചെയ്തതോടെ ജനങ്ങൾക്ക് ആശങ്ക അകന്നിട്ടുണ്ട്. ലോകത്തെ മിക്ക നഗരങ്ങളും കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിൽ എണ്ണയ്ക്ക് ആവശ്യമേറി. ഫെബ്രുവരിയിൽ മാത്രം 20 ശതമാനമാണ് വില ആഗോള വിപണയിൽ ഉയർന്നത്.
ഈ സാഹചര്യത്തിലാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെയും റഷ്യയുടെയും ഊർജ മന്ത്രിമാരുടെ യോഗം നടക്കാൻ പോകുന്നത്. മാർച്ച് നാലിനാണ് യോഗം. എണ്ണ ഉത്പാദനം വർധിപ്പിക്കാനാണ് തീരുമാനമെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശങ്ക കുറയും. ഉത്പാദനം വെട്ടിക്കുറച്ച നിലവിലെ അവസ്ഥ തുടരാനാണ് തീരുമാനമെങ്കിൽ വില ഇനിയും കുത്തനെ ഉയരും. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടി നൽകും. രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത ഒപെക് യോഗം വളരെ നിർണായകമാണ്. ഉത്പാദനം കൂട്ടി എണ്ണ വില കുറയ്ക്കാൻ നടപടിയുണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ മുതൽ 5 ലക്ഷം ബാരൽ പ്രതിദിനം എന്ന കണക്കിൽ വർധന വരുത്തിയേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. നിലവിൽ പ്രതിദിന ഉത്പാദനത്തിൽ വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. എണ്ണവില ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കൊറോണ കാലത്ത് എണ്ണ ഉത്പാദക രാജ്യങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്നാണ് എണ്ണ ഉത്പാദനം കുറയ്ക്കാനും വില വർധനവിലേക്ക് എത്തിക്കാനും തീരുമാനിച്ചത്. എന്നാൽ കൊറോണയ്ക്ക് മുമ്പുള്ള വിലയിലേക്ക് എത്തിയിരിക്കുകയാണ് വിപണി ഇപ്പോൾ. ഇനി എന്ത് തീരുമാനം ഒപെക് കൂട്ടായ്മ എടുക്കുമെന്നാണ് ഇന്ത്യ അടക്കം കാത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും നികുതി ഘടനയിലെ മാറ്റം.