കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
കോൽക്കത്ത: ന്യൂനപക്ഷ പ്രീണനമെന്ന ബിജെപിയുടെ ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇത്തവണ മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറവ്. ഇന്നലെ പുറത്തിറക്കിയ 291 അംഗ സ്ഥാനാർഥിപ്പട്ടികയിൽ 35 പേർ മാത്രമാണു മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ. സംസ്ഥാനത്തെ ജനസംഖ്യയിൽ 27 ശതമാനം വരുന്ന തങ്ങൾക്ക് വെറും 12 ശതമാനം മാത്രമാണു മമത ബാനർജിയുടെ സ്ഥാനാർഥിപ്പട്ടികയിൽ പ്രാതിനിധ്യമെന്നു മുസ്ലിം കേന്ദ്രങ്ങളിൽ നിന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടിലുണ്ടായ ചോർച്ച പരിഹരിക്കാനാണു തൃണമൂൽ കോൺഗ്രസിന്റെ നീക്കമെന്നാണു വിലയിരുത്തൽ.
2016ൽ 53 പേർ (18 ശതമാനം) മുസ്ലിം വിഭാഗത്തിൽ നിന്നുണ്ടായിരുന്നു. ഇവരിൽ 35 പേർ വിജയിച്ചു. 2011ൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചപ്പോൾ പാർട്ടിക്കു ലഭിച്ച 226 സീറ്റുകളിൽ 39 എണ്ണം മുസ്ലിം സ്ഥാനാർഥികൾക്കു നീക്കിവച്ചിരുന്നു തൃണമൂൽ നേതൃത്വം.
ഇത്തവണ പക്ഷേ, പട്ടികജാതി വിഭാഗത്തിനാണ് സ്ഥാനാർഥിപ്പട്ടികയിൽ പ്രാമുഖ്യം. 68 പട്ടികജാതി സംവരണ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഈ വിഭാഗങ്ങളിൽ നിന്നുള്ള 79 സ്ഥാനാർഥികളെയാണ് തൃണമൂൽ രംഗത്തിറക്കിയിട്ടുള്ളത്. സംസ്ഥാന ജനസംഖ്യയിൽ 23.5 ശതമാനമുണ്ട് പട്ടികജാതി വിഭാഗക്കാർ. പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നു 17 സ്ഥാനാർഥികളും തൃണമൂൽ പട്ടികയിൽ ഇടംപിടിച്ചു. 16 പട്ടികവർഗ സംവരണ മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്.
2019ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണു സ്ഥാനാർഥിപ്പട്ടികയിലെ പുതിയ സാമുദായിക അനുപാതത്തിനു തൃണമൂൽ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ. മുസ്ലിം ശക്തികേന്ദ്രങ്ങളായ മാൾഡയും മുർഷിദാബാദും കോൺഗ്രസിന്റെ പരമ്പരാഗത കോട്ടകളാണ്. ഈ ജില്ലകളിലൊഴികെയുള്ള ന്യൂനപക്ഷങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച വോട്ട് ബാങ്കാണ്. എന്നാൽ, 2011ലും 2016ലും പാർട്ടിക്കൊപ്പം നിന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു മാറിയിരുന്നു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കു ശക്തമായ സ്വാധീനമുള്ള 84 അസംബ്ലി മണ്ഡലങ്ങളിൽ 46 ഉം 2019ൽ ബിജെപിക്കു ഭൂരിപക്ഷം നൽകി. ഈ സാഹചര്യത്തിൽ ഈ വിഭാഗങ്ങളെ ആകർഷിക്കാനുള്ള നീക്കമാണ് മമതയുടേത്.
കൂടാതെ, അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫോഴ്സ്, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം എന്നിവ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മത്സരത്തിനുണ്ടാകും. ഇവയുടെ സ്ഥാനാർഥികൾക്കായി ന്യൂനപക്ഷ വോട്ടുകൾ വിഘടിക്കുന്നതിന്റെ ഗുണം ബിജെപിക്കു മാത്രമായി ലഭിക്കുന്നത് ഒഴിവാക്കുകയും മമതയുടെ ലക്ഷ്യമെന്നു കരുതുന്നു.