21
April 2021 - 3:54 pm IST

Download Our Mobile App

Flash News
Archives

Travel

jappan-cherry

1200 വർഷങ്ങൾക്ക് ശേഷം കാലം തെറ്റി പൂത്ത് ജപ്പാനിലെ ചെറിപ്പൂക്കൾ; കാരണമിതാണ്

Published:31 March 2021

നൂറ്റാണ്ടുകള്‍ക്ക് ശേഷം ജപ്പാനില്‍ ആദ്യമായി ചെറിപ്പൂക്കള്‍ നേരത്തെ പൂത്തെന്ന് ചരിത്ര രേഖകളിലൂടെ കണ്ടെത്തിയിരിക്കുകയാണിപ്പോൾ.

ലോകത്തെ മനോഹരമായ പൂക്കളിലൊന്നാണ് ജപ്പാനിലെ ചെറിപ്പൂക്കള്‍. വര്‍ഷത്തില്‍ ഒരു തവണ പൂക്കുന്ന ഇവ ഒരു മരത്തില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം പൂക്കള്‍ വിരിയിക്കുന്നു. വസന്തത്തിന്‍റെ വരവറിയിച്ച് ചെറിപ്പൂക്കള്‍ പൂക്കുമ്പോള്‍ മരത്തിലെ ഇലകളെല്ലാം കൊഴിഞ്ഞിരിക്കും. ജപ്പാന്‍കാരുടെ ജീവിതവും സംസ്കാരവുമായി ഏറെ ബന്ധമുള്ളതാണ് ഈ പൂക്കളും അവയുടെ മരവും. നൂറ്റാണ്ടുകള്‍ക്ക് ശേഷം ജപ്പാനില്‍ ആദ്യമായി ചെറിപ്പൂക്കള്‍ നേരത്തെ പൂത്തെന്ന് ചരിത്ര രേഖകളിലൂടെ കണ്ടെത്തിയിരിക്കുകയാണിപ്പോൾ.

കാലാവസ്ഥാ വ്യതിയാനമാണ് പൂക്കളുടെ പതിവ് തെറ്റി നേരത്തെയുള്ള വരവിന് കാരണമായി പറയുന്നത്. ഏകദേശം 1200 വർഷങ്ങൾക്ക് ശേഷം ആദ്യമായി ജപ്പാനിലെ ചെറിപ്പൂക്കൾ കാലം തെറ്റി പൂവിട്ടു. എഡി 812 മുതലാണ് ജപ്പാനിൽ ചെറിപ്പൂക്കൾ പൂവിടുന്നത് രേഖപ്പെടുത്തി തുടങ്ങിയത്. ഏപ്രിലിലാണ് സാധാരണയായി ജപ്പാനിലെ ഏറ്റവും പ്രശസ്തമായ സകുറ പൂക്കൾ വിടരുന്നത്.

ജപ്പാനിൽ പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതും പുതിയ ബിസിനസ് പദ്ധതികൾ തുടങ്ങുന്നതും ഈ സമയത്താണ്. സാധാരണ, ഏറെ കാലമായി ഏപ്രിലില്‍ സ്കൂളുകള്‍ ആരംഭിച്ച ശേഷമാണ് ചെറിപ്പൂക്കള്‍ പൂവിട്ട് തുടങ്ങിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 26 ന് തന്നെ പുരാതന തലസ്ഥാനമായ ക്യോട്ടോയില്‍ ചെറിപ്പൂക്കള്‍ പൂവിട്ടു. മാര്‍ച്ച് 26 ന് മുമ്പ് ചെറിപ്പൂക്കള്‍ ഇതിന് മുമ്പ് പൂവിട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് എഡി 812 ലാണെന്നാണ് കൊട്ടാരം രേഖകളിലും ദിനാന്ത കുറിപ്പുകളിലുമുള്ളത്.

1953 നില്‍ ആരംഭിച്ച ജപ്പാന്‍ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് 10 ദിവസങ്ങള്‍ക്ക് മുന്നേ ചെറിപ്പൂക്കള്‍ പൂവിടുന്നത്. ഈ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജപ്പാനിലെ നിരവധി നഗരങ്ങളില്‍ ചെറിപ്പൂക്കള്‍ നേരത്തെ പൂവിട്ടു. ജപ്പാന്‍ കാലാവസ്ഥാ പഠന വകുപ്പ് ഉദ്യോഗസ്ഥനായ ഷിന്‍ജി ആബേ പറയുന്നത്, ചെറിപ്പൂക്കള്‍ നേരത്തെ പൂവിടാനുള്ള കാരണം ആഗോള താപനമാണെന്നാണ്.

സകുറാ മരങ്ങള്‍ ജപ്പാനിലെ സംസ്കാരവുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ട് നില്‍ക്കുന്നവയാണ്. ജാപ്പനീസ് കവിതയിലും സാഹിത്യത്തിലും ജീവിതവും പുനര്‍ജന്മവുമായും സകുറാ പൂക്കള്‍ ബന്ധപ്പെട്ട് നില്‍ക്കുന്നു. ജപ്പാനിലെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ നാടാനുള്ള ദിവസങ്ങളായി കരുതുന്നതും ചെറിപ്പൂക്കള്‍ പൂക്കുന്ന വസന്തകാലമാണ്.

 


വാർത്തകൾ

Sign up for Newsletter



top