21
April 2021 - 3:39 pm IST

Download Our Mobile App

Flash News
Archives

World

Covid 19, Covid Death, Covid Brazil

കൊവിഡ് : ബ്രസീലിൽ പ്രതിദിന മരണസംഖ്യ 4,000 കടന്നു

Published:07 April 2021

ദിവസം ഇത്രയേറെ മരണം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണു ബ്രസീൽ. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് ആരോഗ്യ മേഖല അതീവ സമ്മർദം അനുഭവിക്കുകയാണെന്ന് അധികൃതർ.

സാവോ പോളോ : കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിൽ ഒരു ദിവസം വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഇതാദ്യമായി 4,000 കടന്നു. ദിവസം ഇത്രയേറെ മരണം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണു ബ്രസീൽ. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് ആരോഗ്യ മേഖല അതീവ സമ്മർദം അനുഭവിക്കുകയാണെന്ന് അധികൃതർ.

 അവസാന 24 മണിക്കൂറിൽ 4,195 പേരുടെ കൊവിഡ് മരണം രേഖപ്പെടുത്തിയതായി ബ്രസീലിയൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചു മരിച്ചവർ 3.40 ലക്ഷത്തിന് അടുത്താണ്. അമെരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം പേർ കൊവിഡ് ബാധിച്ചു മരിച്ചതും ബ്രസീലിൽ. യുഎസിലും പെറുവിലും മാത്രമാണ് ദിവസം നാലായിരത്തിലേറെ മരണം ഉണ്ടായിട്ടുള്ളത്. യുഎസിൽ ഇതുവരെ 5.70 ലക്ഷത്തിലേറെ പേർ മരിച്ചിട്ടുണ്ട്. മെക്സിക്കോയിൽ രണ്ടു ലക്ഷത്തിലേറെ പേരും ഇന്ത്യയിൽ 1.60 ലക്ഷത്തിലേറെ പേരുമാണ് ഇതുവരെ മരിച്ചിരിക്കുന്നത്. യുകെ, ഇറ്റലി, റഷ്യ എന്നിവിടങ്ങളിലും ഒരു ലക്ഷം കടന്നു. ഫ്രാൻസിൽ ഒരു ലക്ഷത്തിന് അടുത്താണു മരണസംഖ്യ.

ബ്രസീലിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം സാവോ പോളോയിൽ അവസാന 24 മണിക്കൂറിൽ 1,400 പേരാണു മരിച്ചത്. ഈസ്റ്റർ മൂലം സ്ഥിരീകരിക്കുന്നതു വൈകിയ കഴിഞ്ഞ ദിവസത്തെ മരണങ്ങൾ കൂടി ഉൾപ്പെടുത്തിയാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒരാഴ്ചത്തെ ഭാഗിക അടച്ചുപൂട്ടൽ മൂലം സാവോ പോളോയിൽ പുതിയ കേസുകൾ കുറഞ്ഞിട്ടുണ്ടെന്നും അവർ.

 സാമ്പത്തിക വ്യവസ്ഥ തകരുന്നു എന്ന ഭീതിയിൽ ഗവർണർമാരും മേയർമാരും ജഡ്ജിമാരും പലയിടത്തും എല്ലാം വീണ്ടും തുറക്കാൻ നിർദേശിക്കുന്നുണ്ട്. മറ്റു വഴിയില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, ഇതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. പ്രസിഡന്‍റ് ഹയർ ബൊൽസനാരോയുടെ ലോക് ഡൗൺ വിരുദ്ധ നിലപാടാണു വിജയിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വ്യവസ്ഥ അടച്ചിടുന്നതിന് പൂർണമായും എതിരാണ് ബൊൽസനാരോ.

 ഓക്സിജൻ അടക്കം വേണ്ട ചികിത്സാ സംവിധാനങ്ങൾ ലഭ്യമാകാതെയാണു നൂറുകണക്കിനാളുകൾ മരിക്കുന്നതെന്നാണു വിലയിരുത്തൽ. രാജ്യത്തെ മൂന്നു ശതമാനം ആളുകൾക്കു മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയിട്ടുള്ളതും. 


വാർത്തകൾ

Sign up for Newsletter



top