Published:13 May 2021
ഈദുല്‍ഫിത്വറിന്റെ ആഘോഷ നാള് നമ്മിലേക്കണഞ്ഞു. വിശുദ്ധ റംസാനിന്റെ മുപ്പത് ദിന വ്രതനാളുകള്‍ക്ക് ശേഷമുള്ള ഈ പെരുന്നാള്‍ വിശ്വാസികള്‍ക്ക് സന്തോഷകരമാണ്. അങ്ങനെ സന്തോഷമായാണ് അല്ലാഹു പെരുന്നാള്‍ നിശ്ചയിച്ചതും. വിശ്വാസികള്‍ക്ക് ഈ ദിവസത്തില്‍ ആഹ്ലാദം വേണം. അല്ലാഹുവിന് നന്ദി സമര്‍പ്പിക്കണം. പെരുന്നാളുമായി ബന്ധപ്പെട്ട് പഠിപ്പിക്കപ്പെട്ട സുന്നത്തുകള്‍ സാധ്യമാകും വിധം ചെയ്യണം. കൊവിഡ് കെടുതി ഏറ്റവും മൂര്‍ച്ഛിച്ച വിധത്തില്‍ നമ്മുടെ നാടിനെ ബാധിച്ച സമയമാണ്. നിരവധി നിയന്ത്രണങ്ങളിലാണ് നമ്മള്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാലിക്കുന്നവരാണ് നമ്മള്. വിശ്വാസികള്‍ എന്ന നിലയില്‍ സ്വന്തം ശരീരത്തോടും സമൂഹത്തോടും ഉള്ള ബാധ്യതകള്‍ വളരെ ശ്രദ്ധിച്ച് ചെയ്യുന്നവരുമാണ്. നമ്മുടെ ഈദ് ദിനത്തില്‍ മതം പറഞ്ഞ പ്രകാരമുള്ള സുന്നത്തുകള്‍ പരമാവധി ചെയ്യുമ്പോഴും, നിലവിലെ സാമൂഹികാവസ്ഥയില്‍ വളരെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നിര്‍വഹിക്കുകയും വേണം. അത്തരം അച്ചടക്കത്തിന്റെയും സാമൂഹിക അവബോധത്തിന്റെയും പാഠങ്ങളാണല്ലോ ദീന് നമുക്ക് പകര്‍ന്നു നല്‍കുന്നത്.
റംസാന് കാലത്ത് നിരവധി നന്മകളുടെ കൂടെയായിരുന്നു നമ്മുടെ മനസും ശരീരവും. നിസ്കാരങ്ങളില്‍ ശ്രദ്ധ പാലിച്ചു, ഖുര്‍ആന്‍ പാരായണം നിത്യമാക്കി, അനാവശ്യമായ വാക്കുകള്‍ ഒഴിവാക്കി, വൈകാരിക നിയന്ത്രണം വരുത്തി, പകലിലെ ഭക്ഷണമൊഴിവാക്കല് നമ്മുടെ ശാരീരിക ഇച്ഛകളെ വരുതിയില്‍ നിറുത്താന്‍ സാധിച്ചു- അങ്ങനെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി നമ്മള് ജീവിതത്തെ ക്രമീകരിച്ചു. ഈയൊരു ഇലാഹീ ബോധമുള്ള മനസിനെ തുടര്‍ന്നും കൊണ്ടുപോകുക എന്നതാണ് വിശ്വാസികളെ സംബന്ധിച്ച് പെരുന്നാള്‍ ദിനം മുതല്‍ ശ്രദ്ധിച്ചു ചെയ്യാനുള്ള ഒരു കര്‍മം. അങ്ങനെ നമുക്ക് നന്മയുടെ വാഹകരായി എപ്പോഴും നിലനില്ക്കാന് കഴിയുന്നുവെങ്കില്‍ അത് റമസാന്‍ നമ്മുടെ ജീവിതത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതിന്റെ ലക്ഷണമാണ്.
സൂറത്തുല്‍ മുഅ്മിനീനില്‍ വിജയികളായ വിശ്വാസികളുടെ വിശേഷങ്ങള്‍ അല്ലാഹു എണ്ണിയെണ്ണി പറയുന്നുണ്ട്. നിസ്കാരത്തില്‍ ഭക്തിയുള്ള, അനാവശ്യ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന, സകാത് നിര്‍വഹിക്കുന്ന, ലൈംഗികമായി സന്മാര്ഗ ജീവിതം നയിക്കുന്ന, വിശ്വസ്തതയും കരാറും പാലിക്കുന്ന, നിസ്കാരം കൃത്യമായി നിര്‍വഹിച്ചു പോരുന്ന വിശ്വാസികള്‍ അല്ലാഹുവിന്റെ അടുക്കല്‍ വിജയികളായവരാണ്. അവര്‍ പറുദീസയില്‍ അനന്തമായി കഴിയുന്ന വിജയികളാണ്. റമസാനിലെ നമ്മുടെ കര്‍മങ്ങളുടെ എല്ലാം ലക്ഷ്യം അല്ലാഹുവിന്റെ അടുക്കലുള്ള വിജയവും സ്വര്‍ഗ പ്രവേശവും ആണല്ലോ. ആ വിജയം ലഭിക്കാന്‍ ആവശ്യമായ കര്‍മങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സദാ ഉണ്ടാകണം.
കൊവിഡ് കാലത്തെ ഈ പെരുന്നാള്‍ വീടുകളിലിരുന്ന് നിര്‍വഹിക്കാനാണ് ഇത്തവണ അല്ലാഹു നമുക്ക് നിശ്ചയിച്ചത്. നമുക്ക് ചുറ്റും രോഗം വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും ശ്രദ്ധയോടെയാകണം നമ്മുടെ എല്ലാ കര്‍മങ്ങളും നടത്തേണ്ടത്. പെരുന്നാള്‍ നിസ്കാരവും ഫിത്വര്‍ സകാത്ത് വിതരണവും എല്ലാം നിര്‍ദേശിക്കപ്പെട്ട നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം ചെയ്യുക. ദാനധര്‍മത്തിന് വളരെ പുണ്യമുള്ള ദിവസമാണല്ലോ ഇന്ന്. നമ്മുടെ നാടുകളിലെ പാവപ്പെട്ടവരെ മനസിലാക്കി അവര്‍ക്ക് സാധ്യമായ സഹായം നല്‍കണം. നേരിട്ടു കണ്ട് നല്‍കേണ്ട ആവശ്യമില്ലല്ലോ ഈ ഓണ്‍ലൈന്‍ കാലത്ത്. ഒരര്‍ഥത്തില്‍, മനുഷ്യര്‍ തമ്മിലുള്ള നേരിട്ടുള്ള ബന്ധപ്പെടലുകള്‍ പരിമിതമാക്കപ്പെട്ട ഈ കാലത്ത് ഓണ്‍ലൈന്‍ ഇത്ര പുരോഗതിയിലേക്ക് വന്നത് വലിയ അനുഗ്രഹം തന്നെ. കുടുംബ ബന്ധം പുലര്‍ത്താനും രോഗികളെ സമാശ്വസിപ്പിക്കാനും എല്ലാം സാധിക്കുന്നുണ്ടല്ലോ.
കൊവിഡ് രോഗികള്‍ മിക്ക സ്ഥലങ്ങളിലും ഉണ്ട് ഇപ്പോള്‍. അവരിലേക്ക് പെരുന്നാളിന്റെ സന്തോഷം കൈമാറാന്‍ ശ്രദ്ധിക്കണം. ഒരു വിളിയും പ്രാര്‍ഥനയുമൊക്കെ വലിയ ആശ്വാസമായിരിക്കും. ഭീതിയല്ല വേണ്ടത്. സാന്ത്വനമാണ്. എല്ലാവരും കൂടെയുണ്ടെന്നും പ്രാര്‍ഥനകള്‍ നടക്കുന്നുണ്ടെന്നുമുള്ള ബോധ്യം ഏതൊരാളുടെയും ഉന്മേഷത്തെ ഇരട്ടിപ്പിക്കും. രോഗം കൂടുന്നത് മാനസികമായ തളര്‍ച്ചയുടെ കൂടി കാരണത്താലാണല്ലോ. സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന അനര്ഥകമായ, ഭയാശങ്കകള്‍ വിതക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം.
കൊവിഡ് രോഗികളും അല്ലാത്തവരും നമുക്ക് ചുറ്റിലും ഉണ്ടാകും. അടുത്തു നിന്നുള്ള സന്ദര്‍ശനമോ സമ്പര്‍ക്കമോ ഇപ്പോള്‍ അസാധ്യമായിരിക്കും. അവരെ സാന്ത്വനിപ്പിക്കുന്ന സംസാരങ്ങളുണ്ടാകണം. ആവശ്യമുള്ളവര്‍ക്ക് സഹായങ്ങളും എത്തിക്കണം. ടെലിഫോണും ഇന്റര്‍നെറ്റും നല്കുന്ന സൗകര്യങ്ങള്‍ വിനിമയങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമല്ലോ. അങ്ങനെ, രോഗിയെ സന്ദര്‍ശിക്കുന്നതിന്റെ, സമാശ്വസിപ്പിക്കുന്നതിന്റെ പ്രതിഫലം ഈ ദിനത്തില്‍ കൈവശപ്പെടുത്താവുന്നതാണ്.
ഈ നാളുകളില്‍, മറ്റെല്ലാം മറന്ന് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിനു വേണ്ടി യത്നിക്കുന്നവരാണ് ആരോഗ്യ മേഖലയിലും മറ്റും സേവനം ചെയ്യുന്ന ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍, സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരൊക്കെ. അവരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. ഓരോ നാട്ടിലെയും സ്ഥിതിയനുസരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ആവശ്യമുണ്ടെങ്കില്‍ സഹകരിക്കുക.
വിവിധ നാടുകളില്‍ കൊവിഡ് മരണങ്ങള് വ്യാപകമായി ഉണ്ടാകുന്നു. മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ഭീതി കാരണം മാറിനില്‍ക്കുന്ന ആളുകളെ സംബന്ധിച്ച് കേരളത്തിന് പുറത്ത് നിന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നു. എന്നാല്‍, കേരളത്തില്‍ ഇതെല്ലാം വളരെ ഭംഗിയായി നിര്‍വഹിക്കപ്പെടുന്നു. ഇത്തരം സാമൂഹിക കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കാന് ഏറ്റവും സജീവമായി എസ്വൈഎസ് സാന്ത്വനം വോളണ്ടിയര്‍മാരുണ്ട്. വലിയ സേവനമാണ് അവര്‍ ചെയ്യുന്നത്. നന്മക്ക് ഉത്തമമായ നന്മ കൊണ്ട്, അതിമഹത്തായ പ്രതിഫലം അല്ലാഹു നല്‍കുക തന്നെ ചെയ്യും.
അല്ലാഹു നമ്മുടെ കൂടെയുണ്ടെന്ന ബോധമാണ് വിശ്വാസികള്‍ക്ക് എല്ലാ പരീക്ഷണ ഘട്ടങ്ങളിലും വേണ്ടത്. വിശ്വാസികളാണ് എങ്കില്‍ സങ്കടപ്പെടുകയോ സംഘര്ഷത്തിലാകുകയോ ഒന്നും വേണ്ട. പരീക്ഷണ ഘട്ടങ്ങളില്‍ കൂടുതല്‍ പ്രാര്ഥനാനിരതരാകുക. പ്രാര്‍ഥനക്ക് ഏറെ ഫലമുള്ള ഇന്നത്തെ ദിവസം, ഇരവുകളുമായി അല്ലാഹുവിലേക്ക് കൈകള്‍ ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. നിശ്ചയമായും നമ്മുടെ തേട്ടങ്ങള്‍ കൂലി ലഭിക്കാനുള്ള വലിയ വഴിയാണ്. അല്ലാഹു സ്വീകരിക്കുകയും ചെയ്തേക്കും.
ഈ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ലോകത്തുള്ള മുസ്ലിങ്ങളെ മുഴുവന്‍ വേദനിപ്പിക്കുന്ന മനുഷ്യവേട്ടയാണ് പലസ്തീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ റമസാനിന്റെ പുണ്യകര്‍മങ്ങളില്‍ വ്യാപൃതരായിരിക്കുന്ന വിശ്വാസികള്‍ക്ക് മേല്‍ മിസൈലുകള്‍ വര്‍ഷിച്ച ക്രൂരത, മനുഷ്യത്വം മരവിച്ചവര്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇസ്രായേലിന്റെ പിറവി തന്നെ പലസ്തീനിന്റെ മണ്ണ് അവിഹിതമായി പിടിച്ചെടുത്തുകൊണ്ടാണ്. 1948 മുതല്‍ ക്രൂരമായ ആക്രമണങ്ങള്‍ വഴി ആയിരക്കണക്കിന് ആളുകളെ അവര്‍ വധിച്ചു. പലസ്തീനിന്റെ ഭൂഭാഗങ്ങള്‍ പിടിച്ചെടുക്കുന്ന അവരുടെ അക്രമം തുടരുകയാണ്. പിഞ്ചുകുട്ടികള്‍ അടക്കം ഇരുപതിലധികം പേരാണ് കഴിഞ്ഞ ദിനങ്ങളില്‍ മരണപ്പെട്ടത്. നമ്മെപ്പോലെ സന്തോഷാവസ്ഥയില്‍ കഴിയാന്‍ ഒരിക്കലും അവസരം കിട്ടാത്തവരാണ് അവര്‍. പലസ്തീനികള്‍ക്ക് വേണ്ടി ഈ ദിനം നമ്മുടെ പ്രാര്‍ഥന ഉണ്ടാകണം.