Published:18 May 2021
ബാഴ്സലോണ: യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കിരീടം നടാടെ ബാഴ്സലോണയ്ക്ക്. ഫൈനലില്‍ ചെല്‍സിയെ തകര്‍ത്ത് തരിപ്പണമാക്കി കൊണ്ടാണ് ബാഴ്സലോണ വനിതകല്‍ കിരീടത്തില്‍ മുത്തമിട്ടത്. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണയുടെ വിജയം. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ബാഴ്സലോണ ഗോളടി തുടങ്ങി. ഇടതു വിങ്ങിലൂടെ കുതിച്ചു വന്ന ലൈക മെര്‍ടന്‍സിന്റെ ഷോട്ട് ബാറില്‍ തട്ടി ആദ്യ മടങ്ങി എങ്കിലും തിരികെ പന്ത് ബോക്സില്‍ എത്തിയപ്പോള്‍ ക്ലിയര്‍ ചെയ്യാനുള്ള ചെല്‍സി ഡിഫന്‍സിന്റെ ശ്രമം സെല്‍ഫ് ഗോളായി മാറുക ആയിരുന്നു. തുടക്കത്തില്‍ തന്നെ ലഭിച്ച ഗോള്‍ ബാഴ്സലോണക്ക് കളിയില്‍ പൂര്‍ണ്ണ നിയന്ത്രണം നല്കി.പതിനാലാം മിനിറ്റില്‍ ബാഴ്സലോണയുടെ രണ്ടാം ഗോള്‍ എത്തി.
ഇത്തവണ പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. പെനാല്‍റ്റി കിക്കെടുത്ത ക്യാപ്റ്റന്‍ പുടലസിന് ഒട്ടും പിഴച്ചില്ല. ഇരുപതാം മിനുട്ടില്‍ ഐതാന ബൊന്മാടിയിലൂടെ ബാഴ്സ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 36-ാം മിനുട്ടില്‍ ലൈക മെര്‍ടന്‍സിന്റെ ക്രോസില്‍ നിന്ന് ഒരു ടാപിന്നിലൂടെ ഗ്രഹാം ഹാന്‍സണ്‍ ബാഴ്സലോണയുടെ നാലാം ഗോളും നേടി.
രണ്ടാം പകുതിയിലും തിരിച്ചുവരാന്‍ ചെല്‍സിക്കായില്ല. കരുതലോടെ കളിച്ച ബാഴ്സലോണ രണ്ടാം പകുതിയില്‍ വിജയന് ഉറപ്പിച്ചു. ചെല്‍സിയുടെ വന്‍ താരങ്ങളായ ഹാര്ദറിനും ഫ്രാന് കിര്ബിക്കും സാം കെറിനൊന്നും ഫൈനലില്‍ ശോഭിക്കാന്‍ ആയില്ല. എന്നാല്‍ ബാഴ്സലോണയുടെ ലൈക മെര്‍ടന്‍സും ഹാമ്രൊയിയും ഒക്കെ അവരുടെ ഏറ്റവും മികവില്‍ ഇന്ന് കളിക്കുകയും ചെയ്തു. ഈ സീസണില്‍ സ്പെയിനില്‍ 26 മത്സരങ്ങളില്‍ നിന്ന് 126 ഗോളുകള്‍ അടിച്ച ടീമാണ് ബാഴ്സലോണ. ബാഴ്സലോണയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസണ് ഫൈനലില്‍ ലിയോണിനോട് പരാജയപ്പെട്ട് കിരീടം നഷ്മായതിന്റെ സങ്കടമാണ് ബാഴ്സലോണ ഈ വിജയത്തോടെ തീര്‍ത്തത്.-