Published:18 May 2021
വാഷിങ്ടൺ: സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചു സംസാരിച്ച ബൈഡൻ പിന്തുണ അറിയിച്ചു. ഹമാസിന്റെ ശക്തമായ റോക്കറ്റ് ആക്രമണങ്ങൾക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്. നിഷ്കളങ്കരായ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പ്രോത്സാഹനം നൽകുമെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. ജറൂസലമിൽ സാമുദായിക സംഘർഷം അവസാനിപ്പിക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനുമുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ പറഞ്ഞു.
ഹമാസിനും മറ്റു തീവ്രവാദി ഗ്രൂപ്പുകൾക്കും എതിരായ ഇസ്രയേലിന്റെ സൈനിക നടപടികളുടെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി. വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം ധരിപ്പിച്ചു. ഇതിനായി ഈജിപ്റ്റും മറ്റു പങ്കാളികളുമായി യുഎസ് ഇടപെട്ടു നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും സംസാരിച്ചതായി വൈറ്റ്ഹൗസ് കൂട്ടിച്ചേർക്കുന്നു.
ഒരാഴ്ചക്കിടെ മൂവായിരത്തിലേറെ റോക്കറ്റാക്രമണങ്ങൾ ഹമാസ് നടത്തിയിട്ടുണ്ട്. ഇസ്രയേലിലെ പകുതിയിലേറെ ജനങ്ങൾ ഷെൽറ്റർ ഹൗസുകളിലാണ്. അതേസമയം, നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഗാസയിൽ ഇസ്രയേലും നടത്തി. ഇരുനൂറിലേറെ പലസ്തീനികൾ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളിൽ ഇസ്രേലികളും മരിച്ചിട്ടുണ്ട്.
ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കൻ ഇസ്രേലി വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമായി സംസാരിച്ചു. ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇസ്രയേലും പലസ്തീൻ അഥോറിറ്റിയുമായി യുഎസ് തുടർന്നും ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്ന് ബ്ലിങ്കൻ പറയുന്നു. ഇസ്രയേൽ, പലസ്തീൻ നേതാക്കളുമായി ബൈഡൻ സംസാരിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹമാസ് ഇസ്രയേലിൽ റോക്കറ്റാക്രമണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം- സാക്കി ആവശ്യപ്പെട്ടു. തീവ്രവാദികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രയേലിന് എല്ലാ അവകാശവുമുണ്ട്- സാക്കിയും വ്യക്തമാക്കി. മാധ്യമ പ്രവർത്തകർ ആക്രമിക്കുന്നതു തടയണമെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ബൈഡൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായും സാക്കി. അക്രമം കുറയ്ക്കുകയാണ് ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അവർ.