Published:20 May 2021
റവന്യൂ ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ കണ്ണൂർ അവേര കരിമ്പാറ സ്വദേശി ചാലാടൻ ജനാർദനൻ അമ്പരന്നു. നാട്ടിൻപുറങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ എത്തുന്നത് അത്ര സന്തോഷമുള്ള കാര്യങ്ങൾക്കല്ല. ജപ്തി, കുടിശ്ശിക പിരിവ് എന്നിവയൊക്കെയാണല്ലോ അവരുടെ ഇടപെടലുകളിലേറെയും. പക്ഷെ, ജനാർദനനെ സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥർ നൽകിയത് ഒരു ക്ഷണക്കത്തും കാർ പാസും... രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം.
ജനാർദനനെ അറിയാമല്ലോ? ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തശേഷം ഇതാരോടും പറയേണ്ടെന്നു പറഞ്ഞ് വീട്ടിൽ പോയ ഭിന്നശേഷിക്കാരനായ ബീഡിത്തൊഴിലാളി. കേൾവിക്കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ജനാർദനൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ ഈയിടെ കൊണ്ടാടിയ നന്മയുടെ രൂപങ്ങളിൽ പ്രമുഖൻ ജനാർദനനായിരുന്നു.
ഇത് ഇവിടെ അവസാനിക്കുന്നില്ല. ആടിനെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. സര്ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക് ലഭിച്ചു. കൊവിഡ് ആയതിനാല് പോകേണ്ട എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല് പോകണമെന്നാണ് താന് ആഗ്രഹിക്കുന്നതെന്നും കൊല്ലത്ത് കളക്റ്ററേറ്റിന് സമീപം ചായക്കച്ചവടം നടത്തുന്ന സുബൈദ പറയുന്നു. ഇത്തരക്കാരെ ഓർത്തുവച്ചു ക്ഷണിച്ചു എന്നത് തീർച്ചയായും മുഖ്യമന്ത്രിയുടെ മനസ്സിന്റെ നന്മയായിത്തന്നെ വിലയിരുത്തണം.
മറ്റൊരു സംഭവം എഴുതിയത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൂടിയായ കവി പ്രഭാവർമയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വരുന്ന എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരാളുണ്ട്. അവിടെ സന്ദർശകർക്ക് പ്രവേശനമുള്ള കന്റോൺമെന്റ് ഗേറ്റിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിക്കുന്ന എം. അബ്ദുൾ കരീം. വലിയ സമ്പന്നനായിരുന്ന അദ്ദേഹത്തിന് ഒരു കാലത്ത് നാഷണൽ പെർമിറ്റ് ലോറികളുടെ നീണ്ട നിര സ്വന്തമായിരുന്നു. എങ്ങനെയോ സമ്പത്താകെ നശിച്ച അദ്ദേഹം സ്വമേധയാ ഏറ്റെടുത്ത ചുമതലയാണിത്. ഇപ്പോഴൊന്നുമല്ല, കെ. കരുണാകരൻ മുതലുള്ള മുഖ്യമന്ത്രിമാരുടെ കാലത്ത് അദ്ദേഹം അവിടെ സ്വയം ഏറ്റെടുത്ത ഈ ചുമതലയിലുണ്ട്! രാവിലെ എത്തുന്ന അദ്ദേഹം വൈകുന്നേരം ഓഫീസ് സമയം കഴിഞ്ഞേ അവിടെനിന്ന് പോവൂ.
ഒന്നാം പിണറായി സർക്കാരിന്റെ ഭരണ കാലാവധി കഴിയാറായപ്പോൾ തന്റെ സ്റ്റാഫിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു വിരുന്നൊരുക്കി. അന്ന് മുഖ്യമന്ത്രി ആദ്യം നിർദേശിച്ച പേര് അബ്ദുൾ കരീമിന്റേതാണ്. പ്രഭാവർമയുടെ വാക്കുകൾ ഇങ്ങനെ: "പേരു പറയുക മാത്രമല്ല ചെയ്തത്. പ്രത്യേക വണ്ടി അയച്ച് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുവന്നു. ഇലയിട്ടു ചോറുവിളമ്പി! പല മുഖ്യമന്ത്രിമാർക്കും സല്യൂട്ട് ചെയ്തിട്ടുള്ള കരീം ഇങ്ങോട്ടു കിട്ടിയ ഈ സല്യൂട്ടിൽ വിസ്മയിച്ചു പോയിരിക്കണം.'
ഇങ്ങനെയൊക്കെയുള്ള പിണറായി വിജയൻ നേതൃത്വം നൽകുന്ന ഈ സർക്കാരിൽ ജനം ആകാംക്ഷാപൂർവം കാത്തിരുന്നത് കെ.കെ. ശൈലജയ്ക്ക് ആരോഗ്യ വകുപ്പായിരിക്കുമോ എന്നറിയാനാണ്. ഭരണമികവിന്റെ പേരിൽ ധനവകുപ്പ് കൊടുക്കുമോ എന്നും ചിലർ സംശയിച്ചു. അപ്പോഴാണ് ഒരു വകുപ്പുമില്ല, മന്ത്രിയേ അല്ല എന്ന തീരുമാനം വന്നത്. സിപിഎമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്രക്കമ്മിറ്റിയിലെ നാലുപേരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പിണറായി വിജയൻ, കെ.കെ. ശൈലജ, കെ.രാധാകൃഷ്ണൻ, എം.വി. ഗോവിന്ദൻ എന്നിവരാണ് അവർ. അതിൽ ഏക സ്ത്രീയായ ശൈലജ ടീച്ചറെ മാത്രം മന്ത്രിസഭയിൽനിന്ന് മാറ്റി നിർത്തുന്നതിന് സിപിഎം ഒരുപാട് കാരണങ്ങൾ നിരത്തുന്നുണ്ട്. അങ്ങനെയാണെങ്കിൽ അതേ വ്യവസ്ഥ എല്ലാപേർക്കും ബാധകമാകണ്ടേ?
പിണറായി വിജയൻ ഇതാദ്യമല്ല ജയിക്കുന്നത്. മന്ത്രിയാവുന്നതും മുഖ്യമന്ത്രിയാവുന്നതും ആദ്യമല്ല. കെ. രാധാകൃഷ്ണൻ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളും സ്പീക്കർമാരിലൊരാളും ആയിരുന്നുവെന്നതിന് സംശയമില്ല. ഇനിയും അങ്ങനെ തന്നെ ആവുമെന്നതും ഉറപ്പാണ്. പക്ഷെ, രാധാകൃഷ്ണൻ പുതുമുഖമല്ല. അഞ്ചുവർഷം മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല എന്നതിന്റെ പേരിൽ രാധാകൃഷ്ണന് ഇളവു കൊടുത്തില്ലേ? പിണറായി വിജയനും രാധാകൃഷ്ണനും കൊടുത്ത "ആ ഇളവ്' എന്തുകൊണ്ട് ശൈലജ ടീച്ചർക്ക് കിട്ടാതെ പോയി?
അഞ്ചുവർഷം അത്ര വലിയ കാലാവധിയൊന്നുമല്ല. അഞ്ചുകൊല്ലം മന്ത്രിയായതിന്റെ പേരിൽ മത്സരിപ്പിച്ച കേന്ദ്രക്കമ്മിറ്റി അംഗത്തിന് ഇളവ് അനുവദിക്കാത്തത് അവർ ഒരു സ്ത്രീയായിപ്പോയി എന്നതിന്റെ പേരിലാണ് എന്ന് സംശയിക്കുന്നവർ ഒരുപാടുണ്ട്. "നമ്മളെ നയിച്ചവർ ജയിക്കണം, തുടർച്ചയോടെ നാടുവീണ്ടും ഉജ്ജ്വലിക്കണ'മെന്ന പാട്ട് മുഴങ്ങാത്ത ഒരിടവും ഈ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലുണ്ടാവില്ല. ആ പാട്ടു പാടിയ സിതാര കൃഷ്ണകുമാർ മുതൽ റീമാ കല്ലിങ്കൽ, പാർവതി തെരുവോത്ത്, മാലാ പാർവതി, വിനീത് ശ്രീനിവാസൻ, മധുപാൽ എന്നിങ്ങനെ ഈ സർക്കാരിനെ പരസ്യമായി അനുകൂലിച്ചവർ തന്നെയാണ് ഇപ്പോൾ ഈ തീരുമാനത്തിന്റെ പേരിൽ വിമർശിക്കുന്നത്.
"ശൈലജ ടീച്ചർ പ്രതികൂല സാഹചര്യങ്ങളെ സംയമന ബുദ്ധിയോടെ നേരിട്ട രീതി കൊണ്ട് കൂടുതൽ പ്രിയങ്കരിയായി. ഇപ്പോൾ നമ്മൾ വേദനിക്കുന്നതും പരിഭ്രമിക്കുന്നതും അതുകൊണ്ടു തന്നെ. വന്മരങ്ങൾ കൂടുതൽ ആശ്വസിപ്പിക്കുമെന്ന നമ്മുടെ ശീലമാകാമത്'എന്നാണ് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി ആശ്വസിക്കുന്നത്. അത് ഇവരാരും സിപിഎം വിരുദ്ധരായതുകൊണ്ടല്ല. "കൊവിഡ് റാണി, നിപ രാജകുമാരി, മീഡിയാ മാനിയാക്' എന്നൊക്കെ വിളിച്ചവർക്കും പരിഹസിച്ചവർക്കും ഇപ്പോൾ കെ.കെ. ശൈലജ പ്രിയങ്കരിയായതിൽ അതിശയമില്ല. അതല്ല, കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും അവസ്ഥ. കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി വിജയിച്ച സിപിഎം കേന്ദ്രക്കമ്മിറ്റി അംഗത്തിന് "തുടർച്ചയോടെ വീണ്ടും ഉജ്ജ്വലിക്കാനാവാത്തത്' എന്തിന്റെ പേരിലാണെങ്കിലും പുതിയ മന്ത്രിസഭയുടെ തുടക്കത്തിന്റെ ശോഭയെ ബാധിച്ചു എന്നു പറയാതിരിക്കാനാവില്ല.
മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന തീരുമാനം രണ്ട് "ബന്ധുനിയമന'ങ്ങളാണ്. അവരെ ബന്ധു എന്ന് ചുരുക്കുന്നു എന്നതാണ് അതിന്റെ കാരണം. ഇടതുപക്ഷക്കാരിൽ അർഹതയുള്ളവരെ ബന്ധുത്വത്തിന്റെ പേരിൽ ചെറുതാക്കാനുള്ള നീക്കം അത്ര ഉചിതമല്ല. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവും ആയ ശേഷമാണ് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനായത്. മരുമകനായതിനാൽ അവസരം നിഷേധിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിചാരിച്ചിരിക്കണം. അവിടെയും പിണറായി വ്യത്യസ്തനായി. കേരളത്തിലെ മറ്റേതെങ്കിലും ഒരു മുഖ്യമന്ത്രിയായിരുന്നെങ്കിൽ സ്വന്തം മരുമകനെ തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമാക്കുമായിരുന്നോ എന്ന ചോദ്യം സങ്കല്പത്തിൽ നിന്നുള്ളതാവുന്നതിനാൽ അത് ആലോചിച്ച് നോക്കുന്നതിനായി വിടുന്നു!
വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരിയായ എയ്ഞ്ചലാ കാർട്ടറിന്റെ ക്യതികളെ ആസ്പദമാക്കി "ലിംഗ പദവിയും ഉത്തരാധുനികതയും' എന്ന വിഷയത്തിൽ ഡോക്റേറ്റ് നേടിയ ആർ.ബിന്ദു, "മാതൃഭൂമി' ആഴ്ചപ്പതിപ്പ് നടത്തിയ മത്സരത്തിൽ ചെറുകഥാ രചനയ്ക്ക് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒന്നാം സ്ഥാനം നേടി. കഥകളിക്കും, നൃത്തത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടിയ ബിന്ദു ജെഎൻയുവിൽ നിന്ന് എംഫിലും കരസ്ഥമാക്കി. കേരള വർമ കോളെജിലെ വൈസ് പ്രിൻസിപ്പലായ അവർ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റ അംഗം, പ്രൈവറ്റ് കോളെജ് അധ്യാപക സംഘടനയായ എകെപിസിറ്റിഎ യുടെ സംസ്ഥാന നേതാവ്, സിപിഎം തൃശൂർ ജില്ലാ കമ്മറ്റി അംഗം, സെനറ്റ് അംഗം, തൃശൂരിലെ ആദ്യ വനിതാ മേയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ അല്ലായിരുന്നെങ്കിലും അവരുടെ മന്ത്രിസ്ഥാനം യോഗ്യതയുടെ പേരിലാണെന്ന് കണ്ണടച്ചുകൊണ്ട് പറയാനാവും.
എന്തായാലും, തീരുമാനങ്ങൾ വന്നുകഴിഞ്ഞു. യന്ത്രങ്ങളാവരുത് സിപിഎം നേതൃത്വം. അതിന് ഒരു മാനുഷിക മുഖം വേണം. ചട്ടവും നയവും നിയമവും എല്ലാം മനുഷ്യർക്കുവേണ്ടിയാണെന്ന് തിരിച്ചറിയാൻ പ്രസ്ഥാനത്തിന് കഴിയണം. "സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം' എന്നു പറയുമ്പോലെ ഓരോ തീരുമാനത്തിന്റെയും മെരിറ്റ് ജനത്തെ ബോധ്യപ്പെടുത്താനാവണം. അതിന് പുതിയ സർക്കാരിന് കഴിയട്ടെ. പുതിയ ഒരു ടീം അധികാരത്തിലേക്ക് വന്നുകഴിഞ്ഞു. ഇതുവരെയുള്ള ഇടത് സർക്കാരുകളെക്കാൾ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി തുടർ ഭരണത്തിന് ജനം അവസരം നൽകിയത് "തുടർച്ചയോടെ നാടുവീണ്ടും ഉജ്ജ്വലിക്കണ'മെന്ന ആഗ്രഹത്തോടെയാണ്. അങ്ങനെ, കേരളത്തിലെ ഏറ്റവും മികച്ച ജനകീയ സർക്കാർ എന്ന് ഉജ്ജ്വലിക്കാൻ രണ്ടാം പിണറായി സർക്കാരിന് കഴിയട്ടെ.