19
September 2021 - 7:39 pm IST

Download Our Mobile App

Flash News
Archives

Football

Italy Vs England, Euro Cup Final, Euro Cup Champions, Italy Champions

യൂറോ ഷൂട്ടൗട്ടിൽ ഇറ്റലി, കാത്തിരിപ്പു തീരാതെ ഇംഗ്ലണ്ട്

Published:12 July 2021

പെനൽറ്റി സ്പെഷ്യലിസ്റ്റുകളെന്ന നിലയിൽ അധിക സമയത്തു കളത്തിലിറക്കിയതാണ് റാഷ്ഫോഡിനെയും സാഞ്ചോയെയും. പെനൽറ്റി സ്പോട്ടിലെ മൂന്നു തുടർ പരാജയങ്ങൾ ഇംഗ്ലണ്ടിനെ കണ്ണീർക്കയത്തിലാക്കിയപ്പോൾ ഇറ്റാലിയൻ ഗോളി വാനോളം വാഴ്ത്തപ്പെടുന്നവനുമായി.

ലണ്ടൻ: ഇറ്റാലിയൻ സോക്കറിന്‍റെ വീണ്ടെടുപ്പ് പൂർണമായി. നല്ലൊരു കിരീടത്തിനായുള്ള അര നൂറ്റാണ്ടു നീണ്ട കാത്തിരിപ്പു തുടരാം ഇംഗ്ലണ്ടിന്. എല്ലാം നിശ്ചയിച്ചത് പെനൽറ്റി ഷൂട്ടൗട്ടിൽ. സ്കോർ 3-2. അധിക സമയവും കഴിയുമ്പോൾ 1-1 സമനിലയായിരുന്നു. ഇറ്റലി യൂറോപ്യൻ ഫുട്ബോൾ  ചാംപ്യൻഷിപ്പ് നേടുന്നതു രണ്ടാം തവണ.

വെംബ്ലി സ്റ്റേഡിയത്തിലെ സ്വന്തം കാണികളുടെ മുന്നിൽ സമ്മർദത്തിലായിപ്പോയ ഇംഗ്ലണ്ടിനെ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയേറിയ ഇറ്റലി വളഞ്ഞു തളയ്ക്കുകയായിരുന്നു. പത്തൊമ്പതുകാരൻ ബുകായോ സാകയുടെ നിർണായകമായ സ്പോട്ട് കിക്ക് ഇടത്തോട്ടു ചാടി തടുത്ത ഇറ്റാലിയൻ ഗോളി ജിയാൻല്യൂജി ഡൊന്നാരുമ അസൂറികളുടെ അന്തിമ രക്ഷകനായി. അതിനു മുൻപ് ജയ്ഡൻ സാഞ്ചോയുടെ ഷോട്ടും ഡൊന്നാരുമ തടുത്തിരുന്നു. മാർക്കസ് റാഷ്ഫോഡിന്‍റെ ഷോട്ട് പോസ്റ്റിൽതട്ടി പുറത്തേക്കും പോയി. പെനൽറ്റി സ്പെഷ്യലിസ്റ്റുകളെന്ന നിലയിൽ അധിക സമയത്തു കളത്തിലിറക്കിയതാണ് റാഷ്ഫോഡിനെയും സാഞ്ചോയെയും. പെനൽറ്റി സ്പോട്ടിലെ മൂന്നു തുടർ പരാജയങ്ങൾ ഇംഗ്ലണ്ടിനെ കണ്ണീർക്കയത്തിലാക്കിയപ്പോൾ ഇറ്റാലിയൻ ഗോളി വാനോളം വാഴ്ത്തപ്പെടുന്നവനുമായി.

ഏതാണ്ട് നാലു വർഷം മുൻപ് ലോകകപ്പിനു യോഗ്യത പോലും നേടാൻ കഴിയാതെ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലേക്കു കൂപ്പുകുത്തിയതാണ് ഇറ്റാലിയൻ ഫുട്ബോൾ. ആറു ദശകത്തിനിടെ ആദ്യമായി ഇറ്റലിയില്ലാത്ത ലോകകപ്പ്. അതേ ഇറ്റലി ഇപ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച ടീം. കോച്ച് റോബർട്ടോ മൻസീനിയുടെ കീഴിൽ തുടർച്ചയായി 34 വിജയങ്ങളുടെ ദേശീയ റെക്കോഡും സ്വന്തം.

അമ്പത്തഞ്ചു വർഷത്തിനിടയിലെ ആദ്യത്തെ മേജർ ഫൈനൽ കളിച്ച ഇംഗ്ലണ്ടിന് ഷൂട്ടൗട്ടുകളിലെ ദുർവിധികൾ ആവർത്തിക്കുകയാണ്. 1990,1996, 1998, 2004, 2006, 2012 വർഷങ്ങളിലും പ്രമുഖ ടൂർണമെന്‍റുകളിൽ ഷൂട്ടൗട്ടിൽ പുറത്തായ ചരിത്രമുണ്ട് ഇംഗ്ലിഷ് ഫുട്ബോളിന്.

ഇക്കുറി എല്ലാ ഭാഗ്യവും ഒത്തുവരുന്നു എന്നു തോന്നി മത്സരത്തുടക്കത്തിൽ തന്നെ. യൂറോപ്യൻ ചാംപ്യൻഷിപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ മനോഹരമായ ഹാഫ് വോളിയിലൂടെ രണ്ടാം മിനിറ്റിലേ കണ്ടെത്തി ലൂക്ക് ഷാ. പക്ഷേ, അറുപത്തേഴാം മിനിറ്റിലെ ലിയനോർഡോ ബൊനൂച്ചിയുടെ സമനില ഗോൾ ആതിഥേ‍യരുടെ അടിതെറ്റിച്ചു. 1968നു ശേഷം ആദ്യമായാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. നാലു തവണ ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട് അസൂറികൾ ഇതുവരെ.


വാർത്തകൾ

Sign up for Newsletter



top