19
September 2021 - 8:32 pm IST

Download Our Mobile App

World

ഷിയുടെ ടിബറ്റ് സന്ദർശനം ഇന്ത്യയ്ക്ക് ഭീഷണി: യുഎസ്

Published:27 July 2021

ചൈനയുടെ ആധിപത്യം തടയാൻ ബൈഡൻ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം. റിപ്പബ്ലിക്കൻ അംഗം ഡെവിൻ നൺസാണ് ചൈനയ്ക്കെതിരേ രൂക്ഷ വിമർശനമുയർത്തിയത്.

വാഷിങ്ടൺ‌: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ ടിബറ്റ് സന്ദർശനം ഇന്ത്യയ്ക്കു ഭീഷണിയെന്ന് യുഎസ് കോൺഗ്രസ് അംഗം. ചൈനയുടെ ആധിപത്യം തടയാൻ ബൈഡൻ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം. റിപ്പബ്ലിക്കൻ അംഗം ഡെവിൻ നൺസാണ് ചൈനയ്ക്കെതിരേ രൂക്ഷ വിമർശനമുയർത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന അംഗമാണു കാലിഫോർണിയയിൽ നിന്നുള്ള ഡെവിൻ നൺസ്. 2015 മുതൽ 2019 വരെ യുഎസ് കോൺഗ്രസിലെ അതിശക്തമായ ഇന്‍റലിജൻസ് സമിതിയുടെ അധ്യക്ഷനായിരുന്നു നൺസ്.

കഴിഞ്ഞ ബുധനാഴ്ചയാണു ഷി ജിൻപിങ് അപ്രതീക്ഷിതമായി ടിബറ്റിലെ നിങ്ചിയിൽ മൂന്നു ദിവസത്തെ സന്ദർശനം നടത്തിയത്. അരുണാചൽ പ്രദേശ് അതിർത്തിയോടു ചേർന്നാണ് നിങ്ചി. ടിബറ്റ് മിലിറ്ററി കമാൻഡ് നേതൃത്വവുമായി ചൈനീസ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.

മൂന്നു പതിറ്റാണ്ടിനിടെ ഇതാദ്യമാണു ചൈനീസ് പ്രസിഡന്‍റ് ടിബറ്റിലെത്തുന്നതെന്നു ഡെവിൻ നൺസ് ചൂണ്ടിക്കാട്ടി. ചൈനീസ് ഏകാധിപതിയുടെ ടിബറ്റ് സന്ദർശനം ആണവ ശക്തിയും നൂറുകോടി ജനസംഖ്യയുമുള്ള ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇന്ത്യയിലേക്കുള്ള വെള്ളം തടയുന്ന വൻ അണക്കെട്ട് താൻ നിർമിക്കുമെന്ന ഭീഷണി മുഴക്കുകയാണ് സന്ദർശനത്തിലൂടെ ഷി ജിൻപിങ് ലക്ഷ്യമിട്ടത്. ചൈനയുടെ യാത്ര തടയാൻ ബൈഡൻ ഭരണകൂടം ഒരു നടപടിയുമെടുക്കുന്നില്ല- നൺസ് പറഞ്ഞു.

നിങ്ചി സന്ദർശിച്ച ഷി ജിൻപിങ് ന്യാങ് നദിയിലെ പാലം സന്ദർശിച്ച് ബ്രഹ്മപുത്രാ തടത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.  പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രഹ്മപുത്രാ നദിയിൽ  കൂറ്റൻ  ഡാം നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട് ചൈന. ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും വിയോജിപ്പുകൾ മറികടന്നാണു നീക്കം.


വാർത്തകൾ

Sign up for Newsletter



top