18
June 2019 - 10:31 am IST

Download Our Mobile App

Flash News
Archives

Tradition

sreedhareeyam-ayurveda

മേളപ്പദത്തിലാറാടിച്ച് ജയറാം, ഔഷധേശ്വരി ക്ഷേത്രത്തില്‍ കര്‍ക്കിടകമാസ തീര്‍ത്ഥാടനത്തിന് തുടക്കം

Published:17 July 2018

കൂത്താട്ടുകുളം നെല്ല്യക്കാട്ട് ശ്രീധരീയം ഔഷധേശ്വരി സന്നിധിയില്‍ ചലച്ചിത്രതാരം ജയറാം തീര്‍ത്തത് മേളപ്പദത്തിന്‍റെ വിസ്മയം. കര്‍ക്കിടകമാസ തീര്‍ത്ഥാടന കാലത്തിന്‍റെ തുടക്കം കുറിച്ച് ഔഷധപ്രസാദം സേവിക്കാന്‍ ആയിരങ്ങളാണ് രാവിലെ മുതല്‍ ക്ഷേത്ര സന്നിധിയില്‍ എത്തിയത്. ജയറാമെത്തിയത്.

കൊച്ചി: കൂത്താട്ടുകുളം നെല്ല്യക്കാട്ട് ശ്രീധരീയം ഔഷധേശ്വരി സന്നിധിയില്‍ ചലച്ചിത്രതാരം ജയറാം തീര്‍ത്തത് മേളപ്പദത്തിന്‍റെ വിസ്മയം. കര്‍ക്കിടകമാസ തീര്‍ത്ഥാടന കാലത്തിന്‍റെ തുടക്കം കുറിച്ച് ഔഷധപ്രസാദം സേവിക്കാന്‍ ആയിരങ്ങളാണ് രാവിലെ മുതല്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്. പ്രഥമ ഔഷധേശ്വരി പുരസ്കാരം ഏറ്റുവാങ്ങാന്‍ സഹോദരി മഞ്ജുളയോടൊപ്പമാണ് ജയറാമെത്തിയത്. ധന്വന്തരി മൂര്‍ത്തി സന്നിധിയി ല്‍ ഉപ്പും പുളിയും സമര്‍പ്പിച്ച ശേഷം സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാടിന്‍റെ കാര്‍മ്മികത്വത്തില്‍ 1008 നാളികേരങ്ങള്‍ കൊണ്ടുള്ള ഗണപതി ഹോമകുണ്ഡത്തിനു മുന്നില്‍ തൊഴുതു. പിന്നീട് ക്ഷേത്രദര്‍ശനം നടത്തി സഹകലാകാരന്മാരെ അഭിവാദ്യം ചെയ്തു. 

ഞായറാഴ്ച ഭക്തര്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഔഷധേശ്വരി ശില്പത്തിനു മുന്നിലായിരുന്നു 111 ചെണ്ടകലാകാരന്മാരുടെ മേളപ്രമാണിത്തം വഹിച്ച് ജയറാം അവതരിപ്പിച്ച പഞ്ചാരി മേളം. ഇടത്ത് ആനിക്കാട് കൃഷ്ണകുമാറും വലത്ത് ചോറ്റാനിക്കര സത്യന്‍ നാരായണമാരാരും ജയറാമിന് മികച്ച പിന്തുണ നല്‍കി. പതികാലം കൊട്ടി അസുരവാദ്യത്തിന്‍റെ നാലു കാലങ്ങളും കടന്ന് മേളപ്പദ വിസ്മയം തീര്‍ത്തപ്പോള്‍ മഴയയെ അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് കാണാനെത്തിത്. വിദേശികളടക്കമുള്ള ആസ്വാദക വൃന്ദത്തോട് ചെണ്ടയിലൂടെ സംവദിച്ച ജയറാം കൊട്ടിയവസാനിപ്പിച്ചപ്പോള്‍ നിറഞ്ഞ കരഘോഷം അകമ്പടിയായി. 

തുടർന്ന് ഔഷധേശ്വരി ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ഔഷധേശ്വരി പുരസ്കാരം ക്ഷേത്രേശന്‍ നാരായണന്‍ നമ്പൂതിരി ജയറാമിന് സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ പത്നി ശ്രീദേവി അന്തര്‍ജ്ജനം, ക്ഷേത്രം ട്രസ്റ്റി ഹരി എന്‍ നമ്പൂതിരി, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം ട്രസ്റ്റി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഉത്സവപ്പറമ്പുകളിലെ മിമിക്രി വേദിയിലൂടെയാണ് തന്‍റെ കലാജീവിതം തുടങ്ങിയതെന്ന് ജയറാം അനുസ്മരിച്ചു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉത്സവപ്പറമ്പുകളില്‍ മേളപ്രമാണിയായി ആയിരക്കണക്കിനു ജനങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ നേരിട്ട് ലഭിക്കാനവസരമുള്ള ഒരേയൊരു സിനിമാതാരം താനാണെന്നത് സ്വകാര്യ അഹങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യുന്ന ഔഷധേശ്വരിയുടെ പേരിലുള്ള ആദ്യ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കലയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജയറാമിന് ഔഷധേശ്വരി പുരസ്കാരം സമര്‍പ്പിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്ന് ക്ഷേത്രം ട്രസ്റ്റി ഹരി എന്‍ നമ്പൂതിരി പറഞ്ഞു. പഞ്ചാരി മേളത്തിനു ശേഷം ജയറാം ക്ഷേത്രദര്‍ശനം നടത്തി ഔഷധ പ്രസാദം സ്വീകരിച്ചു. സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടിയ ആരാധകരെ അദ്ദേഹം നിരാശരാക്കിയില്ല. രണ്ടര മണിക്കൂറോളം ചെണ്ട കൊട്ടിയ ക്ഷീണം വകവയ്ക്കാതെ അദ്ദേഹം ഭക്തജനങ്ങളുമായി സംവദിച്ചു. 

പിന്നീട് ഗജപൂജയും നടന്നു. നെല്ല്യക്കാട്ട് മഹാദേവനെ ക്ഷേത്ര നടയിലെത്തിച്ച് പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ട് ചേര്‍ത്ത പ്രസാദം ഉരുളയായി നല്‍കി. വനം വകുപ്പിന്‍റെ മാനദണ്ഡമനുസരിച്ച് മറ്റ് ഇരുപതില്‍പരം ആനകള്‍ക്ക് ക്ഷേത്രത്തിലേക്കുള്ള കവാടത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ആനയൂട്ട് നടത്തി. ഭക്ത ജനങ്ങള്‍ക്ക് നേരിട്ട് ആനയൂട്ട് നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 

കര്‍ക്കിടകാവസാനം വരെ (ഓഗസ്റ്റ് 16) ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം നടത്തി ഔഷധപ്രസാദം സേവിക്കാവുന്നതാണ്. രാവിലെ 6 മുതല്‍ 12 വരെയും വൈകീട്ട് 5 മുതല്‍ 7.30 വരെയുമാണ് ഔഷധ സേവയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് ആറിനാണ് തീര്‍ത്ഥാടന കാലത്തെ ഔഷധ പൊങ്കാല വഴിപാട്. കര്‍ക്കിടക മാസത്തിലെ ഔഷധസേവയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് ഔഷധേശ്വരി ഭാവത്തില്‍ പ്രതിഷ്ഠയുള്ള നെല്ല്യക്കാട്ട് ഭഗവതി. കര്‍ക്കിടകമാസം മുഴുവന്‍ ഔഷധം പ്രസാദമായി നല്‍കുന്ന പ്രത്യേകതയും ഇവിടെയുണ്ട്. സാധാരണ സമീപ പ്രദേശങ്ങളില്‍ നിന്നു തന്നെ കര്‍ക്കിടക ഔഷധത്തിനു വേണ്ട ദ്രവ്യങ്ങള്‍ ശേഖരിക്കുകയാണ് പതിവ്. ഇക്കുറി കര്‍ക്കിടക മാസത്തെ ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രധാന്യം വിളംബരം ചെയ്യുന്നതിനു വേണ്ടി കേരളത്തിലൂടനീളം രഥയാത്ര നടത്തി ദ്രവ്യങ്ങള്‍ ഭിക്ഷയായി സ്വീകരിക്കുകയായിരുന്നു.​​ 


വാർത്തകൾ

Sign up for Newslettertop