19
September 2021 - 8:05 pm IST

Download Our Mobile App

Market

വില ഉയർത്താനൊരുങ്ങി മദ്യ ഉൽപാദകർ

Published:06 September 2021

എത്തനോളിന്‍റെ ഉപയോഗം പെട്രോളിയം മേഖലയിൽ പരമാവധി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നതാണ് മദ്യ ഉത്പാദന കമ്പനികളെ മുൾമുനയിലാക്കുന്നത്

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളിൽ കലർത്താൻ എത്തനോളിന്‍റെ ആവശ്യം ഗണ്യമായി കൂടുന്ന സാഹചര്യം മൂലം രാജ്യത്തെ മദ്യവില വർധിപ്പിക്കാൻ കമ്പനികൾ ആലോചിക്കുന്നു. എത്തനോളിന്‍റെ ഉപയോഗം പെട്രോളിയം മേഖലയിൽ പരമാവധി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നതാണ് മദ്യ ഉത്പാദന കമ്പനികളെ മുൾമുനയിലാക്കുന്നത്.

നിലവിൽ പെട്രോളിയം ഉത്പന്നങ്ങളിൽ പത്ത് ശതമാനം എത്തനോളാണ് കലർത്തുന്നത്.

കരിമ്പിൻ ചണ്ടി , ധാന്യങ്ങൾ എന്നിവയിൽ നിന്നും ഉത്പാദിപ്പിക്കുന്ന എക്സ്ട്രാ ന്യൂട്രൽ എത്തനോളാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. രാജ്യത്ത് വിസ്ക്കി , വോഡ്കാ, ജിൻ തുടങ്ങിയ മദ്യങ്ങളുടെ ഉത്പാദനത്തിനും എക്സ്ട്രാ ന്യൂട്രൽ എത്തനോൾ തന്നെയാണ് വേണ്ടത്.

ഉപഭോഗം ഗണ്യമായി കൂടിയതോടെ എത്തനോളിന്‍റെ വില തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉത്പന്നങ്ങളിൽ കലർത്താനായി 325 കോടി ലിറ്റർ എത്തനോളാണ് ഉപയോഗിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇതിനായി 400 കോടി ലിറ്റർ എത്തനോൾ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം 2025 ഓടെ പെട്രോളിയം ഉത്പനങ്ങളിൽ 20 ശതമാനം എത്തനോൾ കലർത്തണമെന്നാണ് എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. ഇതോടെ എത്തനോളിന്‍റെ വമ്പൻ കയറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ മദ്യ വിലയും വരും വർഷങ്ങളിൽ വലിയ തോതിൽ ഉയർത്തേണ്ടി വരുമെന്ന് നിർമാതാക്കൾ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top