19
September 2021 - 8:20 pm IST

Download Our Mobile App

Food

red-okra

ഇന്ത്യയിലും വിളഞ്ഞു ചുവന്ന വെണ്ടയ്ക്ക; വില കേട്ട് ഞെട്ടല്ലേ...

Published:07 September 2021

മധ്യപ്രദേശുകാരനായ മിശ്രിലാല്‍ രജ്പുതാണ് തന്‍റെ തോട്ടത്തില്‍ ചുവന്ന വെണ്ടയ്ക്കയുടെ വിളവെടുപ്പ് നടത്തിയത്. കിലോയ്ക്ക് 800 രൂപ വരെ വിപണിയില്‍ വിലയുണ്ട് ചുവന്ന വെണ്ടയ്ക്കയ്ക്ക്. വെണ്ടയ്ക്കയുടെ ചുവന്ന നിറം തന്നെയാണ് പ്രധാന ആകര്‍ഷണം.

വീട്ടിൽ ഏതെങ്കിലും പച്ചക്കറി നട്ടുവളർത്താത്തവർ കുറവായിരിക്കും. കൃഷിയോട് താല്പര്യമുള്ളവരാകട്ടെ വിദേശരാജ്യങ്ങളിൽ നിന്നു പോലും വിത്തുകളോ തൈകളോ വരുത്തി വീട്ടുമുറ്റത്ത് നടാറുണ്ട്. ഇപ്പോഴിത വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ചുവന്ന വെണ്ടയ്ക്ക നമ്മുടെ രാജ്യത്തും വിളയിച്ച് ശ്രദ്ധ നേടുകയാണ് ഒരു കർഷകൻ. മധ്യപ്രദേശുകാരനായ മിശ്രിലാല്‍ രജ്പുതാണ് തന്‍റെ തോട്ടത്തില്‍ ചുവന്ന വെണ്ടയ്ക്കയുടെ വിളവെടുപ്പ് നടത്തിയത്. കിലോയ്ക്ക് 800 രൂപ വരെ വിപണിയില്‍ വിലയുണ്ട് ചുവന്ന വെണ്ടയ്ക്കയ്ക്ക്. വെണ്ടയ്ക്കയുടെ ചുവന്ന നിറം തന്നെയാണ് പ്രധാന ആകര്‍ഷണം.

സാധാരണ വെണ്ടയ്ക്കയേക്കാള്‍ പോഷകഗുണം കൂടുതലാണിവയ്ക്ക്. സസ്യങ്ങളില്‍ കണ്ടുവരുന്ന നീല, ചുവപ്പ് അഥവാ പര്‍പിള്‍ വര്‍ണകോശമാണ് ഈ നിറത്തിനു പിന്നില്‍. പാചകം കഴിയുമ്പോള്‍ വെണ്ടയ്ക്കയുടെ ചുവന്ന നിറം മാറി ബ്രൗണ്‍ കലര്‍ന്ന പച്ച നിറമാകും. ഇന്ത്യയില്‍ വലിയ പ്രചാരമില്ലെങ്കിലും വിദേശത്ത് ചുവന്ന വെണ്ടയ്ക്ക താരമാണ്. ഇന്ത്യക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതു പോലെ വിദേശീയര്‍ പച്ചക്കറികള്‍ മുഴുവനായും പാചകം ചെയ്യാറില്ല. അതുകൊണ്ടു തന്നെയാണ് ചുവന്ന വെണ്ടയ്ക്ക അവിടെ താരമാകുന്നത്. ഭക്ഷണങ്ങള്‍ അലങ്കരിക്കുന്നതിനും ചുവന്ന വെണ്ടയ്ക്ക വലിയതോതില്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും വന്‍കിട ഹോട്ടലുകളില്‍ ചുവന്ന വെണ്ടയ്ക്ക ഉപയോഗിച്ചു വരുന്നുണ്ട്.

ഒരു കിലോ വിത്താണ് രജ്പുത് കൃഷിയ്ക്കായി വാങ്ങിയത്. വാരണാസിയിലുള്ള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നാണ് ഇദ്ദേഹം വിത്ത് സംഘടിപ്പിച്ചത്. ജൂലൈയില്‍ നട്ട വിത്ത് മുളയ്ക്കുന്നതിന് 40 ദിവസത്തോളം വേണ്ടി വന്നു. രാസവളങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കുന്നത് മികച്ച വിളവെടുപ്പിനും മൂല്യത്തിനും നല്ലതെന്നാണ് രജ്പുത് പറയുന്നത്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കയറ്റുമതി സാധ്യതകള്‍ ഇല്ലാതാക്കും. ഒരു ഏക്കറില്‍ നിന്ന് 4000- 5000 കിലോ ചുവന്ന വെണ്ടയ്ക്ക ലഭിക്കും. മികച്ച രീതിയില്‍ ഒരുക്കിയാല്‍ ഇത് 7000- 8000 കിലോ വരെയും ഉയര്‍ത്താം.

മാളുകളില്‍ അരക്കിലോ ചുവന്ന വെണ്ടയ്ക്കയ്ക്ക് 300- 400 രൂപ വിലയുണ്ടെന്നും ഇദ്ദേഹം പറയുന്നു. വിറ്റാമിന്‍ എ, ബി എന്നിവയുടെ കലവറ കൂടിയാണ് ചുവന്ന വെണ്ടയ്ക്ക. കൊഴുപ്പും കൊളസ്‌ട്രോളും ഇല്ലെന്നതും ഇവയുടെ പ്രത്യേകതയാണ്. കാഴ്ചശക്തി വര്‍ധിക്കാനും, ആര്‍ബിസി കൗണ്ട് കൂട്ടാനും ഡോക്ടര്‍മാര്‍ ഈ വെണ്ടയ്ക്ക നിര്‍ദേശിക്കാറുണ്ട്. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാനും ഭാരം കുറയ്ക്കുന്നതിനും മികച്ച മാര്‍ഗമാണ് ചുവന്ന വെണ്ടയ്ക്ക. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മ സംരക്ഷണത്തിനും ഇവ വിദേശരാജ്യങ്ങളില്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top