17
September 2021 - 1:19 am IST

Download Our Mobile App

Flash News
Archives

Mollywood

Thanneer Mathan Dinangal, Movie News, Vineeth Sreenivasan, Movie Updates

തണ്ണീർ മത്തനിലെ ആ സീൻ മാറ്റാൻ വിനീത് ആവശ്യപ്പെട്ടു: സംവിധായകൻ ഗിരീഷ്

Published:15 September 2021

# പി.ജി.എസ്. സൂരജ്

"തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രമാണ് "സൂപ്പര്‍ ശരണ്യ' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച പൂർത്തിയായി. തണ്ണീർമത്തൻ ദിനങ്ങൾ പോലെ തന്നെ സൂപ്പര്‍ ശരണ്യയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കും എന്ന് തന്നെയാണ് ഗിരീഷ് ഉറച്ച് വിശ്വസിക്കുന്നത്

തിരുവനന്തപുരം: സൂപ്പർ ഹിറ്റ് ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങളിലെ ഒരു സീൻ വെട്ടിമാറ്റാൻ വിനീത് ശ്രീനിവാസൻ  ആവശ്യപ്പെട്ടതായി സംവിധായകൻ ഗിരീഷ് എ.ഡി. ടെൻഷനു പകരം അത്രയും നാൾ കണ്ട സ്വപ്നം സത്യമാകാൻ പോകുന്നതിന്‍റെ സന്തോഷമായിരുന്നു റിലീസിങ് അടുത്തപ്പോഴെന്നും അദ്ദേഹം മെട്രൊവാർത്തയോടു പറഞ്ഞു.

ഏറെ സന്തോഷം തോന്നിയത് സഹകരണ മനോഭാവമുള്ള താരങ്ങളെ കിട്ടിയതിലാണ്. വീനിത് ശ്രീനിവാസൻ വളരെ കംഫർട്ടബിളായിരുന്നു. വരിക, അഭിനയിക്കുക എന്നതിനപ്പുറം അനാവശ്യമായി ഒന്നിലും ഇടപെടാൻ ശ്രമിക്കാത്ത മനുഷ്യൻ. ഷൂട്ടിങ് സമയത്ത് സി​ഗററ്റ് വലിക്കുന്ന ഒരു സീൻ അഭിനയിക്കാൻ ബുദ്ധിമുട്ട് അറിയിച്ചിരുന്നതിനെ തുടർന്ന് ആ സീൻ ഞങ്ങള്‍ മാറ്റിയിരുന്നു. അതല്ലാതെ ഇത്രയും അനുഭവസമ്പത്തുള്ള നടനാണ് താനെന്ന രീതിയിലുള്ള യാതൊരുവിധ പെരുമാറ്റവും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിരുന്നില്ല. സിനിമയുടെ സ്ക്രിപ്റ്റിലും മറ്റു കാര്യങ്ങളിലും അദ്ദേഹം അനാവശ്യമായി ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്നും ഗിരീഷ്.

"തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രമാണ് "സൂപ്പര്‍ ശരണ്യ' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച പൂർത്തിയായി. തണ്ണീർമത്തൻ ദിനങ്ങൾ പോലെ തന്നെ സൂപ്പര്‍ ശരണ്യയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കും എന്ന് തന്നെയാണ് ഗിരീഷ് ഉറച്ച് വിശ്വസിക്കുന്നത്. ​

തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ നിർമാതാക്കളില്‍ ഒരാളായ ഷെബിൻ ബക്കറിനൊപ്പം താനും ഈ ചിത്രത്തിന്‍റെ നിർമാതാവാകുന്നു. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് സൂപ്പര്‍ ശരണ്യയിലെയും നായിക. യുവതാരം അർജുൻ അശോക് ആണ് നായകന്‍. അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തണ്ണീർ മത്തന്‍ ദിനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർ​ഗീസ് സം​ഗീതം നൽകുന്നു.

ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. തണ്ണീര്‍ മത്തന്‍ പോലെ തന്നെ തീയേറ്ററില്‍ ആസ്വദിച്ചിരുന്നു കാണാന്‍ കഴിയുന്ന ചിത്രമാണ് സൂപ്പര്‍ ശരണ്യ. തിയറ്റർ തുറക്കുന്നത് അനുസരിച്ചിരിക്കും ബാക്കിയുള്ള കാര്യങ്ങൾ. മികച്ച അഭിനേതാവായതുകൊണ്ടാണ് അനശ്വര രാജനെ തന്നെ വീണ്ടും നായികയായി നിശ്ചയിച്ചതെന്ന് ഗിരീഷ്പറഞ്ഞു. ഒറ്റ ടേക്കിൽ തന്നെ ഷോട്ടുകള്‍ ഓക്കെ ആക്കുന്ന നടി. അതുകൊണ്ടു തന്നെയാണ് എന്‍റെ രണ്ടാമത്തെ സിനിമയിലും ആ പേര് ഉയര്‍ന്നു വന്നത്. കൂടാതെ കോളെജ് കുട്ടികളുടെ പ്രായത്തിലുള്ള താരങ്ങൾ നമ്മുടെ സിനിമയിൽ ഇപ്പോള്‍ വളരെ കുറവായതും അനശ്വരയിലേയ്ക്ക് വരാന്‍ കാരണമായി.

സൂപ്പർ ശരണ്യ പൂർണമായും ഒരു ക്യാംപസ് ചിത്രമല്ല. ക്യാംസും കുടുംബവും സിനിമയിൽ ഒരുപോലെ വരുന്നുണ്ട്. കഥയുടെ കൂടുതൽ ഭാ​ഗങ്ങളും ഒരു എഞ്ചിനിയറിങ് കോളെജില്‍ വച്ചാണ് നടക്കുന്നത്. അർജുൻ അശോകന്‍റെ കഥാപാത്രം ക്യാംപസിന് പുറത്തുള്ള വ്യക്തിയാണ്. ക്യാംപസ് വിട്ടൊരു ലോകം തന്നെ സിനിമയിലുണ്ട്. അനശ്വര, അർജുൻ അശോകൻ തുടങ്ങി കുറച്ചു പേരൊഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. നിരവധി പുതുമുഖങ്ങളെ സൂപ്പർ ശരണ്യയിലൂടെ പരിചയപ്പെടാം.

ആരും മറക്കാന്‍ സാധ്യതയില്ലാത്ത കാലമായതുകൊണ്ടു തന്നെ തണ്ണീര്‍ മത്തനില്‍ സ്കൂൾ ലൈഫ് എടുത്താൽ നന്നായിരിക്കുമെന്ന് തോന്നി. പെട്ടെന്ന് തോന്നിയ വിഷയമായിരുന്നു തണ്ണീർമത്തന്‍റെ പിറവിക്ക് പിന്നിൽ. ആ സിനിമ ചിത്രീകരിച്ചതിന് ശേഷം തുടർച്ചയായി പ്ലസ്ടുവും അതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും വന്നു തുടങ്ങിയോടെ തണ്ണീര്‍ മത്തന്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക തോന്നി തുടങ്ങിയിരുന്നു.

ശരണ്യയ്ക്കു ശേഷം ഗിരീഷും ഷെബിനും ചേർന്ന് 2019 അവസാനം അനൗൺസ് ചെയ്ത "പൂവൻ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങും. വീനിത് വാസുദേവൻ, വരുൺ എന്നിവരാണ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പൂമരത്തിന്‍റെ പ്രൊഡ്യൂസർ പോൾ വർ​ഗീസിന്‍റെ സിനിമ തുടർന്ന് വരും.


വാർത്തകൾ

Sign up for Newslettertop