Published:26 September 2021
കൊടൈക്കനാലിലെ പൂക്കൾ വിരിയുന്ന മലകളുടെ പടിഞ്ഞാറായി മുരുകന്റെ ആലയം തെളിയുന്നു. രാത്രിയിൽ വിടരുന്ന നക്ഷത്രങ്ങൾക്കൊപ്പം പഴനിമലയിലെ അലങ്കാരദീപങ്ങൾ തിളങ്ങുന്നു. ശ്യാമവർണമാർന്ന ശരവണപ്പൊയ്കയിൽ ദിനസരികൾ പോലെ ഓളങ്ങളിളകുന്നു. തമിഴക മണ്ണിൽ നിന്നുകൊണ്ട് മലയാളനാടിന് അനുഗ്രഹം ചൊരിയുകയല്ലേ, ബാലമുരുകൻ! ചേരമാൻ പെരുമാൾ കേരളരക്ഷയ്ക്കായി പഴനിമലയിൽ കാർത്തികേയെനെ പ്രതിഷ്ഠിച്ചു എന്നാണല്ലോ കഥ. അങ്ങെനെയെങ്കിൽ നമ്മുടെ മലയാളി ദൈവം വേൽമുരുകനൊ? അതോ
അയ്യപ്പനോ? നമ്മുടെ ആലയം ശബരിമലയോ? അതോ പഴനിമലയോ?
വേറൊരു രീതിയിൽ നോക്കിയാൽ അയ്യപ്പനും മുരുകനുമെല്ലാം സഹോദരങ്ങൾ തന്നെയല്ലേ? പാണ്ടിനാടിന്റെ രക്ഷയും അയ്യപ്പന്റെ കർത്തവ്യമാണെന്നും അതിനു കൂടിയാണ് ശബരിമല മുകളിൽ അയ്യൻ എന്ന കേരളനെ കുടിയിരുത്തിയതെന്നുമാണ് അയ്യപ്പന്റെ നായാട്ടു പാട്ടിൽ പറയുന്നത്. അതുകൊണ്ടുതന്നെ, തമിഴന്റെ ഡിഎൻഎ തന്നെയല്ലേ, മലയാളിക്കും ഉള്ളത്?
തമിഴ് മലയാളത്തിന്റെ പെറ്റമ്മയാണ്. മുരുകൻ തമിഴിന്റെ പ്രകാശവുമാണ്. മുരുകനാണ് തന്മൂലം മലയാളത്തിന്റെയും ജ്ഞാനപ്പഴം. അറിവിന്റെ മധുര ഫലം. കാവി ഉടുത്തത് എന്തിനാണ്? വേല് പിടിച്ചത് എന്തിനാണ്? വെണ്ണീറ് അണിഞ്ഞത് എന്തിനാണ്? കണ്ണുമൂടി നിൽക്കുന്നത് എന്തിനാണ്? - എന്നൊക്കെയാണ് തമിഴ് മക്കൾ മുരുകനോട് സ്നേഹപുരസരം ചോദിക്കുന്നത്!
തമിഴിന്റെ നിഷ്കളങ്കമായ ചോദ്യം.
ബാലമുരുകന്റെ മന്ദസ്മിതത്തിൽ ഇതിനെല്ലാം ഉത്തരമുണ്ട്!
ദണ്ഡപാണിയുടെ കരുതലിൽ നമ്മളെല്ലാവരും അടങ്ങുന്നുണ്ട്!
പാഞ്ചാലിമേട് ദേവിയുടെ തട്ടകത്തിലെ പൊന്നമ്പലമേട്ടിൽ സ്വർണ സിംഹാസനത്തിലമർന്ന് വെള്ളി സിംഹാസനത്തിൽ തൃക്കാൽ വച്ചു നാടിനെ കാത്തു രക്ഷിക്കുന്ന അയ്യപ്പന്റെ കൺകോണുകളിലും ഈ കാരുണ്യമുണ്ട്!
നമ്മൾ, കാടിന്റെ മക്കൾ!
തമിഴ് മലയാളത്തിന്റെ പൊതുസ്വത്താണ് വടിവേലനും അയ്യപ്പനും. തമിഴ് -മലയാളം വായ്ത്താരികൾ ഇവരിൽ നിന്നാണ് തുടങ്ങുന്നത്. ഹിന്ദി ബെൽറ്റിൽ ഈ ദൈവങ്ങൾക്ക് പ്രസക്തി കുറവാണ്. ഉത്തരേന്ത്യയിലെ ആളുകളുടെ പേരുകളിൽ പോലും ഈ രണ്ടു ദൈവങ്ങളും ഇല്ലെന്നു പറയാം. ദ്രാവിഡ നാടിന്റെ ദൈവങ്ങളാണ് ഇവർ.
മുരുകന്റെയും അയ്യപ്പന്റെയും ജനിതകം ഒന്നുതന്നെയാണ്. ബർമുഡയും ചുരിദാറും ധരിക്കുന്ന നമ്മൾ അതൊന്നും സമ്മതിച്ചുതരില്ല എന്നു മാത്രം!
നമ്മൾ കാടിന്റെ, മലയുടെ, മുരുകന്റെ, അയ്യപ്പന്റെ മക്കളാണ്. മലയാളിയും തമിഴനും ഒറ്റനോട്ടത്തിൽ ഒരു പോലെയിരിക്കുന്നത് വെറുതെയല്ല. ആദിമ ജനതയുടെ ചരിത്രം കേരളം ഭരിച്ച ചേരന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും ആദിമചേരന്മാരിലെ ഒരു വിഭാഗം ചേരരാജ്യത്തിന്റെ പതനത്തോടെ സമൂഹത്തിലെ കീഴ്ജാതിക്കാരായി മാറുകയായിരുന്നു എന്നും വാദമുണ്ട്. ഈ വാദം തള്ളിക്കളയാനാവില്ല.
ശരീരഘടനയിലും ഉടുപ്പിലും പെരുമാറ്റത്തിലുമൊക്കെ നമുക്ക് ആദിവാസികളില്‍നിന്ന് എന്താണ് വ്യത്യാസം? ഒരു ശരാശരി മലയാളി കറുത്തവനാണ്! പൊക്കം കുറഞ്ഞവനാണ്! കറുത്ത മുടിയും കണ്ണുകളുമുള്ളവനാണ്! പുറംലോകത്തെ സംശയത്തോടെയും കരുതലോടെയും വീക്ഷിക്കുന്നവനാണ്! എന്തെങ്കിലും അപകടം മണത്താല്‍ സ്വന്തംകാര്യം നോക്കി മാളത്തിലൊളിക്കുന്നവനാണ്! സായ്വിനെക്കാണുമ്പോള് കവാത്തു മറക്കുന്നവനാണ്! തന്നെക്കാള്‍ ദുര്‍ബലരെ പേടിപ്പിച്ച് മുതലെടുക്കുന്നവനും ശക്തിതിയുള്ളവരെക്കാണുമ്പോള് താണുവീണു കാര്യം നേടുന്നവനുമാണ്!
പോര്‍ട്ടുഗീസുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമൊക്കെ വന്നതോടെയാണ് നമ്മള് അവരുടെ ഭാഷകള്‍ പഠിച്ച് സ്വന്തം സംസ്കൃതികളെ തള്ളിപ്പറഞ്ഞു വിശുദ്ധരാകാന്‍ തുടങ്ങിയത്.
അറിവിന്റെ പഴം
നമ്മുടെ അറിവിന്റെ പഴം എവിടെയോ മറഞ്ഞുകിടക്കുന്നു. ജ്ഞാനപ്പഴം നമ്മൾ തന്നെയാണ് എന്ന് നമ്മളറിയുന്നില്ല. തിരിച്ചറിവും സാഹോദര്യവും വിനയവും വിശ്വാസവും ഇല്ലാതായിരിക്കുന്നു. നമ്മുടെ സഹോദരങ്ങളായ തമിഴന്മാർ നമുക്ക് "പാണ്ടികൾ' ആയിരിക്കുന്നു. നമുക്ക് ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നില്ല. മനസ്സു തുറന്ന് ആരാധിക്കാൻ കഴിയുന്നില്ല.
സ്വച്ഛസുന്ദരമായ ദ്രാവിഡ ജീവിതത്തെ നമ്മൾ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നു. കാടുകളും മൃഗങ്ങളും നമുക്ക് പിടിച്ചെടുക്കാനും ഭക്ഷിക്കാനും മാത്രമുള്ളതാണ് എന്നാണ് നമ്മുടെ തത്വചിന്ത. കസ്തൂരിരംഗനെതിരെ നമ്മൾ അമ്പ് തൊടുക്കുന്നത് അതുകൊണ്ടാണ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള മലയാളികളുടെ ആദിവാസി സങ്കല്‍പ്പം എത്ര ഉദാത്തമെന്ന് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലുടെ തെളിയുന്നുണ്ട്. ഗതകാല വനസംസ്കൃതിയുടെ പ്രൗഢരൂപമല്ലേ ഈ കാട്ടാളന്? കാട്ടാളനെ വാല്മീകിയാക്കുകയും കിരാതനെ കാമുകനാക്കുകയും ചെയ്യുന്ന സങ്കല്പത്തില്നിന്ന് ആദിമ നിവാസികളെ വേട്ടയാടി കൊല്ലുകയും വില്പനച്ചരക്കാക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യത്തിലേക്ക് നമ്മള് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു! ഇന്നായിരുന്നെങ്കില്‍ കാടു കൈയേറുന്നവര് സദാചാരവാദികളുടെ വേഷമണിഞ്ഞുവന്നു ദമയന്തീകാമുകനായ കാട്ടാളനെ അടിച്ചുകൊല്ലുമായിരുന്നു! ദമയന്തിയെ ഏതെങ്കിലും എസ്റ്റേറ്റു ബംഗ്ലാവിലേക്ക് കിഡ്നാപ്പ് ചെയ്യുമായിരുന്നു!
നമ്മുടെ ജീവിതം പത്തമ്പതു വർഷം മുമ്പ് എങ്ങനെയായിരുന്നു? നമ്മൾ ഷര്‍ട്ട് ധരിച്ചു തുടങ്ങിയിട്ട് എത്ര കാലമായി? മഹാരാജാക്കന്മാര്‍പോലും മുണ്ടും നേര്യതുമാണുടുത്തിരുന്നത്. കോണകത്തിനു പകരം അടിവസ്ത്രങ്ങളായിട്ട് എത്രനാളായി? ശൗചാലയത്തിനുവേണ്ടി ആഹ്വാനം ചെയ്യുന്ന ഉത്തരേന്ത്യന്‍ പരസ്യങ്ങളെ നമ്മള് പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്നുണ്ടല്ലോ. അമ്പതുവര്‍ഷം മുമ്പ് ഇവിടത്തെ പണക്കാരുടെ വീടുകളില്‍പ്പോലും ശൗചാലയങ്ങള്‍ കുറവായിരുന്നു. യൂറോപ്യന്‍ ക്ലോസറ്റുകള്‍ സാധാരണമായിട്ട് പത്തിരുപത്തഞ്ചു വര്‍ഷമേ ആയിക്കാണുകയുള്ളൂ. അറുപതുകളില്‍ ബഹുഭൂരിപക്ഷത്തിനും പ്രാഥമിക കൃത്യങ്ങള്‍ക്ക് വെളിമ്പറമ്പുകളും കടല്ത്തീരങ്ങളുമായിരുന്നു ആശ്രയം. ശൗചാലയ പരസ്യങ്ങളെ അപഹസിക്കുന്ന പുതുതലമുറയുടെ മാതാപിതാക്കള്‍ വെളിമ്പറമ്പുകളെയായിരുന്നു ആശ്രയിച്ചിരുന്നതെന്നു മറക്കരുത്. ഇത്തരം മറവികളാണ് നമ്മളെ മനുഷ്യരല്ലാതാക്കിത്തീര്ക്കുന്നത്.
ഇംഗ്ലീഷ് പഠിച്ചു വഷളായി മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ യുവാവിനെക്കുറിച്ച് ഇ.എം.കോവൂര്‍ പണ്ട് ഒരു കഥയെഴുതിയിട്ടുണ്ട്.
ഇപ്പോഴിതാ തമിഴ് മുഖ്യമന്ത്രി സ്റ്റാലിൻ നാടിന്റെ പഴയതും പുതിയതുമായ അറിവുകളെ പ്രായോഗിക പഥത്തിൽ എത്തിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. ഇത് മുരുകന്റെ സംസ്കൃതിയുടെ വെളിച്ചമാണ്. ഇരുട്ടിൽ തപ്പുന്ന നമ്മൾ ഇതൊന്നും അറിയുന്നില്ല. മുരുകനും അയ്യപ്പനും പകർന്നു തരുന്ന സംസ്കൃതിയുടെ ജ്ഞാനപ്പഴം നമ്മൾ ഇപ്പോഴും കഴിച്ചിട്ടില്ല.
കഴിക്കുന്നില്ല. ഇനിയൊട്ട് കഴിക്കുകയുമില്ല.