17
October 2021 - 10:42 pm IST

Download Our Mobile App

Flash News
Archives

Bollywood

amitabh-bachchan-79

ഹാപ്പി ബർത്ത് ഡേ ഷെഹൻഷാ; ബിഗ് ബിയ്ക്ക് ഇന്ന് 79ാം പിറന്നാൾ

Published:11 October 2021

ഈ സാഹചര്യത്തിൽ തന്‍റെ അയൽക്കാരനും സംവിധായകനുമായിരുന്ന യാഷ് ചോപ്രയോട് അവസരം ചോദിക്കേണ്ടി വന്നതായും ബച്ചൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഇന്ന് 79 വയസ് തികഞ്ഞു. 1969-ൽ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അമിതാഭ് ബച്ചനെ ആരാധകർ സ്നേഹപൂർവം 'സ്റ്റാർ ഓഫ് ദി മില്ലേനിയം' എന്നും വിളിക്കാറുണ്ട്. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കൊവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ പരിപാടിയായ കോൻ ബനേഗ ക്രോർപതിയിലൂടെയും ബച്ചൻ തന്‍റെ ആരാധകരുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചു. ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു അമിതാഭിന്‍റെ ജീവിതം.

1999 ൽ കടത്തിൽ മുങ്ങി വലിയൊരു പതനത്തിലേക്കും അദ്ദേഹമെത്തി. അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എബിസിഎൽ) എന്ന തന്‍റെ എന്‍റർടെയ്ൻമെന്‍റ് കമ്പനിയുടെ പരാജയം മൂലം 90 കോടി രൂപയുടെ വൻ കടക്കെണിയിലേക്കാണ് അമിതാഭ് വന്നു വീണത്. ഈ സാഹചര്യത്തിൽ തന്‍റെ അയൽക്കാരനും സംവിധായകനുമായിരുന്ന യാഷ് ചോപ്രയോട് അവസരം ചോദിക്കേണ്ടി വന്നതായും ബച്ചൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് മൊഹബത്തീൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതും അതിലൂടെ തന്‍റെ കരിയർ വീണ്ടെടുക്കുകയും ചെയ്തത്. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന്‍റെ ഉള്ളിലെ നടനെ സിനിമ പ്രേക്ഷകർ തിരിച്ചറിഞ്ഞു.

ഇരട്ട തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ് 1973 ൽ ബച്ചനിലെ നടനേയും താരത്തേയും കണ്ടെത്തുന്നതോടെ ഇന്ത്യൻ സ്ക്രീനിലെ മറ്റൊരു യുഗം ആരംഭിക്കുകയായിരുന്നു. പ്രകാശ് മെഹ്റയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആക്ഷൻ ത്രില്ലർ സഞ്ജീർ ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. ക്ഷുഭിത യൗവനം എന്ന പ്രതിച്ഛായ കൂടിയാണ് ഈ ചിത്രം ബച്ചന് നേടിക്കൊടുത്തത്. ആദ്യകാല ബച്ചൻ ചിത്രങ്ങളിൽ എക്കാലവും ഓർമിക്കപ്പെടുന്ന ദീവാറിലെയും ഷോലെയിലെയുമൊക്കെ നായകൻമാർ അമിതാഭിനെ മനസിൽ കണ്ടു കൊണ്ട് തന്നെ സലിം-ജാവേദ് എഴുതിയവയായിരുന്നു. 1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ഷോലെ ഇന്ത്യൻ സിനിമയിൽ അതുവരെയുണ്ടായിരുന്നു മുഴുവൻ കളക്ഷൻ റെക്കോഡുകളെയും പിന്തള്ളി.

എൺപതുകളുടെ അവസാനം വരെയുള്ള ഹിന്ദി സിനിമ ബച്ചന്‍റേത് മാത്രമായിരുന്നു. 1988 ൽ സിനിമയിലേക്ക് തിരിച്ചെത്തിയ ഷഹെൻഷാ വിജയം നേടിയെങ്കിലും തൊട്ടടുത്ത വർഷമെത്തിയ ജാദൂഗർ, തൂഫാൻ അടക്കമുള്ള ചിത്രങ്ങളൊക്കെ പരാജയമായി. എന്നാൽ ബോക്സോഫീസ് പരാജയങ്ങൾ തന്നിലെ നടനെ നവീകരിക്കാനുള്ള അവസരമായിക്കൂടിയാണ് ബച്ചൻ കണ്ടത്. മുകുൾ എസ് ആനന്ദിന്‍റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ അഗ്നിപഥിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ആദ്യത്തെ ദേശീയ അവാർഡ് ലഭിക്കുന്നത്.

സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക്, രാം ഗോപാൽ വർമയുടെ സർക്കാർ, നിശബ്ദ്, ചീനി കം, പാ, പികു, പിങ്ക് എന്നിവയൊക്കെയാണ് അമിതാഭിന്‍റെ 2000 ന് ശേഷമുള്ള ശ്രദ്ധേയ ചിത്രങ്ങൾ. ഇതിനിടെ നിരവധി പരസ്യങ്ങളുടേയും ഭാഗമായിരുന്നു  ബിഗ് ബി. എഴുപത്തിയൊൻപതാം പിറന്നാൾ ദിനത്തിൽ പാൻമസാല കമ്പനിക്ക് വേണ്ടിയുള്ള പരസ്യത്തിൽ നിന്നും അദ്ദേഹം പിൻമാറിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ബച്ചന്‍റെ പുതിയ പരസ്യം പാൻ മസാല കമ്പനി പുറത്തിറക്കിയിട്ട് ഒരാഴ്ചയേ ആയുള്ളൂ.  പരസ്യത്തിൽ അഭിനയിക്കാൻ നൽകിയ പണവും അദ്ദേഹം തിരിച്ചു നൽകിയതായാണ് റിപ്പോർട്ട്. പാൻ മസാലയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ പ്രചാരണത്തിൽ നിന്ന് സ്വയം പിന്മാറാൻ ഒരു ദേശീയ പുകയിലെ വിരുദ്ധ സംഘടന താരത്തിനോട് നേരിട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്ന അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര വൈകാതെ പുറത്തിറങ്ങും. വികാസ് ബാഹ്ലിന്‍റെ ഗുഡ്ബൈയുടെ ഷൂട്ടിങ് അടുത്തിടെയാണ് അവസാനിച്ചത്. അജയ് ദേവ്ഗണിന്‍റെ ആദ്യ സംവിധാന സംരംഭമായ മെയ്ഡേയിലും ബച്ചൻ വേഷമിടുന്നുണ്ട്. പ്രഭാസിനും ദീപിക പദുകോണിനുമൊപ്പം പ്രോജക്റ്റ് കെ എന്ന ചിത്രത്തിൽ വേഷമിടുന്നതായി അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു. ഇത് കൂടാതെ ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡി നീറോയും ആൻ ഹാത്തെവേയും അഭിനയിച്ച നാൻസി മേയേഴ്സ് ചിത്രം ദ് ഇന്‍റേണിന്‍റെ ഹിന്ദി റീമേയ്ക്കിൽ ദീപിക പദുകോണിനൊപ്പം അമിതാഭ് ബച്ചൻ വേഷമിടും. 


വാർത്തകൾ

Sign up for Newslettertop