17
October 2021 - 10:36 pm IST

Download Our Mobile App

Flash News
Archives

National

covid

വാക്സിൻ ഡോസുകൾ 100 കോടിയിലേക്ക്

Published:14 October 2021

രാജ്യത്തു വിതരണം ചെയ്ത വാക്സിൻ ഡോസുകൾ ഏതാനും ദിവസങ്ങൾക്കകം 100 കോടിയിലെത്തും. ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഇതുവരെ വിതരണം ചെയ്തത് 96.82 കോടി ഡോസ് വാക്സിനാണ്.

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ചരിത്രപ്രധാനമായ നാഴികക്കല്ലിലേക്ക്. രാജ്യത്തു വിതരണം ചെയ്ത വാക്സിൻ ഡോസുകൾ ഏതാനും ദിവസങ്ങൾക്കകം 100 കോടിയിലെത്തും. ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഇതുവരെ വിതരണം ചെയ്തത് 96.82 കോടി ഡോസ് വാക്സിനാണ്. ഒക്റ്റോബറിൽ മാത്രം രാജ്യത്ത് 28 കോടിയിലേറെ വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറയുന്നു. വാക്സിനേഷനിൽ അതിവേഗമാണു രാജ്യം കൈവരിക്കുന്നതെന്നും അദ്ദേഹം.

പ്രായപൂർത്തിയായവരിൽ 73 ശതമാനം പേർക്കും ഒരു ഡോസെങ്കിലും വാക്സിൻ നൽകിക്കഴിഞ്ഞു. ര‍ണ്ടു ഡോസും സ്വീകരിച്ചവർ ഏതാണ്ട് 30 ശതമാനത്തിന് അടുത്താണ്. സെപ്റ്റംബറിൽ 22 കോടി വാക്സിൻ ഡോസുകളാണു ലഭ്യമായത്. ഈ മാസം 28 കോടി കൂടി ലഭിക്കുന്നതോടെ കൂടുതൽ ഊർജിതമായി വാക്സിനേഷൻ ദൗത്യം പുരോഗമിക്കും. 22 കോടി ഡോസ് കൊവിഷീൽഡും ആറു കോടി ഡോസ് കൊവാക്സിനുമാണ് ഈ മാസം പ്രതീക്ഷിക്കുന്നത്. 60 ലക്ഷം ഡിഎന്‍എ ജാബുകളും പ്രതീക്ഷിക്കുന്നുണ്ട്.

വാക്സിനേഷൻ 100 കോടിയിലെത്തുന്നത് രാജ്യത്തിന് എടുത്തുപറയാവുന്ന നേട്ടം തന്നെയാണ്. എന്നാൽ, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്സിൻ ലഭ്യമാവുക എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. വാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നവരെ കുത്തിവയ്പ്പ് എടുക്കാൻ രംഗത്തിറക്കാനും  കഴിയണം. കൂടുതൽ ഊർജിതമായ പ്രചാരണത്തിനും പദ്ധതിയിടുന്നുണ്ട്. തെറ്റിദ്ധാരണകൾ മാറ്റുക എന്നതാണു വെല്ലുവിളി.

ഒക്റ്റോബർ ഇരുപതിനു മുൻപ് വാക്സിൻ ഡോസ് വിതരണം 100 കോടിയിലെത്തുമെന്നാണു നിഗമനം. മറ്റൊരു രാജ്യവും  ‍വാക്സിനേഷനിൽ ഇത്രയും വേഗം കൈവരിച്ചിട്ടില്ല. രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വിദഗ്ധർ ഇതേക്കുറിച്ചു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ഡോസും ലഭിക്കാനുള്ളവർ വളരെയേറെയുണ്ടുതാനും. 

ഇതിനിടെ, ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ഒരു ഡസനിലേറെ രാജ്യങ്ങൾ ഇപ്പോൾ തന്നെ കൊവാക്സിൻ അംഗീകരിച്ചിട്ടുണ്ട്. ആഭ്യന്തര ഉപയോഗത്തിനുള്ളതു തികഞ്ഞ ശേഷമേ വാക്സിൻ കയറ്റുമതിയെക്കുറിച്ചു ചിന്തിക്കൂ എന്നും മന്ത്രാലയ വൃത്തങ്ങൾ. രണ്ടു മുതൽ 18 വരെ വയസുള്ളവർക്ക് വാക്സിൻ നൽകുന്നതിന് ഡിസിജിഐയുടെ അനുമതി ഉടൻ ലഭിക്കുമെന്നും മന്ത്രാലയം കണക്കാക്കുന്നു.


വാർത്തകൾ

Sign up for Newsletter



top