Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:14 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

dam

എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത തുടരുക; മുഖ്യമന്ത്രി

Published:17 October 2021

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ കനത്ത സാഹചര്യത്തില്‍  എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നു  വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ജലനിരപ്പ് എട്ടടി കൂടി  ഉയര്‍ന്നാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.ജലവൈദ്യുത നിലയങ്ങളെല്ലാം  മുഴുവന്‍ സമയം വൈദ്യുതി ഉല്‍പാദനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.കേരളത്തില്‍ പ്രതിദിനം 71 ദശലക്ഷം യൂണിറ്റാണ്  ആവശ്യമായി വേണ്ടത്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് ഈയവസരത്തില്‍ ആശ്വാസദായകമെന്നു  കെ കൃഷ്ണന്‍കുട്ടി  പറഞ്ഞു.

കേരളത്തിലുടനീളം ഇന്ന് വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം.


കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി കുറിക്കുന്നു.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്.

ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്‍റെ  ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ഫോഴ്‌സിനേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്‌സ്  ടീം ബാംഗ്ലൂര്‍ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയര്‍ ഫോഴ്‌സിന്‍റെ 2 ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തി.

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എയര്‍ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ ഫോഴ്‌സ് ഹെലികോപ്റ്റര്‍ നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്റര്‍ കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.


സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ്, ലാന്‍ഡ് റെവന്യു കണ്ട്രോള്‍ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും ഒടുവില്‍ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കര്‍ണാടക-ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം ഇന്ന് വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ , പെരിങ്ങല്‍കുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ എന്നീ അണക്കെട്ടുകളില്‍ രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയില്‍ റെഡ്അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളില്‍ നീല അലെര്‍ട് പ്രഖ്യപിച്ചിട്ടുണ്ട്.

 


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com
top