Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:28 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Wellness

pig

മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക തുന്നിച്ചേർ‌ത്തു; പുതിയ ചുവടുവെപ്പുമായി ശാസ്ത്രജ്ഞർ

Published:20 October 2021

മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ എന്ന പരീക്ഷണത്തിനായാണ് താത്കാലികമായി അവയവം മാറ്റിവെച്ചത്.

അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞർ. മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചാണ് ശാസ്ത്രജ്ഞർ പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ എന്ന പരീക്ഷണത്തിനായാണ് താത്കാലികമായി അവയവം മാറ്റിവെച്ചത്. ഈ പരീക്ഷണം പൂർണമായി വിജയം കണ്ടാൽ മനുഷ്യജീവൻ രക്ഷിക്കാൻ വളർത്തുപന്നിയുടെ അവയവം ഉപയോഗിക്കാനാകും.

മനുഷ്യദാതാക്കളിൽ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നത്. എളുപ്പത്തിൽ ലഭ്യമാകും എന്നതും വളർത്തു പന്നികളെ ആശ്രയിക്കാനുള്ള ഒരു ഘടകമാണ്. പന്നികളുടെ വൃക്ക ഉപയോഗിച്ചുള്ള അവയവമാറ്റത്തെ കുറിച്ച് പതിറ്റാണ്ടുകളായി പഠനം നടക്കുന്നുണ്ട്. ഒരു ജീവി വർഗത്തിൽ നിന്നും മറ്റൊരു ജീവി വർഗത്തിലേക്ക് അവയവമാറ്റം നടത്തുന്നതിനെ സെനോട്രൻസ്പ്ലാന്‍റേഷൻ എന്നാണ് പറയുന്നത്.

അതേസമയം പന്നികളുടെ വൃക്കകളെ ആശ്രയിക്കുന്നതിന് തടസങ്ങളും ഏറെയാണ്. മനുഷ്യശരീരത്തിൽ കാണപ്പെടാത്ത പഞ്ചസാരതന്മാത്രകളും പ്രോട്ടീൻ തന്മാത്രകളും പന്നികളുടെ വൃക്കയിൽ ഉണ്ടെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. പന്നിയുടെ വൃക്ക മാറ്റിവെക്കുമ്പോൾ ഈ തന്മാത്രകളെ അന്യവസ്തുക്കളെന്ന് തിരിച്ചറിഞ്ഞ് മനുഷ്യശരീരം പ്രതിരോധിക്കും. ഇത് രോഗിയുടെ മരണത്തിന് തന്നെ കാരണമാകും. ഇപ്പോൾ നടത്തിയ പരീക്ഷണത്തിൽ ജീൻ എഡിറ്റ് ചെയ്ത മൃഗത്തിന്‍റെ വൃക്കയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മനുഷ്യശരീരത്തിന് പരിചയമില്ലാത്ത പഞ്ചസാര തന്മാത്രകളേയും മറ്റും ഇല്ലാതാക്കാനും രോഗപ്രതിരോധവ്യവസ്ഥയുടെ ആക്രമണം ഒഴിവാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്. പുതിയ പരീക്ഷണം ആദ്യഘട്ടത്തിൽ വിജയകരമാണെന്നാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോ. റോബർട്ട് മോണ്ട്ഗോമറി പറയുന്നത്.

ന്യൂയോർക്ക് സർവകലാശാലയിൽ കഴിഞ്ഞമാസമാണ് ശസ്ത്രക്രിയ നടന്നത്. ആശങ്കപ്പെട്ടതുപോലെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയോട് മനുഷ്യശരീരം അതിവേഗം പ്രതിരോധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പന്നിയിലെ പ്രതിരോധകോശങ്ങൾ മനുഷ്യനിലെ പ്രതിരോധകോശങ്ങളുമായി വിജയകരമായി ഇടകലരാൻ സഹായിക്കുന്ന നിരവധി ജനിതകമാറ്റങ്ങൾ വരുത്തിയ പന്നികൾ പരീക്ഷണത്തിനായി നിർമിക്കപ്പെട്ടിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top