Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:58 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

യുഎസും ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചു ; ഇന്ത്യയും മിസൈലുകൾ വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ട്

Published:22 October 2021

ശബ്ദത്തിന്‍റെ അഞ്ചു മടങ്ങിലേറെ വേഗമുള്ളവയാണു ഹൈപ്പർസോണിക് മിസൈലുകൾ. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾ പോലെ ഇവ പ്രവർത്തിപ്പിക്കാം. ആയുധവാഹക ശേഷിയിൽ ബാലിസ്റ്റിക് മിസൈലുകളെക്കാൾ മുന്നിലാണിവ. അന്തരീക്ഷത്തോടു ചേർന്നുള്ള ഭ്രമണപഥത്തിലൂടെ നീങ്ങുന്നതിനാൽ പ്രതിരോധിക്കുക കൂടുതൽ ദുഷ്കരം.

 

വാഷിങ്ടൺ: ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യ പരീക്ഷിച്ച് യുഎസും. ഹൈപ്പർസോണിക് സാങ്കേതിക വിദ്യ, അതിന്‍റെ ശേഷി, യുദ്ധസാഹചര്യങ്ങളിൽ ഉപയോഗിക്കാനാവുന്ന ചെറുപതിപ്പ് എന്നിവയുടെ പരീക്ഷണമാണു നടത്തിയതെന്നു യുഎസ് നാവികസേന സ്ഥിരീകരിച്ചു.

ശബ്ദത്തിന്‍റെ അഞ്ചു മടങ്ങിലേറെ വേഗമുള്ളവയാണു ഹൈപ്പർസോണിക് മിസൈലുകൾ. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾ പോലെ ഇവ പ്രവർത്തിപ്പിക്കാം. ആയുധവാഹക ശേഷിയിൽ ബാലിസ്റ്റിക് മിസൈലുകളെക്കാൾ മുന്നിലാണിവ. അന്തരീക്ഷത്തോടു ചേർന്നുള്ള ഭ്രമണപഥത്തിലൂടെ നീങ്ങുന്നതിനാൽ പ്രതിരോധിക്കുക കൂടുതൽ ദുഷ്കരം.

നിരായുധീകരണ സമ്മേളനത്തിൽ യുഎസിന്‍റെ സ്ഥിരം പ്രതിനിധി റോബർട്ട് വുഡ് ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അമെരിക്കയും അതേ പരീക്ഷണം നടത്തിയത്. റഷ്യയ്ക്കും ഹൈപ്പർസോണിക് സാങ്കേതികവിദ്യയുണ്ട്. ഞങ്ങൾ ഇത്രയുംകാലം ഈ മേഖലയിലെ സൈനികശേഷി വികസിപ്പിക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു.  പരീക്ഷണത്തിനു യുഎസ് നിർബന്ധിതമായതാണ്- വുഡ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ ചൈന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്നു ഫിനാൻഷ്യൽ ടൈംസാണു റിപ്പോർട്ട് ചെയ്തത്. ഭൂമിയെ ചുറ്റിയ മിസൈൽ ലക്ഷ്യം കണ്ടില്ലെങ്കിലും ഹൈപ്പർസോണിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ ചൈന വിജയിച്ചെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം, മിസൈലല്ല, ബഹിരാകാശ പേടകമാണു പരീക്ഷിച്ചതെന്നായിരുന്നു ചൈനയുടെ വാദം.

റഷ്യ അടുത്തിടെ അന്തർവാഹിനിയിൽ നിന്നു സിർകോൺ എന്ന ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചിരുന്നു. 2019 മുതൽ ആണവായുധ വാഹകശേഷിയുളള അവൻഗാർഡ് എന്ന ഹൈപ്പർസോണിക് മിസൈൽ റഷ്യൻ സൈന്യത്തിനുണ്ട്. ശബ്ദത്തെക്കാൾ 27 മടങ്ങ് ശേഷിയുള്ള ഈ മിസൈലിന് തൊടുത്തുവിട്ടശേഷവും യാത്രാപഥത്തിന്‍റെ ഉയരവും ദിശയും മാറ്റാനാകും.

അതേസമയം, റഷ്യയുമായി സഹകരിച്ച് ഇന്ത്യയും ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു യുഎസ് കോൺഗ്രസിന്‍റെ സ്വതന്ത്ര ഗവേഷണ വിഭാഗം പറയുന്നു. യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കുമാണ് നിലവിൽ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ വികസന പരിപാടികളുള്ളത്. എന്നാൽ, ഇന്ത്യ, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും റഷ്യയും ചേർന്ന് ബ്രഹ്മോസ് 2 എന്ന ഹൈപ്പർസോണിക് ക്രൂസ് മിസൈലാണ് വികസിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ശബ്ദത്തെക്കാൾ ഏഴു മടങ്ങാണ് ബ്രഹ്മോസ് 2ന്‍റെ വേഗം.

2017ൽ ഇതു യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പദ്ധതിക്കു ചില തടസങ്ങളും വെല്ലുവിളികളുമുണ്ടായി. 2025നും 2028നും ഇടയ്ക്ക് ബ്രഹ്മോസ് 2 യാഥാർഥ്യമാകും. ഇതിനു പുറമെ ഇന്ത്യ തദ്ദേശീയമായി സൈനിക- ബഹിരാകാശ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ഹൈപ്പർസോണിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ജൂണിലും 2020 സെപ്റ്റംബറിലും ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ പ്രോഗ്രാമിന്‍റെ ഭാഗമായി നടത്തിയ സ്ക്രാംജെറ്റ് പരീക്ഷണം ഇതിന്‍റെ ഭാഗമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശബ്ദത്തിന്‍റെ ആറു മടങ്ങ് വേഗമുള്ള സ്ക്രാംജെറ്റ് എൻജിനാണ് അന്ന് ഇന്ത്യ പരീക്ഷിച്ചത്. ശബ്ദത്തിന്‍റെ ഏഴു മടങ്ങ് വേഗമുള്ള 12 ഹൈപ്പർസോണിക് വിൻഡ് ടണലുകളും ഇന്ത്യയ്ക്കുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇത് 13 മടങ്ങ് വരെയാക്കാനും കഴിയുമത്രെ.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top