Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:53 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

Prajesh Sen, Jayasurya, Vellam Movie, Sate Film award

ജയസൂര്യക്ക് നാഷണൽ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, എങ്കിലും സന്തോഷം...; മനസ്സുതുറന്ന് പ്രജേഷ് സെൻ

Published:22 October 2021

# പിജിഎസ് സൂരജ്

മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി മദ്യപാനിയിലേക്ക് ഇറങ്ങിചെല്ലാൻ ശ്രമിക്കുന്നു എന്നു പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ജയസൂര്യ എന്നെയും ഞാനദ്ദേഹത്തെയും വിശ്വസിച്ചു എന്നതാണ് സിനിമയുടെ വിജയത്തിന് കാരണം. 

നമ്മൾ വിചാരിക്കുന്നിടത്ത് നിന്നാണ് നാം വിജയിച്ച് തുടങ്ങുന്നത്  എന്ന് ചുമ്മാതങ്ങ് പറഞ്ഞതല്ല പ്രജേഷ് സെൻ എന്ന മനുഷ്യൻ.തന്റെ ജീവിതം കൊണ്ടദ്ദേഹം അക്കാര്യം തെളിയിക്കുക കൂടിയായിരുന്നു. സിനിമയെന്ന സ്വപ്നത്തെ താലോലിക്കുന്നവർക്ക് പ്രജേഷ് സെന്‍  ഒരു ഊർജമാണ്. കഠിനാധ്വാനം ചെയ്യാനുള്ള മനസും വിട്ടു വീഴ്ച ചെയ്യാൻ തോന്നിക്കാത്തത്ര തീവ്രമായ ആ​ഗ്രഹവും ഉണ്ടെങ്കിൽ ഒരിക്കൽ നമ്മളും അം​ഗീകരിക്കപ്പെടും എന്നതിന്റെ തെളിവ്. നടൻ ജയസൂര്യക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത വെള്ളം സിനിമയുടെ സംവിധായകൻ ജി പ്രജേഷ് സെന്നിനോടൊപ്പം.

പുരസ്കാര തിളക്കത്തിൽ നിൽക്കുകയാണ് വെള്ളം?

വളരെയധികം സന്തോഷമുണ്ട്. ജയസൂര്യയെ തേടിയെത്തിയത് അദ്ദേഹം അർഹിക്കുന്ന അം​ഗീകാരം തന്നെയാണ്. പിന്നെ സിനിമ അവതരിപ്പിച്ച രാഷ്ട്രീയത്തെ പ്രേക്ഷകർ ഏറ്റെടുത്തതിലും സന്തോഷമുണ്ട്.മദ്യപാനത്തിന് അടിമപ്പെട്ട് ജീവിതം നശിപ്പിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും.ഞാനോ നിങ്ങളോ വിചാരിച്ചാൽ അവരെ ജീവിത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. അത് മനസിലാക്കി കൊടുക്കാൻ സിനിമ സഹായിച്ചിട്ടുണ്ട്. 

എങ്ങനെ ആയിരുന്നു വെള്ളത്തിലേയ്ക്കുള്ള കടന്നുവരവ്?

നാട്ടിൻ പുറത്തൊക്കെ മദ്യപിച്ച് ലക്കു കെടുന്നവരെ വെള്ളം എന്നാണല്ലോ വിളിക്കുന്നത്. അതുകൊണ്ടാണ് ഈ പേര് നൽകാൻ ഞാൻ  തീരുമാനിച്ചത്. മുരളി എന്ന കഥാപാത്രത്തിലൂടെ നിരവധി പേരുടെ ജീവിതം വരച്ചു കാട്ടാനാണ് സിനിമ ശ്രമിച്ചത്. സിനിമയിൽ മുരളി മദ്യപിച്ച് സ്കൂളിന് മുന്നിൽ കിടക്കുന്ന സീനില്ലേ അതിന് പ്രേരകമായത് എന്നെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവമാണ്. എനിക്ക് പ്രിയപ്പെട്ട ഒരു അധ്യാപകൻ ഉണ്ടായിരുന്നു.വെള്ള മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് വരുന്ന അദ്ദേഹത്തിനോട് ഞങ്ങൾക്കൊക്കെ ബഹുമാനമായിരുന്നു. ഒരിക്കൽ ഞാനെന്റെ മുത്തച്ഛനൊപ്പം പുറത്തു പോയിട്ട് വരുമ്പോൾ ആ അധ്യാപകൻ മദ്യപിച്ച് റോഡിൽ കിടക്കുന്നത് കണ്ടു. ഏറെ പ്രിയപ്പെട്ട മനുഷ്യന്റെ ആ അവസ്ഥ എന്നെ സംബന്ധിച്ച് ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു. മദ്യപിക്കുന്നവരുടെ ഭാര്യയും മക്കളുമൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വ്യക്തമായി കാണിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.

ജയസൂര്യയിലേക്ക് മുരളി എന്ന കഥാപാത്രം എത്തിയത് എങ്ങനെയാണ് ?

ക്യാപ്റ്റൻ സിനിമ മുതലുള്ള സൗഹൃദമാണ് ഞാനും ജയസൂര്യയും തമ്മിൽ.എന്റെ നോട്ടത്തിൽ നിന്ന് പോലും കാര്യങ്ങൾ മനസിലാക്കാൻ കെല്പുള്ള മികച്ച സൗഹൃദം എന്നു പറയുന്നതാണ് ശരി. കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഠിനാധ്വാനം ചെയ്യാമോ അത്രത്തോളം ചെയ്യുന്ന ഒരു നടനാണ്   ജയസൂര്യ. 
വെള്ളം സിനിമയുടെ കഥ മനസിൽ തോന്നിയപ്പോൾ തന്നെ ജയസൂര്യയോട് ഈ കഥാപാത്രത്തിന്‍റെ  ആഴത്തെക്കുറിച്ച്  ഞാന്‍  സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് നിരവധി സിനിമകൾ വന്നിട്ടുള്ളത് അല്ലെ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. പക്ഷേ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി മദ്യപാനിയിലേക്ക് ഇറങ്ങിചെല്ലാൻ ശ്രമിക്കുന്നു എന്നു പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ജയസൂര്യ എന്നെയും ഞാനദ്ദേഹത്തെയും വിശ്വസിച്ചു എന്നതാണ് സിനിമയുടെ വിജയത്തിന് കാരണം. 

വെള്ളത്തിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ ?

ജയസൂര്യയ്ക്ക് അവാർഡ് കിട്ടും എന്ന് പ്രതിക്ഷിച്ചിരുന്നു എന്ന് പറയുന്നതാവും ശരി.  സിനിമ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടുമെന്നാണ് എല്ലാവരും പറഞ്ഞത്. അത്രത്തോളം അഭിനയത്തോട് ആവേശമുള്ള മനുഷ്യനാണ് അദ്ദേഹം. സിനിമയിൽ മദ്യം നക്കി കുടിക്കുന്ന സീൻ അതിന് ഉദാഹരണമാണ്. ഡി അഡിക്ഷൻ സെന്ററിൽ താമസിക്കുന്ന സമയത്ത് ആശുപത്രിയുടെ തറയിൽ നിന്നുമാണ്  മദ്യം നക്കുന്നത്. തറയിൽ പൊടിയുണ്ടായിട്ടും ജയസൂര്യ അത് നക്കി കുടിക്കാൻ തയ്യാറായി. അതൊരു അര്‍പ്പണമനോഭാവമാണ്. കഥാപാത്രത്തിനോട് നീതി കാണിക്കാൻ ഉള്ള ആർത്തി കൊണ്ടു ചെയ്യുന്നതാണ്.   കോമഡി സ്കിറ്റിലൊക്കെ ചെയ്യുന്നത് പോലെ കുടിയൻമാരെ കളിയാക്കില്ല എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. മദ്യപിക്കുന്നവർ മദ്യപിച്ചില്ല എന്ന് തെളിയിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നവരാണ്. അവരെ പോർട്രയിറ്റ് ചെയ്യുകയായിരുന്നു ഉദ്ദേശം.    ജയസൂര്യ മദ്യപിക്കുന്ന വ്യക്തിയല്ല. പിന്നെ ഇത്തരത്തിലുള്ള സിനിമ ചെയ്യാൻ അദ്ദേഹം മടി കാണിച്ചിട്ടില്ല. ജയസൂര്യയെ പൂര്‍ണ്മായി  മനസിൽ കണ്ട് എഴുതിയ സിനിമ കൂടിയാണ് ഇത്.

വി പി സത്യൻ്റെ കഥ സിനിമയാക്കാൻ ശ്രമിക്കുമ്പോൾ ഉള്ള പ്രതികരണങ്ങൾ എന്തൊക്കെ ആയിരുന്നു ?
തുടക്കത്തിൽ വല്ലാത്ത നെ​ഗറ്റീവ് ആയിരുന്നു. തോറ്റു പോയ നായകൻ്റെ സിനിമ ചെയ്യുന്നു എന്ന ചിന്ത പലരിലും ഉണ്ടായിരുന്നു.  പക്ഷേ അതിനൊക്കെ മറുപടി നൽകാൻ സിനിമയ്‌ക്ക് കഴിഞ്ഞു. നമ്മൾ ഒരാളെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. അതായത് എന്റെ നെ​ഗറ്റീവ് മറ്റോരാൾക്ക് പോസീറ്റിവായി തോന്നും. ഓരോരുത്തരുടെയും  ജീവിത്തതില് ഒരുപാട് പോസിറ്റിവുകൾ കാണും. അതു തേടി പോവുക. പബ്ലിക് സ്പേയ്സിലും പ്രെവറ്റ് സ്പെയ്സിലും എല്ലാവരും ഒരുപോലെ ആകണം എന്നില്ലല്ലോ. ആ വസ്തുത പ്രേക്ഷകരിൽ എത്തിക്കണം എന്ന് തോന്നി.

സമൂഹത്തിന് സന്ദേശം കൊടുക്കുന്ന സിനിമ എന്നതിൽ ഉപരി ഒരു തിരിച്ചറിവ് നല്കുന്ന കഥയാക്കി വെള്ളത്തെ മാറ്റാൻ ഉള്ള കാരണം ?

സത്യത്തിൽ മോട്ടിവേഷൻ കൊടുക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന സിനിമയല്ല ഇതൊന്നും. നാട്ടിൻ പുറത്തോക്കെ ഒരാള് നന്നായി വന്നാൽ പറയാറില്ലേ. ഇത് ഇന്നയാളുടെ മകൻ / മകൾ ആണെന്ന്. അത് കുറച്ച് പേർക്കെങ്കിലും മുന്നോട്ട് പോകാൻ പ്രേരകമാകും. അതുപൊലെ മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കാണിച്ചു കൊടുക്കുക. സിനിമയില് ആണെങ്കിലും ജിവിതത്തിൽ ആണെങ്കിലും.


വി പി സത്യൻ്റെ കഥ സമൂഹം അറിയണം എന്ന ചിന്തയാണോ ക്യാപ്റ്റൻ ചെയ്യാൻ പ്രേരിപ്പിച്ചത് ?

അതെ. ഞാൻ അദേഹത്തെ കുറിച്ച് സിനിമ എടുക്കുന്ന സമയത്ത് ഫ്രെയിമിന് പുറത്തായിരുന്നു ആ മനുഷ്യൻ. ഭൂരിഭാഗംപേരും  വി പി സത്യൻ എന്ന വ്യക്തിയെ  മറന്നു കഴിഞ്ഞിരുന്നു. മാറി നിൽക്കുന്നവരെ മറക്കുന്ന കാലമാണല്ലോ ഇത്. ഫുട്ബോൾ കളിക്കാരനായിരുന്ന അദ്ദേഹത്തെ ഓർമിച്ചിട്ട് പുതു തലമുറക്ക് ഒന്നും ചെയ്യാനില്ല എന്ന ചിന്ത മാറണം. അദ്ദേഹത്തെ  ഓർക്കണം,  അറിയണം എന്ന ആ​ഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു.സിനിമ വന്ന ശേഷം  അദ്ദേഹത്തെ പലരും ഓർത്തു തുടങ്ങി.  ഓർക്കാതെ പോകുന്ന ഒരുപാട് പേരുണ്ട് നമുക്ക് ഇടയിൽ.

നമ്മള്‍ തോല്‍ക്കില്ല എന്ന് ചിന്തിക്കുന്നിടത്തു നിന്നാണ്  നമ്മുടെ വിജയം ആരംഭിക്കുന്നതെന്ന് മുരളി എന്ന കഥാപാത്രം പറയുന്നുണ്ട്. അങ്ങനെ ഒരു ചിന്തക്ക് പിന്നിൽ പ്രജേഷ് സെന്നിൻ്റെ ജീവിതത്തിനും പങ്കുണ്ടോ ?

തീർച്ചയായും. ഇൻസൾട്ടിനെ കുറിച്ച് പറയുന്ന ഡയലോ​ഗ് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണ്. ഒരുപാട് ഇൻസൾട്ട് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ. ആ സമയത്ത് നമ്മുടെ ഉള്ളിൽ തോന്നുന്ന വിഷമമില്ലെ. അതാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. പിടിച്ചു കേറാൻ പ്രേരിപ്പിക്കുന്നത്. സിനിമയിലേക്ക് ആദ്യമെത്തുന്ന കാലത്ത് വ്യക്തമായ ഒരു വിലാസം പോലും ഇല്ലായിരുന്നു. . ആ സമയത്ത് ഞാൻ ഈ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്. 

തോറ്റു പോയെന്ന് സമൂഹത്തിന് തോന്നിയ, ഏറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ച മനുഷ്യരാണല്ലോ താങ്കളുടെ  കഥാപാത്രങ്ങൾ?

അങ്ങനെയൊന്നുമില്ല. നമ്മൾ ഒരാളെ കാണുന്നു, പരിചയപ്പെടുന്നു. അയാളെ നമുക്ക് കേൾക്കാം. കേൾക്കാതിരിക്കാം. അങ്ങനെ കേൾക്കുന്നവയിൽ ചിലതുണ്ട്. കൂടുതൽ പേരിലേക്ക് ഈ കഥ എത്തണം എന്ന് തോന്നിക്കുന്നവ. അങ്ങനെയുള്ളവയാണ് ഞാൻ സിനിമയാക്കുന്നത്. ഒരുപാട് പേരിലേക്ക് എത്തേണ്ട കഥയെന്ന് എനിക്ക് തോന്നുന്നതാണ് എന്റെ സിനിമകൾ. പിന്നെ ഓരോ സിനിമയും ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്.

മേരി ആവാസ് സുനോ തിയറ്റർ റിലീസാണോ ഉദ്ദേശിക്കുന്നത് ?

തിയറ്ററിൽ റീലിസ് ചെയ്യണം എന്നാണ് ആ​ഗ്രഹം. സാഹചര്യങ്ങൾ അനുസരിച്ചിരിക്കും തീരുമാനങ്ങൾ.  മേരി ആവാസ് സുനോ എന്ന സിനിമ എന്റർടൈൻമെന്റ് മൂഡിൽ ഉള്ളതാണ്. ആദ്യമായി മഞ്ജു വാര്യർ‍- ജയസൂര്യ എന്നിവർ ഒന്നിക്കുന്ന സിനിമ കൂടിയാണ്.  റേഡിയോ ജോക്കിയായ ശങ്കർ ആയി ജയസൂര്യയും ഡോ രശ്മി ആയി മഞ്ജു വാര്യരും സിനിമയിൽ എത്തുന്നു. സിനിമയുടെ സൗണ്ട് മിക്സിങ് നടക്കുകയാണ്. 

പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ് ?

റോക്കറ്റ്ലി - ദി നമ്പി എഫക്ട് എന്ന സിനിമ വരുന്നുണ്ട്. ഞാൻ രചന നിർവഹിച്ച ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ഓർമകളുടെ ഭ്രമണപഥത്തിൽ എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സിനിമയുടെ കോ-ഡയറക്ടർ ആണ് ഞാൻ. സീക്രട്ട് ഓഫ് വുമൺ എന്ന നിരഞ്ജനയുടെ സിനിമ പുറത്തിറങ്ങാൻ ഉണ്ട്. പുതിയ പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്. ഒന്നും പറയാറായിട്ടില്ല. 

കോവിഡ് കാലത്തെ അതിജിവനം ?

പുറത്തിറങ്ങാൻ പറ്റാതെ ഇരുന്ന സമയത്ത് എഴുത്തായിരുന്നു പ്രധാന പരിപാടി. ആദ്യ ലോക്ക് ഡൗൺ സമയത്താണ് മേരി ആവാസ് സുനോ എഴുതിയത്. പിന്നെ പുസ്തകങ്ങൾ എഴുതി. ഷാർജ ഇന്റർ നാഷണൽ ബുക്ക് ഫെസ്റ്റിവലിൽ മൂന്നു ബുക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറുതെ ഇരിക്കുമ്പോൾ എഴുതും അതാണ് പതിവ്.കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ് ഫോമിന്റെ സാധ്യതകൾ ആളുകൾ നോക്കി തുടങ്ങി. സാഹചര്യം മാറുമ്പോൾ അതനുസരിച്ച് നമ്മൾ മാറുമല്ലോ. മനുഷ്യരുടെ ആസ്വാദനത്തെയും സിനിമയെയും ഒടിടി  സ്വാധിനിച്ചിട്ടുണ്ട്. പുതിയ താരങ്ങൾ, സംവിധായകർ അങ്ങനെ ഒരുപാട് പേർക്ക്  ഒടിടി സഹായകമാകുന്നുണ്ട്. ഒരുപാട് ചെറിയ സിനിമകൾ വരുന്നുണ്ട്. തിയറ്ററിൽ പടം കാണുക എന്നതൊരു ഫീലാണ്. എത്ര നാൾ കഴിഞ്ഞാലും ആ ശീലം മാറില്ല. കൂട്ടത്തോടെ കലകൾ ആസ്വ​ദിക്കുന്നവരാണല്ലോ മനുഷ്യർ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top