Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:27 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

Kurup, K.S Aravind, Mollywood, Interview

'കുറുപ്പ്'  കഥ പറയുമ്പോൾ

Published:13 November 2021

#  പിജിഎസ് സൂരജ്

കഥാപാത്രത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ദുൽഖറിന് മുന്നിൽ ഉണ്ടായിരുന്നു. സുകുമാരക്കുറുപ്പിന്റെ പല കാലഘട്ടങ്ങളിലെ ചിത്രങ്ങളുമായും ദുൽഖറിന് സാമ്യം ഉണ്ടായിരുന്നു. സിനിമ ചെയ്യാൻ ദുൽഖറിനെ തന്നെ തെരഞ്ഞെടുത്തത് അതു കൊണ്ടു കൂടിയാണ്.

നീണ്ടനാളത്തെ  കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററുകൾ തുറന്നത്. ആർപ്പുവിളിയും കയ്യടികളുമായി  സിനിമാപ്രേമികളെല്ലാം ആഘോഷപൂര്‍വമാണ്  തീയേറ്ററുകളെ വരവേറ്റത്.  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ  പിടികിട്ടാപ്പുള്ളിയായ കുറുപ്പിന്‍റെ  കഥ പറഞ്ഞു കൊണ്ടാണ് കേരളത്തിലെ  തിയറ്ററുകൾ സജീവമായിരിക്കുന്നത്. കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം മലയാളത്തിൽ നിന്നും വരുന്ന മേജർ പാൻ ഇന്ത്യൻ റിലീസ്  കൂടിയാണ് കുറുപ്പ്. ദുൽഖർ സൽമാൻ എന്ന നടന്‍റെ  കരിയറിലെ  ഏറ്റവും മുതൽമുടക്കുള്ള സിനിമയാണിത്.  യഥാർത്ഥ സംഭവങ്ങളെ മുൻനിർത്തി വന്ന ചിത്രമായത് കൊണ്ട് തന്നെ, റിലീസിനും മുന്നേ തന്നെ  വിവാദങ്ങൾക്കും, ചർച്ചകൾക്കും തിരി കൊളുത്താൻ കുറുപ്പിനായി.

ദുല്‍ഖറിന്റെ  തന്നെ ആദ്യ ചിത്രമായ 'സെക്കന്‍റ് ഷോ' സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ ആണ്  കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ജിതിന്‍ കെ.ജോസ് എഴുതിയ  കഥയ്ക്കു  ഡാനിയേല്‍  സായൂജ്  നായരും കെ.എസ് അരവിന്ദും  ചേര്‍ന്നാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്.  പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കുറുപ്പിന്റെ വിശേഷങ്ങളുമായി തിരക്കഥാകൃത്തുക്കളിലൊരാളായ   കെ .എസ് അരവിന്ദ്  മെട്രോ വാര്‍ത്തയോട്  സംസാരിക്കുന്നു.  

മലയാളികള്‍ക്കെല്ലാം അറിയുന്ന കഥയാണ്  കുറുപ്പിന്‍റേത്.  ആ കഥ  സിനിമ ആക്കുമ്പോൾ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തി?

കുറുപ്പിന്‍റെ  വിഷയം എല്ലാവർക്കും താൽപ്പര്യമുള്ള ഒന്നാണ്. ഭൂരിഭാ​ഗം പേർക്കും അറിയുന്ന കഥ കൂടിയാണ് കുറുപ്പിന്റെത്. അതുകൊണ്ടു തന്നെ ആ  കഥ എങ്ങനെ പറയുന്നു  എന്നതിലാണ് കാര്യം.  അതുകൊണ്ടു  തന്നെ അതീവ ശ്രദ്ധയോടെയാണ്  കുറുപ്പിന്‍റെ തിരക്കഥ   എഴുതി തുടങ്ങിയത്. എങ്ങനെ പുതുമയോടെ ഈ കഥയെ അവതരിപ്പിക്കാം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. ഒരുപാട് നാളത്തെ അന്വേഷണത്തിന്റേയും റിസര്‍ച്ചിന്റെയും  ഫലമാണ് കുറുപ്പ് എന്ന സിനിമ. ഇതൊരിക്കലും ഒരു ഡോകുമെന്‍ററി സ്വഭാവത്തില്‍ ചെയ്യുന്ന  കഥയല്ല. നമ്മുടെ കയ്യിൽ യഥാർഥ സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം സംഭവങ്ങളെ  കൂട്ടി യോജിപ്പിക്കുന്ന പല കണ്ണികളും ഇല്ലായിരുന്നു.  അത് കണ്ടെത്തുക കൂടിയായിരുന്നു  ഞങ്ങളുടെ  പ്രധാന  ജോലി.

 

കേട്ടറിഞ്ഞ കഥകൾക്കപ്പുറം  കുറുപ്പിന്‍റെ  പിന്നാലെ പോകാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?

ഞാൻ പഠിച്ചതും കടന്നുവന്നതുമൊക്കെ മാധ്യമ മേഖലയിലൂടെയാണ്. ക്രൈം റിപ്പോർട്ടറായിരുന്നു. പിന്നെ ജീവചരിത്രങ്ങളോട് എനിക്ക് ഒരു  പ്രത്യേക  ഇഷ്ടമുണ്ട്.അത്തരം കാര്യങ്ങളിൽ എന്‍റേതായ  രീതിയിൽ റിസർച്ചുകൾ നടത്താറുമുണ്ട്.കുറുപ്പ് സിനിമയുടെ കാര്യത്തിൽ സംഭവിച്ചതൊക്കെ 'അങ്ങ് സംഭവിച്ചതാണ് എന്നു  പറയാനെ കഴിയൂ. പല സമയത്ത് വിവിധ ഇടത്തു നിന്ന് ഒരേ വിഷയത്തെ കുറിച്ച് റിസർച്ച് നടത്തിയവർ ഒരുമിച്ച് കൂടുകയായിരുന്നു. ആ സമയത്തെ ചർച്ചകളാണ് കൂടുതൽ അറിയാൻ പ്രേരകമായത്. കൂടാതെ ശ്രീനാഥ് രാജേന്ദ്രൻ എന്ന സംവിധായകന്റെ വലിയൊരു ആ​ഗ്രഹം കൂടിയായിരുന്നു ഈ സിനിമ. 

എന്ത് കൊണ്ട് ദുൽഖർ?

ശ്രീനാഥ്  രാജേന്ദ്രൻ - ദുൽഖർ ടീമിന്റെ ആദ്യ സിനിമ സെക്കന്റ് ഷോയാണ്. അതിനു  ശേഷം അതേ ടീമില്‍ നിന്നും ഉണ്ടാകുന്ന സിനിമയാണ്  കുറുപ്പ്. സെക്കന്‍റ്  ഷോ  നടക്കുന്ന  സമയം മുതല്‍ ശ്രീനാദിന്‍റെ  മനസ്സില്‍  കുറുപ്പിന്‍റെ ആശയം ഉണ്ടായിരുന്നു. ആദ്യം ശ്രീനാഥും ഡാനിയും പോയിട്ടിയാണ്   ദുല്‍ഖറിനോട് കുറുപ്പിന്‍റെ  കഥ പറയുന്നത്. അതിന് ശേഷമാണ്   ഞങ്ങള്‍ പോയി  സ്ക്രിപ്റ്റ്  വായിച്ച് കേള്‍പ്പിക്കുന്നത്.  കഥാപാത്രത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ദുൽഖറിന് മുന്നിൽ ഉണ്ടായിരുന്നു. സുകുമാരക്കുറുപ്പിന്റെ പല കാലഘട്ടങ്ങളിലെ ചിത്രങ്ങളുമായും ദുൽഖറിന് സാമ്യം ഉണ്ടായിരുന്നു. സിനിമ ചെയ്യാൻ ദുൽഖറിനെ തന്നെ തെരഞ്ഞെടുത്തത് അതു കൊണ്ടു കൂടിയാണ്. സിനിമയെ കുറിച്ച് സംസാരിക്കുന്ന സമയത്ത്  നെഗറ്റീവ്  ഷേഡ് ഉള്ള കഥാപാത്രമായിരുന്നിട്ട് കൂടി   ദുല്‍ഖര്‍  പൂര്‍ണ്ണ മനസോടെ  കുറുപ്പിന്   സമ്മതം മൂളുകയായിരുന്നു. 

കോവിഡ് കാലം നൽകുന്ന സമ്മർദ്ദങ്ങളെ ഒക്കെ അതിജീവിച്ച് കുറുപ്പ് തീയറ്ററിൽ മാത്രമെ ഇറക്കൂ എന്ന് തീരുമാനിക്കാൻ ഉള്ള കാരണം ?

സിനിമ എവിടെ ഇറക്കണം എന്ന് തീരുമാനിക്കുന്നത് പ്രൊഡക്ഷൻ ടീമും ഡിസ്ട്രിബ്യൂഷൻ ടീമും ഒക്കെയാണ്. തിയറ്ററിൽ കാണേണ്ട സിനിമകൾ പോലും സാഹചര്യങ്ങളാൽ നാം കാണുന്നത് മൊബൈലിലാണ്. ഒടിടി പ്ലാറ്റ്ഫോമിൽ വരുന്ന സിനിമകൾ ഹോം തീയേറ്റര്‍  ഒക്കെ സെറ്റ് ചെയ്ത് കാണാൻ ശ്രമിക്കുന്ന ചുരുക്കം പ്രേക്ഷകര്‍ അല്ലേ ഉണ്ടാവൂ.  ബഹുഭൂരിപക്ഷം പേരും കാണുന്നത് ടെലിവിഷനിലും മൊബൈലുകളിലും   ആയിരിക്കും. കുറുപ്പ് തിയറ്ററിൽ ഇറങ്ങേണ്ട സിനിമ തന്നെയായിരുന്നു. തിയറ്റർ ലക്ഷ്യം വെച്ച് ചെയ്തു തുടങ്ങിയ സിനിമയാണത്. ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമാകുന്നതിന് മുൻപേ കുറുപ്പ് സിനിമയെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ടായിരുന്നു. കുറുപ്പ് പോലെയൊരു സിനിമക്ക് പിന്നിൽ നിരവധി പേരുടെ അധ്വാനമുണ്ട്. ഒരുപാട് പേരുടെ സ്വപ്നങ്ങളുണ്ട്.ആ കഠിനാധ്വാനങ്ങളൊക്കെ പൂർണമായി പ്രേക്ഷകരിലെത്തിക്കാൻ തിയറ്ററുകളാണ് ഏറ്റവും നല്ലത്. അത് എല്ലാവർക്കും മനസിലായതു കൊണ്ടാണ് കുറുപ്പ് തീയേറ്ററില്‍ തന്നെ  ഇറക്കിയത്. പിന്നെ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ദുൽഖർ സൽമാന്റെ വേഫെയർ പ്രൊഡക്ഷനാണല്ലോ സിനിമയുടെ നിർമാണം. അവരും തിയറ്റർ റീലിസ് തന്നെയാണ് ഉദ്ദേശിച്ചിരുന്നത്. 

കുറുപ്പിനെ ആന്റി ഹീറോ ആയി സൃഷ്ടിച്ചതിന് പിന്നിൽ ? 

കുറുപ്പ് എന്ന കഥാപാത്രം ഒരിക്കലും നായകനല്ല. നായക സങ്കൽപം എപ്പോഴും മറ്റു കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായി നിൽക്കുന്നതാണ്. എല്ലാവർക്കും പരിചിതമായ രീതിയിൽ ചെയ്താൽ പുതുമയുണ്ടാകില്ലല്ലോ. കുറുപ്പ് സിനിമയിലെ കഥാപാത്രങ്ങൾ മറ്റു സിനിമകളിലേതിൽ നിന്ന് വ്യത്യസ്തമാണ്. സിനിമയിൽ ആരും ചുമ്മാ വന്നു പോകുന്നില്ല. എല്ലാ കഥാപാത്രങ്ങൾക്കും അവരുടെതായ വശമുണ്ട്. ഓരോ കഥാപാത്രത്തെയും വ്യക്തമായി മനസിലാക്കി തരാൻ സിനിമ ശ്രമിക്കുന്നുണ്ട്. 

ജേര്‍ണലിസ്റ്റിൽ നിന്ന് കുറുപ്പ് സിനിമയിലേക്ക് ഉള്ള യാത്ര ?

ഞാനെന്ന വ്യക്തി സുകുമാര കുറുപ്പിന്റെ കഥയ്ക്ക് പിന്നിൽ കൂടിയിട്ട് ആറ് വർഷങ്ങളായി. ‌ ഈ സംഭവങ്ങളെ കുറിച്ച് ഒരുപാട് റിസർച്ചുകൾ നടത്തി. പുസ്തകം എഴുതുക എന്ന ലക്ഷ്യത്തോടെയായിരുന്നു റിസർച്ചുകളെല്ലാം.അതേ സമയം  ജിതിന്‍ കെ. ജോസ്  ശ്രീനാഥിന്  വേണ്ടി   കുറുപ്പിന്‍റെ  ആദ്യ  കഥാരൂപം  എഴുതിതുടങ്ങിയിരുന്നു.  തുടര്ന്ന്  തിരക്കഥ  എഴുതുവാനായി   ഡാനിയേല്‍  സായൂജ്  നായരും   ശ്രീനദിനൊപ്പം  ചേര്‍ന്നു. .  ഇതിനിടയിൽ പ്രവീൺ എന്ന സുഹൃത്തിലൂടെ ശ്രീനാഥ്  എന്നെപ്പറ്റിയും  എന്‍റെ പുസ്തകരചനയെക്കുറിച്ചും  അറിയുകയുണ്ടായി. തുടര്‍ന്നാണ്   എന്നെയും  കുറുപ്പിന്‍റെ   തിരക്കഥ രചനയിലേയ്ക്ക്   ശ്രീനാഥ്   ക്ഷണിച്ചത്. പ്രൊഡ്യൂസർ ആയ സാരഥിയും എന്റെ പുസ്തകരചനയെക്കുറിച്ച്  ശ്രീനാഥിനോട് സംസാരിച്ചിരുന്നു.പിന്നീട്  ഞങ്ങളെല്ലാം  ഒന്നിച്ചായിരുന്നു   സ്ക്രിപ്റ്റിനെക്കുറിച്ചുള്ള   റിസര്‍ച്ചുകള്‍  നടത്തിയത്. സ്ക്രിപ്റ്റിനെ കൂടുതല്‍  മികച്ചതാക്കാൻ സഹായിച്ചത് ഞങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടറായ  വിനി വിശ്വലാലാണ്. 

കാത്തിരിപ്പിനൊടുവിൽ കുറുപ്പ് തിയറ്ററുകളിൽ എത്തി. ഇതുവരെയുള്ള കുറുപ്പിൻ്റെ യാത്രയിലെ മറക്കാൻ കഴിയാത്ത അനുഭവം ?

എന്നെ സംബന്ധിച്ചിടത്തോളം കുറിപ്പിന്റെ എഴുത്ത് തന്നെയാണ് മറക്കാനാകാത്ത അനുഭവം. മുൻപ് പറഞ്ഞ പോലെ പല സ്ഥലങ്ങളിലിരുന്നാണ് ഞങ്ങൾ ഇതിനെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. പിന്നെ യാന്ത്രികമായി ഒന്നിച്ചു കൂടുകയായിരുന്നു. സിനിമയിലെ എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാണ്. എല്ലാം  സംഭവിക്കുകയായിരുന്നു എന്ന് പറയാം.  ഒരു സിനിമയുടെ സീന്‍  ലോക്ക് ചെയ്യാനായി വേണ്ടത് കുറച്ചു സമയമാണ്. പക്ഷേ ഒരു സ്ക്രിപ്റ്റ് ലോക്ക് ചെയ്യണമെങ്കിലോ  നീണ്ട സമയം ആവശ്യമാണ്. കുറുപ്പിനായി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എപ്പോള്‍ എഴുതി പൂര്‍ത്തിയാക്കിയാലും   വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്ന  ഒരു  കഥ ആയിരുന്നു  കുറുപ്പിന്‍റേത്. 

കുറുപ്പിലെ മറ്റ് താരങ്ങളെ കുറിച്ച് ?

സാധാരണ സിനിമയെക്കാൾ കൂടുതൽ കഥാപാത്രങ്ങളുണ്ട് കുറുപ്പിൽ. അവർക്ക് എല്ലാം അവരുടെതായ പ്രാധാന്യവുമുണ്ട്.  ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഷോബിത ധുലിപാല, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങിയവരൊക്കെയാണ് സിനിമയുടെ കഥാ​ഗതിയിൽ മുഖ്യപങ്കു വഹിക്കുന്നവർ. സണ്ണി വെയിൻ- ദുൽഖർ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്ന സൂചനയാണോ കുറുപ്പിന്‍റെ  ക്ലൈമാര്‍ക്സില്‍  നല്‍കുന്നത്?

അങ്ങനെ പറയാൻ പറ്റില്ല. കുറുപ്പിന്റെ പുതിയ ജന്മം കഥാ​ഗതിയിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കി എന്നു മാത്രമേയുള്ളൂ.

കുറുപ്പിനെ കുറിച്ച് അറിയാത്തവരുടെ ഉള്ളിൽ വില്ലൻ എന്നതിലുപരി സാഹചര്യങ്ങളാൽ കുറ്റവാളിയാക്കപ്പെട്ട ആളായി കുറുപ്പ് മാറുന്നുണ്ട്. അതൊരു നെഗറ്റീവ് ചിന്ത അല്ലെ പ്രേക്ഷകരിൽ വളർത്തുക ?

ഒരിക്കലുമല്ല. സിനിമയിലൊരിടത്തും കുറുപ്പിനെ ന്യായികരിക്കുന്നില്ല.സാഹചര്യങ്ങൾ കൊണ്ട് അയാൾ കുറ്റം ചെയ്തതാണെന്നും പറയുന്നില്ല. പകരം ആ കഥാപാത്രം കുറ്റം ചെയ്യുന്നത് എങ്ങനെ എന്ന് സിനിമയുടെ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. നെ​ഗറ്റീവ് കഥാപാത്രമാണ് കുറുപ്പ്. അതു കൊണ്ടു തന്നെ അയാളുടെ പ്രവർത്തികളെ ന്യായികരിക്കാനുമാകില്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top