Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:00 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

Dhurga Krishna, Mollywood, Movies, Interview

'ലാലേട്ടനെ എപ്പോൾ കണ്ടാലും എനിക്ക് എക്സൈറ്റ്മെന്‍റ്' സിനിമാ വിശേഷങ്ങളുമായി ദുർഗ കൃഷ്ണ

Published:20 November 2021

# പി. ജി. എസ് സൂരജ്

ലോക്ക്ഡൗൺ സമയത്താണ് കന്നട സിനിമ ചെയ്യുന്നത്. കന്നട ഭാഷ എനിക്കറിയില്ല. കന്നടയിലെ യുവതാരം ധനഞ്ജയനായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. അദ്ദേഹം നല്ല കമ്പനിയായിരുന്നു.

പൃഥ്വിരാജിന്‍റെ വിമാനം എന്ന  സിനിമ കണ്ടവരാരും ജാനകിയെ മറന്നിരിക്കാൻ ഇടയില്ല. വിമാനത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട വ്യക്തിയാണ് ദുർഗ കൃഷ്ണ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച താരമാണ്  ഈ  കോഴിക്കോട്ടുകാരി.  വിവാഹ ശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. അഭിനയവും നിർമ്മാണവുമൊക്കെയായി സിനിമയിൽ സജീവമായ അർജുൻ രവീന്ദ്രനാണ് ദുർഗയുടെ ജീവിത പങ്കാളി. ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍  വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുർഗ കൃഷ്ണയുടെ വിശേഷങ്ങളിലേക്ക്.

  • ഇതുവരെയുള്ള യാത്രയിൽ കുടുംബത്തിന്‍റെ പിന്തുണ ?

തുടക്കം മുതൽ ഇതുവരെയുള്ള യാത്രയിൽ എന്റെ കുടുംബം പൂർണ പിന്തുണയുമായി ഒപ്പം തന്നെയുണ്ട്.സ്ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതിന് മുൻപ് ഞാൻ വീട്ടുകാരുമായി ചർച്ച ചെയ്യാറുമുണ്ട്.  തീരുമാനങ്ങൾ ഒക്കെ എന്റെതായിരിക്കും എന്നു മാത്രം. വിവാഹത്തിന് തടസങ്ങളുണ്ടായിരുന്നു. എന്റെ വീട്ടുകാർ കുറച്ച് ഓർത്തഡോക്സാണ്. അതുകൊണ്ടു തന്നെ പ്രണയ വിവാഹം എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന തടസങ്ങൾ ഇവിടെയും നേരിടേണ്ടി വന്നു.  തുടക്കത്തിലെ തന്നെ ഞങ്ങൾ തമ്മിലുള്ള  ഇഷ്ടം വീടുകളിൽ പറഞ്ഞിരുന്നു. പക്ഷേ പ്രണയ വിവാഹം അംഗീകരിക്കാൻ എന്റെ വീട്ടുകാർക്ക് ആദ്യം  ബുദ്ധിമുട്ടായിരുന്നു. അർജുന്റെ വീട്ടുകാർ തുടക്കം മുതലെ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. പിന്നീട്  എന്‍റെ ഇഷ്ട്ടത്തിന്  എന്‍റെ വീട്ടുകാര്‍  സമ്മതം  മൂളുകയായിരുന്നു.   സിനിമയിൽ വന്നൂവെന്ന് പറയുമ്പോൾ തന്നെ തറവാട്ടിൽ നിരവധി സംസാരങ്ങൾ ഉയർന്നു വന്നിട്ടുണ്ടായിരുന്നു. 

  • അർജുനെ കുറിച്ച് ?

നാല് വർഷത്തെ കടുത്ത പ്രണയമായിരുന്നു ഞങ്ങളുടേത്. നിലവിൽ കാമുകനിൽ നിന്നും ഭർത്താവിലേക്ക് മാറി എന്നൊരു വ്യത്യാസമേയുള്ളൂ.  എന്റെ ജന്മദിനത്തിനെല്ലാം  സർപ്രൈസ് തരാറുണ്ടായിരുന്നു അദ്ദേഹം. അതെല്ലാം ഇപ്പോഴും സുഖമുള്ള ഓര്‍മ്മകളാണ്.  വിവാഹ ശേഷവും അഭിനയവുമായി മുന്നോട്ട് പോകാൻ അർ‌ജുന്റെ പൂർണ പിന്തുണയുണ്ട്. നിലവില്‍ നിർമ്മാതാവ്കൂടിയാണ്  അർജുൻ.  ഞങ്ങൾ രണ്ടാളുടെയും കരിയറ്‍ സിനിമയാണ്. പുറമെ കാണുന്നതുപോലെയല്ല വീട്ടിൽ ഞാനിപ്പോഴും കുട്ടിത്തം വിടാത്ത ആളാണ്. അർജുൻ എന്നെ അതുപോലെ നോക്കുന്നുണ്ട്. പിന്നെ സ്ക്രിപിറ്റുകളൊക്കെ തെരഞ്ഞെടുക്കാൻ എപ്പോഴും അർജുൻ സഹായിക്കാറുണ്ട്. ഞങ്ങൾ എല്ലാത്തിനെക്കുറിച്ചും ചർച്ച ചെയ്യാറുണ്ട്. എല്ലാത്തിന്റെയും നല്ല വശവും ചീത്ത വശവും അർജുൻ എനിക്ക് പറഞ്ഞു തരാറുണ്ട് .

  • ലാലേട്ടനെ കണ്ടു മുട്ടിയ ദിവസത്തെക്കുറിച്ച് ?

എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനമായിരുന്നു പിറന്നാൾ ദിനത്തിൽ ലാലേട്ടനെ കണ്ടുമുട്ടിയത്. അന്ന് അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എനിക്കെറെ പ്രിയപ്പെട്ടയാളാണ് ലാലേട്ടൻ. ഒരു സഹോദരിക്ക് അവളുടെ ഏട്ടന്‍  നൽകിയ മികച്ച സമ്മാനമായിരുന്നു ആ സായാഹ്നം.

  • ലാലേട്ടനോട് ഉള്ള ഇഷ്ടം തുടങ്ങിയത് ഏത് സിനിമ കണ്ടപ്പോൾ മുതലാണ് ?

ചെറുപ്പം മുതല്‌‍ ലാലേട്ടന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഏത് സിനിമ കണ്ടിട്ടാണെന്ന് ഇപ്പോഴും അറിയില്ല.  നിരവധി തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും നടന്നിരുന്നില്ല താരങ്ങളുടെ സംഘടനയായ . അമ്മയുടെ സ്റ്റേജ് ഷോയുടെ  റിഹേഴ്‌സലിനിടയിലായിരുന്നു ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ആകെ സ്റ്റക്കായിപ്പോയ അവസ്ഥയായിരുന്നു അന്ന്. ഡാൻസിനിടയിൽ സ്‌കിറ്റിനായി എന്നെയും വിളിച്ചിരുന്നു. ആള് മാറി ക്ഷണിച്ചതാണെങ്കിലും എന്നെയുംക്കൂടി കൂട്ടാമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ആ സ്കിറ്റിലെ  നായകൻ മോഹൻലാലായിരുന്നു എന്ന് പിന്നിടാണ് അറിഞ്ഞത്.  ഞാൻ മോഹൻലാലാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴേക്കും ഞാൻ വളരെ ഇമോഷണലായിരുന്നു.ഈ സംഭവം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടയിലാണ് എന്നെ റാമിലേക്ക് ക്ഷണിക്കുന്നത്.  

  • ലാലേട്ടനൊപ്പം  റാമിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോള്‍? 

സന്തോഷമായിരുന്നു. പ്രിയ താരത്തിനൊപ്പം  അഭിനയിക്കാൻ കഴിയുന്നതിലുള്ള സന്തോഷവും അദ്ദേഹത്തിനൊപ്പം ഞാൻ അഭിനയിക്കാറായോ എന്ന ടെൻഷനും ഒരുപോലെ ഉണ്ടായിരുന്നു. ലാലേട്ടനെ എപ്പോൾ കണ്ടാലും എനിക്ക് എക്സൈറ്റ്മെന്റ് ഉണ്ടാകും. ആദ്യമായി ലാലേട്ടനെ കണ്ടപ്പോൾ തോന്നിയ അതേ ഫീലാണ് ഇപ്പോൾ അദ്ദേഹത്തെ കണ്ടാലും എനിക്ക് തോന്നുക. അഭിനയിക്കാൻ പോകുമ്പോഴും കാണാൻ പോകുമ്പോഴും അതെ. ലാലേട്ടനാണ് എന്നെ റാമിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഞാനത് പ്രകടിപ്പിക്കാതെ ഇരിക്കാൻ ശ്രമിച്ചിരുന്നു. സിനിമയിൽ കഥാപാത്രങ്ങളാണല്ലോ വേണ്ടത്. അഭിനയിക്കുന്ന സമയത്ത് എനിക്ക് പറ്റുമോ, അത്രയ്ക്കൊക്കെ ഞാൻ ആയിട്ടുണ്ടോ എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടായിരുന്നു. ലാലേട്ടൻ എല്ലാവരോടും നല്ല കമ്പനിയാണ്. കളി, തമാശകളൊക്കെയായി അദ്ദേഹം സെറ്റിൽ സജീവമായിരിക്കും. നമ്മുടെ മനസ്സില്‍ ലജന്‍റ്  ആയി നില്‍ക്കുന്നൊരാള്‍ ഇത്ര കമ്പനി ആണെന്ന് അറിയുമ്പോൾ തോന്നുന്ന സന്തോഷമില്ലെ , അപ്പോള്‍  എല്ലാ  .ടെന്‍ഷനും  അങ്ങ്  മറക്കും. 

  • പുതിയ ചിത്രമായ ഉടലിൻ്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

സിനിമയുടെ ഷൂട്ടിങ്  കഴിഞ്ഞു.  ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസിന്റെ കൂടെ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. നിലവിൽ ഫസ്റ്റ്  ലുക് പോസ്റ്റര്‍  മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ധ്യാൻ സംവിധാനം ചെയ്യുന്ന സിനിമയിലും വർക്ക് ചെയ്യുന്നുണ്ട്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വഴിയെ പറയാം.

  • ഇന്ദ്രൻസിനോടൊപ്പമുള്ള  ആദ്യ സിനിമയല്ലെ ഉടൽ ?

അല്ല. അദ്ദേഹത്തിനൊപ്പമാണ് ആദ്യമായി ഞാൻ ക്യാമറക്ക് മുന്നിലെത്തുന്നത്. ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത എന്റെ ആദ്യ സിനിമ അതായിരുന്നു.18 വയസ് ആയ സമയത്ത് ചെയ്തതാണ്.

  • ഇത് വരെ ചെയ്ത സിനിമയിലെ എറ്റവും പ്രിയപ്പെട്ട കഥാപാത്രം?

എല്ലാവർക്കും അവർ ചെയ്ത ആദ്യ കഥാപാത്രം മറക്കാൻ കഴിയാത്തത് ആയിരിക്കും. അതുപോലെ എന്റെ പ്രിയപ്പെട്ട കഥാപാത്രം ജാനകി തന്നെയാണ്. ആദ്യം മുതൽ അവസാനം വരെയുള്ള സിനിമയിലെ കഥാപാത്രം. തുടക്കക്കാരിക്ക് കിട്ടിയ ഭാഗ്യമായിരുന്നു പ്യഥ്വിരാജിനൊപ്പമുള്ള ആ വേഷം. പിന്നെ ഓരോ തരത്തിലാണല്ലോ നമുക്ക് ഓരോ കഥാപാത്രങ്ങളോടുള്ള ഇഷ്ടം തോന്നുന്നത്.

  • ആദ്യ കന്നഡ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. അന്യ ഭാഷയില്‍ അഭിനയിച്ചപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു? 

ലോക്ക്ഡൗൺ സമയത്താണ് കന്നട സിനിമ ചെയ്യുന്നത്. കന്നട ഭാഷ എനിക്കറിയില്ല. ഞാൻ കന്നട  സിനിമകൾ അധികം കാണാറുമില്ലായിരുന്നു.  രാഹുൽ മാധവനും മറ്റൊരു മലയാളിയുമായിരുന്നു ഈ കന്നഡ സിനിമയുടെ ലൊക്കേഷനിൽ എനിക്ക് കൂട്ട്. കന്നടയിലെ യുവതാരം ധനഞ്ജയനായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. അദ്ദേഹം നല്ല കമ്പനിയായിരുന്നു. ഭാഷ ഞങ്ങൾക്കിടയിൽ ഒരു തടസമായിരുന്നു എങ്കിലും പിന്നിട് ഞങ്ങൾ കൂടുതൽ സംസാരിക്കാൻ ഇംഗ്ലീഷ് തെരഞ്ഞെടുത്തു.

  • കുടുക്ക് സിനിമയുമായി  ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ സദാചാരവാദികളെ ഒക്കെ നേരിടേണ്ടി വന്നിരുന്നു അല്ലോ. സോഷ്യൽ മീഡിയയിൽ സദാചാര വാദികളുടെ എണ്ണം കൂടി വരുന്നു എന്ന് തോന്നുന്നുണ്ടോ ?

സോഷ്യൽ മീഡിയയിൽ സദാചാര വാദികളുടെ എണ്ണം എത്ര കൂടി കുറഞ്ഞു എന്നൊന്നും എനിക്കറിയില്ല. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർ ഒരുപാടുണ്ട്. പലപ്പോഴും എനിക്ക് ഫീലാകുന്ന കാര്യങ്ങളിൽ മാത്രമേ ഞാൻ പ്രതികരിക്കാറുള്ളൂ. ഇൻബോക്സിലെ കമന്റ് ബോക്സിൽ പല രീതിയിൽ ഉള്ള കമന്റുകൾ വരാറുണ്ട് അവയിൽ പലതും ഞാൻ ഒഴിവാക്കാറാണ് പതിവ്.

  • ദുര്‍ഗ്ഗ ഡാൻസർ ആണല്ലോ. അവിടെ നിന്ന് സിനിമയിലേക്ക് എത്തിയപ്പോൾ ഉള്ള രസകരമായ അനുഭവങ്ങൾ  ?

ഡാൻസും സിനിമയും, രണ്ടും എന്റെ കരിയറാണ്. ഡാൻസിൽ നിന്ന് സിനിമയിലേക്ക് എത്തിയപ്പോൾ എന്റെ പേരിന് കുറച്ചു കൂടി വാല്യൂ കൂടി. ഡാൻസർ ദുർഗ എന്നതിൽ നിന്ന് നടിയും ഡാൻസറുമായ ദുർഗ എന്ന നിലയിലേക്കെത്തി. നേരത്തെ നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഷോകൾ ഒക്കെ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.  

  • ലാലേട്ടനെ പോലെ കണ്ട് മുട്ടണം എന്ന് ആഗ്രഹമുള്ള നടൻ / നടി ?

അങ്ങനെ ചോദിച്ചാൽ ഒരുപാട് പേരുണ്ട്.  പക്ഷേ ഏത് ഭാഷയിലെ താരങ്ങളെ എടുത്താലും അവരെക്കാളൊക്കെ എന്റെ മനസിൽ ഉയർന്നു നിൽക്കുന്നത് ലാലേട്ടനാണ്. ലാലേട്ടൻ കഴിഞ്ഞെ എനിക്ക് മറ്റാരോടും ആരാധന തോന്നിയിട്ടുള്ളൂ. ഡാൻസിനോട് ഇഷ്ടം ഉള്ളതിനാൽ  പഠിക്കുന്ന സമയത്ത് ശോഭനയെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top