Published:27 November 2021
ന്യൂഡല്‍ഹി: നാല്‍പ്പതാമത് ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് വെങ്കല നേട്ടം. സംസ്ഥാന സര്‍ക്കാരുകളുടെ പവിലിയന് വിഭാഗത്തില്‍ മികച്ച മൂന്നാമത്തെ പവിലിയനുള്ള പുരസ്കാരമാണ് കേരളത്തിനു ലഭിച്ചത്. പ്രഗതി മൈതാനിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയില് നിന്നും കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്, കേരള പവലിയന് നോഡല്‍ ഓഫീസറും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ എസ്.ആര്. പ്രവീണ്‍, ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഐ.ടി.പി.ഒ ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ എല്‍.സി. ഗോയല്‍, ഐ.ടി പി.ഒ എക്സിക്യുട്ടീവ് ഡയറക്ടർ വിഭു നയ്യർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബീഹാറിനാണ് മികച്ച പവലിയനുള്ള സ്വര്‍ണ്ണ മെഡല്‍. ആസ്സാമിന് രണ്ടാം സ്ഥാനത്തിനുള്ള വെള്ളി മെഡല്‍ ലഭിച്ചു. കേരളത്തിന് ഇതുവരെ എട്ടു തവണ സ്വര്‍ണമെഡലും നാലു തവണ വെള്ളി മെഡലും രണ്ടു തവണ വെങ്കല മെഡലും ലഭിച്ചിട്ടുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തില്‍ നടത്തിയ ഈ വര്‍ഷത്തെ വ്യാപാര മേളയില്‍ സ്വയം പര്യാപ്ത വൈഞ്ജാനിക കേരളം എന്ന ആശയത്തിലൂന്നിയ വികസന മാതൃകകളാണ് കേരളം പവലിയനില്‍ ഒരുക്കിയത്. ടൂറിസം, വ്യവസായം, കൃഷി, കയര്‍, സാംസ്കാരികം, മത്സ്യബന്ധനം, വനം വന്യജീവി, നോര്‍ക്ക, പഞ്ചായത്ത്, ഐ.ടി മിഷന്, കുടുംബശ്രീ, സഹകരണ മേഖല, കൈത്തറി എന്നിവരാണ് കേരള പവലിയന് തീം ഏരിയയില്‍ ദൃശ്യവത്ക്കരിച്ചത്.
കുടുംബശ്രീ, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, പഞ്ചായത്ത് വകുപ്പ്, പട്ടികവര്‍ഗവികസനവകുപ്പ്, ഫിഷറീസ് സാഫ്, മത്സ്യഫെഡ്, കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് കോര്പ്പറേഷന്, മാര്‍ക്കറ്റ്ഫെഡ് എന്നിവയിലൂടെ വിപണന സ്റ്റാളുകളും ഒരുക്കി. കുടുംബശ്രീ വ്യാപാര മേളയില്‍ കേരളത്തിന്റെ രുചിക്കൂട്ടുമൊരുക്കി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പവലിയന് രൂപകല്‍പ്പന ചെയ്തത് സി.ബി. ജിനന്, ബിനു ഹരിദാസ്, സി.ബി. ജിഗീഷ് എന്നിവര്‍ ചേര്‍ന്നാണ്. വോക്കല്‍ ടു ലോക്കല്‍ ലോക്കല്‍ ടു ഗ്ലോബല്‍ എന്നതാണ് 2022ല്‍ നടക്കുന്ന വ്യാപാര മേളയുടെ തീം.