Published:02 December 2021
കോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ വാഹനത്തിന്റെ ശബ്ദം കേട്ട് പേടിച്ച് ഇടഞ്ഞോടിയ കല്യാണി എന്ന പിടിയാന ഭാഗ്യം തുണച്ചതിനാൽ കിണറ്റിലേക്ക് വീഴാതെ രക്ഷപെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുൻകാലുകൾ കിണറ്റിലേക്ക് പോയെങ്കിലും ആനയെ വിദഗ്ധമായി കരകയറ്റി.പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി. ഇതിനിടെയാണ് പേടിച്ച് ഇടഞ്ഞോടിയത്.
പൊടുന്നനെ വാഹനത്തിന്റെ ശബ്ദം കേട്ട് ഭയന്നോടിയ കല്യാണി പ്രധാന വഴിയിലൂടെ പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപമെത്തിയ ശേഷം അവിടെ നിന്നും ഓടി പ്രദേശവാസിയുടെ മുറ്റത്തേക്ക് കയറി. അനുനയിപ്പിക്കാൻ പാപ്പാന്മാരും വീട്ടുമുറ്റത്തേക്ക് വന്നതോടെ കല്യാണി കാലെടുത്തു വച്ചത് കിണറ്റിലേയ്ക്കാണ്. മുൻകാലുകൾ കിണറിന്റെ ചുറ്റുമതിലിനുള്ളിലും വലതുഭാഗത്തു മതിലും. ഇതോടെ കല്യാണി പെട്ടുപോയി.
പരുത്തുംപാറ നെല്ലിക്കൽ സീതാഭവനിൽ സീതാമണിയമ്മയുടെ വീടിന് മുന്നിലെ കിണറ്റിലേക്കാണ് കല്യാണി കാലെടുത്തുവച്ചത്. വീഴ്ചയിൽ ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും മുറിവേറ്റിട്ടുണ്ട്. കിണറ്റിൽ നിന്നും ആനയുടെ കാൽ സ്വതന്ത്രമാക്കാൻ പണിപ്പെട്ട സഹായിക്കും പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ തൂണും മതിലിന്റെ കുറച്ചു ഭാഗവും ഇടിഞ്ഞുവീണിരുന്നു.
ഏറെ നേരത്തെ പാപ്പാന്റെയും സഹായികളുടെയും പരിശ്രമത്തിനൊടുവിലാണ് കല്യാണിയുടെ കാലുകൾ കിണറ്റിൽ നിന്നും പുറത്തെടുത്തത്. പിന്നീട് ശരീരം വെള്ളമൊഴിച്ചു നനച്ചും ഭക്ഷണം നൽകിയും പാപ്പാൻമാർ അനുനയിപ്പിച്ച് വരുതിയിലാക്കി. അൽപം ഭാഗ്യമുള്ളതുകൊണ്ടു മാത്രമാണ് ചുതുമതിലിടിയാതെ കല്യാണി പുറത്തുവന്നത്.
ആന ഇടഞ്ഞ വാർത്തയറിഞ്ഞ് കുറച്ചുനേരം നാട്ടുകാർ പരിഭ്രാന്തരായെങ്കിലും സ്ഥലത്തേക്ക് ആരും കടന്നുവരാതിരിക്കാൻ പഞ്ചായത്തു വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങളും ചിങ്ങവനം പൊലീസും ശ്രദ്ധിച്ചു. സമയോചിതമായ ഇടപെടലുകളിലൂടെ പാപ്പാനും സഹായികളും ചേർന്ന് കല്യാണിയെ രക്ഷിച്ച് തിരികെ മടങ്ങി.