Published:26 December 2021
ഭോപാൽ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ ബിജെപി മന്ത്രി രംഗത്ത്. മൂന്നു ദിവസത്തിനുള്ളിൽ ആൽബം പിൻവലിക്കണമെന്നും അണിയറപ്രവർത്തകർ മാപ്പു പറഞ്ഞില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പറഞ്ഞു.'‘ചില ആളുകൾ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. ‘മധുബൻ മേ രാധിക നാച്ചെ’ എന്ന വിഡിയോ അത്തരത്തിലുള്ള അപലപനീയമായ ഒരു ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സണ്ണി ലിയോൺ, ഷരീബ്, തോഷി എന്നിവർ ഇതു മനസ്സിലാക്കേണ്ടതാണ്.മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.’– നരോത്തം മിശ്ര പറഞ്ഞു. വിഡിയോ ‘മാ രാധ’യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.ഡിസംബർ 22ന് യുട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് ആൽബം, ഞായറാഴ്ചവരെ ഒരു കോടിപേർ കണ്ടിട്ടുണ്ട്.
മഥുരയിലെ പുരോഹിതന്മാരും ആൽബത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര് പരാതിപ്പെട്ടു