Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 8:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Interviews

Mollywood, Movies, Interview

സിനിമയെ സീരിയസായി കണ്ടത് പ്രാഞ്ചിയേട്ടനു ശേഷം; ജാന്‍.എ.മന്‍ വിശേഷങ്ങളുമായി ഗണപതി

Published:30 December 2021

ഗണപതി എന്ന പേരിന് ആദ്യം കുറെ പ്രശ്നങ്ങളുണ്ടായിരുന്നു. പേര് കാരണം ക്ലീഷേ കളിയാക്കലുകൾ വരെ കേട്ടിട്ടുണ്ട്. ഇപ്പോ ഞാൻ ഹാപ്പിയാണ്, ഈ പേര് കാരണം എന്നെ ഒരുപാട് പേർ ഓർക്കുന്നുണ്ടല്ലോ.

നാളെ വരുമോ സര്‍ ?...........ഗേറ്റും ചാരി നിന്ന് ജഗതി ശ്രീകുമാറിനോട്  ഈ ചോദ്യം ചോദിച്ച പയ്യനെ പ്രാഞ്ചിയേട്ടൻ കണ്ടവരാരും മറക്കാൻ സാധ്യതയില്ല. വിനോദയാത്രയില്‍  പാലും പഴവും കൈകളിലേന്തി എന്ന പാട്ട് പാടി മലയാളികളെ ചിരിപ്പിച്ച അതെ പയ്യൻ തന്നെയാണ് പ്രാഞ്ചിയേട്ടനിലെ ഈ പയ്യനും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ റിസോർട്ടിൽ പാർട്ടി നടത്താനിരുന്ന ജോയ്മോനെ വിളിച്ച് വീട്ടിൽ കൊണ്ടുവന്ന് പണി വാങ്ങിയ ഡോക്ടർ ഫൈസലിനെ ഓർമയില്ലെ, ആ ചെറുപ്പക്കാരനെ കുറിച്ചാണ് ഈ പറഞ്ഞത്. കോവിഡ് കാലത്തിന് ശേഷം തിയറ്ററുകളിൽ പൊട്ടിച്ചിരി നിറച്ച ജാനേ മന്നിന്റെ സഹ എഴുത്തുകാരനും നടനുമായ ഗണപതി എസ് പൊതുവാളിന്റെ വിശേഷങ്ങളിലേക്ക്..

അരങ്ങേറ്റം ഇംഗ്ലിഷ് സിനിമയിലൂടെ 
‌2007 ൽ പുറത്തിറങ്ങിയ 'ബിഫോർ ദി റെയിൻസ്' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ മലയാളികൾക്ക് എന്നെ മനസിലാകണമെങ്കിൽ അതെ വർഷം പുറത്തിറങ്ങിയ വിനോദയാത്രയെ കുറിച്ച് പറയണം. പിന്നെ സജി സുരേന്ദ്രൻറെ മാധവം എന്ന ടെലിവിഷൻ പരമ്പരയുടെ ഭാഗവുമായിട്ടുണ്ട്. അലിഭായിലൂടെ ലാലേട്ടന്റെ കൂടെയും പ്രാഞ്ചിയേട്ടൻ ആൻറ് ദി സെയ്ൻറിലൂടെ മമ്മൂക്കക്കൊപ്പവും അഭിനയിക്കാനായി. കുട്ടിക്കാലത്തേതന്നെ അത്തരം വലിയ   ഭാഗ്യങ്ങള്‍  എന്നെത്തേടി എത്തിയിരുന്നു. ചിത്രശലഭങ്ങളുടെ വീട്, ഇന്നത്തെ ചിന്താവിഷയം, ലോലിപോപ്പ്, പകൽനക്ഷത്രങ്ങൾ, സമയം, സ്പിരിറ്റ്, മല്ലുസിങ് തുടങ്ങിയ സിനിമകളുടെയും ഭാഗമായി. 2007 മുതൽ 2013വരെ ഞാന്‍  സജീവമായിരുന്നു. പിന്നീട് തിരിച്ചെത്തുന്നത് 2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ്. കവി ഉദ്ദേശിച്ചത്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഹണിബീ 2, ജോർജേട്ടൻസ് പൂരം, പുത്തൻപണം, ചങ്ക്‌സ്, അങ്കിൾ, പടയോട്ടം, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങിയ സിനിമകളുടെയും ഭാഗമായി. സിനിമലോകത്തെ യാത്ര ഇപ്പോള്‍  ജാനേമൻ വരെ എത്തി നിൽക്കുന്നു.  
 
അപ്രതീക്ഷിതമായി തിരക്കഥരചനയിലേക്ക് 
 അങ്ങനെയും പറയാം. ഒരു വർഷം മുൻപ് ഞാനൊരു ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തു. എൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അതെന്ന് പറയുന്നതായിരിക്കും ശരി. ഒന്നു ചിരിക്കൂ എന്നായിരുന്നു അതിൻ്റെ പേര്.  ലോക്ക്ഡൗണിൽ പണിയില്ലാതെ ഇരുന്ന് ബോറഡിച്ചപ്പോൾ ചെയ്തതാണ് ഈ ഷോർട്ട്ഫിലിം. ഈ ചിത്രം വീട്ടിൽ നിന്നുണ്ടായി വന്നതാണ്. കസിൻസും സുഹൃത്തുക്കളും ചേർന്നാണ്  പ്രൊഡക്ഷൻ നടത്തിയത്. ഛായാഗ്രഹകൻ ഗൗതം ബാബുവാണ്, എഡിറ്റർ ശ്രീവൽസൻ ആർ എസ്, സിങ്ക് സൗണ്ട് വൈശാഖ്, കലാസംവിധാനം ചെയ്ത സിദ്ധാർഥ് എല്ലാവരും ബന്ധുക്കളും സുഹൃത്തുക്കളുമാണെന്ന പ്രത്യേകതയുമുണ്ട്. പ്രതീക്ഷിക്കാതെ ആണ് എഴുത്തിലേക്ക് എത്തുന്നത്. നാട്ടിലേക്ക് പോകുന്ന സമയത്ത് ഗൗതമാണ് ഒരു സ്റ്റോറി ചെയ്യണം എന്ന ആഗ്രഹം പറയുന്നത്. അങ്ങനെയാണ് വൃദ്ധ ദമ്പതികളുടെ കഥ പറയുന്ന, പ്രളയത്തെ ആസ്പദമാക്കി എടുത്ത ഒന്നു ചിരിക്കൂ പിറക്കുന്നത്. ആദ്യ സംവിധാനത്തിൽ തന്നെ മണ്ണിന്റെ മണം തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന സംവിധായകൻ ലാൽ ജോസിന്റെ വാക്കുകൾ വലിയ അംഗീകാരമായിരുന്നു. എന്തായാലും പ്രതീക്ഷിച്ചതിനേക്കാള്‍   വേഗത്തില്‍   ഷോർട്ട് ഫിലിം ക്ലിക്കായി.

ഇഷ്ട്ടപ്പെട്ട ജോലി  ചെയ്യുക എന്നത് ഏറെ  സന്തോഷം 
 ബാലതാരത്തിൽ നിന്ന് ക്യാരക്ടറിലേക്ക് കുറെ ദൂരമുണ്ട്. നമ്മെ കുഞ്ഞുനാൾ മുതൽ സ്ക്രീനിൽ കാണുന്നവരുടെ മനസിൽ നിന്ന് ബാലതാരമെന്ന മുഖം മാറ്റിയെടുത്ത് ക്യാരക്ടർ ആക്ടറിൻ്റെ മുഖം ചേർത്തുവയ്ക്കുക പ്രയാസമാണ്. അത്തരത്തിലൊരു ബുദ്ധിമുട്ട് ചിലപ്പോൾ തോന്നിയിട്ടുണ്ട്. പിന്നെ നമ്മൾ വളരാൻ ശ്രമിക്കുന്തോറും ബുദ്ധിമുട്ടുകൾ ഏറി കൊണ്ടിരിക്കുമല്ലോ.സിനിമ പലപ്പോഴും സ്ഥിരമായി ഒരിടം ആകണമെന്നില്ല. അവിടെ നിന്ന് കൃത്യമായ വരുമാനം കിട്ടണമെന്നുമില്ല. പൈസയെക്കാളുപരി ഇഷ്ടപ്പെട്ടത് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷമുണ്ട്. അതാണ് പലരെയും സിനിമയിലേക്ക് ആകർഷിക്കുന്നത്. എന്നെ സംബന്ധിച്ച് അവസാനം വരെ ഇഷ്ടപ്പെട്ട പണി ചെയ്യണമെന്നാണ് ആഗ്രഹം - അതാകട്ടെ സിനിമയും.  
 
ഗണപതി എന്ന പേര് കാരണം ഉണ്ടായ മറക്കാനാകാത്ത അനുഭവം ?

അങ്ങനെ ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ, വിനോദയാത്ര. സ്വന്തം പേരിൽ അഭിനയിക്കാൻ പറ്റുക എന്നത് വലിയ ഭാഗ്യമല്ലേ. അന്ന് പ്രൊഡ്യൂസർ ഹംസക്കോയയാണ് ഈ  പേര് തന്നെ മതിയെന്ന് പറയുന്നത്. തമിഴ് ടച്ച് ഉള്ള പേരായതുകൊണ്ടാണ് അദ്ദേഹം ഇതുതന്നെ മതിയെന്ന് പറഞ്ഞത്. ഗണപതി എന്ന പേരിന് ആദ്യം കുറെ പ്രശ്നങ്ങളുണ്ടായിരുന്നു. പേര് കാരണം ക്ലീഷേ കളിയാക്കലുകൾ വരെ കേട്ടിട്ടുണ്ട്. ഇപ്പോ ഞാൻ ഹാപ്പിയാണ്, ഈ പേര് കാരണം എന്നെ ഒരുപാട് പേർ ഓർക്കുന്നുണ്ടല്ലോ.
 
ജാനെ മന്നിലെ വേഷത്തെ കുറിച്ച് ?

കാഴ്ചയിൽ വളരെ കൂളായ  കാര്യത്തോ‌ടടുക്കുമ്പോൾ പക്വതയാർന്ന കഥാപാത്രമാണല്ലോ ഡോക്ടർ ഫൈസൽ. എല്ലായിടത്തും ഒരു മീഡിയേറ്ററാണ് ഫൈസൽ.  എല്ലാവരുടെയും ഇമോഷണൽ ബാലൻസിങ് ന‌ടത്തുന്ന കഥാപാത്രം. അധികം പൊട്ടിത്തെറിക്കാതെ ഇലക്കും മുള്ളിനും കേടില്ലാതെ പല സീനുകളും മുന്നോട്ട് കൊണ്ടുപോകുന്നത് ഫൈസലാണ്.  ഫൈസലിൻ്റെ ജോലി പൂർണമാകുന്നത് പോലും ജനനത്തിനും മരണത്തിനും ഇടയിലാണ്. എൻ്റെ കരിയറിലെ മറക്കാനാകാത്ത അനുഭവം തന്ന മികച്ച പ്രതികരണങ്ങൾ തന്ന കഥാപാത്രമാണിത്.


 
വരാനിരിക്കുന്ന സിനിമകൾ ഏതൊക്കെയാണ് ?

രണ്ടു പ്രോജക്ടുകളുണ്ട്. കേശു ഈ വീടിൻ്റെ നാഥൻ, സല്യൂട്ട് , തട്ടാശേരിക്കൂട്ടം എന്നിവയാണ് വരാനിരിക്കുന്ന സിനിമകൾ. ഡിസംബർ അവസാനത്തോടെ പുറത്തുവിടാനിരിക്കുന്ന പ്രോജക്ടുകളുമുണ്ട്. എടുത്തു ചാടി ഒന്നും ചെയ്യാൻ പ്ലാനില്ല. സിനിമ ചെയ്യാത്തപ്പോ ട്രാവൽ ചെയ്യാനാണ് പ്ലാൻ. കുറച്ചു എഴുത്തും വേണം.  
 
 ഏതെങ്കിലും താരത്തിൻ്റെ കൂടെ അഭിനയിക്കണമെന്ന് തോന്നിയിട്ടുണ്ടോ ?

ഒരുപാട് ആളുകൾക്ക് ഒപ്പം വർക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ട്. താരങ്ങൾ  മാത്രമല്ല ക്യാമറമാൻ, ടെക്നീഷ്യൻസൊക്കെ അക്കൂട്ടത്തിൽ പെടും. എല്ലാ ഭാഷയിലുമുള്ള നിരവധി പേർക്കൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാൻ.
 
ചേട്ടന്‍  ചിദംബരത്തിൻ്റെ ആദ്യ സിനിമയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ചപ്പോൾ?

ക്ഷണിച്ചതൊന്നുമല്ല, സംഭവിക്കുകയായിരുന്നു എന്ന് പറയുന്നതാകും ശരി. സിനിമയുടെ ത്രെഡ് ചിദംബരത്തിൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. അങ്ങനെയൊരു സംഭവം സിനിമയാക്കിയാലോ എന്നാലോചിച്ചിരുന്നു പക്ഷേ പ്ലാനൊന്നും ഇല്ലായിരുന്നു. ഏറെ വൈകാതെ അർജുന്‍ അശോകനോട് കഥ പറഞ്ഞതും, അവൻ ഞങ്ങൾക്കൊപ്പം ചേർന്നതോടും കൂടിയാണ് സിനിമയ്ക്ക് തുടക്കമാകുന്നത്. ജാനേമൻ സംഭവിക്കുകയായിരുന്നു. പിന്നെ എല്ലാക്കാലത്തും ആളുകൾ കോമഡികൾ ഇഷ്ടപ്പെടുന്നവരാണല്ലോ. അത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്നത് എളുപ്പമായി തോന്നിയില്ല. ജാനേമൻ ചെയ്യുമ്പോൾ ചിരിപ്പിക്കാൻ വേണ്ടി കോമഡി എഴുതാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.
 
സിനിമ എന്ന സ്വപ്നം മനസിൽ കേറുന്നത്  എപ്പോഴായിരുന്നു?

പ്രാഞ്ചിയേട്ടന് ശേഷമാണ് സിനിമയെ സീരിയസായി കണ്ടു തുടങ്ങുന്നത്. ചെറുപ്പത്തിൽ തന്നെ ഡബ്ബ് ചെയ്യാനൊക്കെ പോയിരുന്നു. പിന്നിട് സിനിമയുടെയും പരസ്യങ്ങളുടെയും ഒക്കെ ഭാഗമായി. പണ്ട് ചിദംബരം സീരിയലിൽ അഭിനയിക്കും. ലൊക്കേഷനിൽ നിന്ന് വരുമ്പോൾ അവന് പ്രൊഡക്ഷൻ ഫുഡ് കിട്ടും. സത്യം പറഞ്ഞാൽ അവൻ അത് കഴിക്കുന്നത് കണ്ട് ആഗ്രഹം തോന്നിയാണ്  ഞാൻ അഭിനയിക്കാൻ വരുന്നത്. അവി‌ടെ നിന്ന് ഇവിടം വരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പിന്നെ സിനിമയോടുള്ള ഇഷ്ടം കൂടാൻ കാരണം അച്ഛനാണ്. അദ്ദേഹമാണ് സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിച്ചത്.


 
മലയാള സിനിമയോടാണോ അന്യ ഭാഷാ ചിത്രങ്ങളോടാണോ ഏറ്റവും കൂടുതൽ താൽപര്യം ?

സിനിമയോടാണ് എന്നും താൽപ്പര്യം. അതിന് ഭാഷാഭേദമൊന്നുമില്ല. നല്ല  കഥയും  ടീമും   ആണെങ്കിൽ ഏത് ഭാഷയുടെയും ഭാഗമാകാൻ താൽപ്പര്യമുണ്ട്.
 
കുടുംബത്തെ കുറിച്ച്?

അമ്മ അപർണ , അധ്യാപികയായിരുന്നു. അമ്മയാണ് എല്ലാത്തിനും പിന്തുണ നൽകുന്നത്. അച്ഛൻ സതീഷ് പൊതുവാൾ. തിരുവനന്തപുരം ഗവൺമെന്റ് പ്രസിൽ ജോലി ഉണ്ടായിരുന്നു. കൂടാതെ സിനിമയിലെ അസോസിയേറ്റ്, കോ ഡയറക്ടറുമായിരുന്നു ചേട്ടൻ ചിദംബരം. എന്നെക്കാളും മുൻപേ സിനിമയിലേക്ക് കാലെടുത്തുവച്ചു. ഒരുപാട് പേരുടെ ഒപ്പം വർക്ക് ചെയ്തി‌ട്ടുണ്ട്, ചെയ്യുന്നുണ്ട്.  
 
രണ്ടാം വരവിൽ തൻ്റെ ഇടം അടയാളപ്പെടുത്താൻ ജാനേമൻ സഹായിച്ചു എന്ന് തോന്നുന്നുണ്ടോ?

അങ്ങനെയൊന്നുമില്ല. ഞാനിവിടെ തന്നെയുണ്ട്. എൻ്റെ ഓരോ സിനിമ കാണുന്നവർക്കും ഓരോ കഥാപാത്രങ്ങളോടായിരിക്കുമല്ലോ ഇഷ്ടം തോന്നുന്നത്. അതുകൊണ്ട് രണ്ടാം വരവ് , മൂന്നാം വരവ് എന്നൊന്നും അട‌യാളപ്പെടുത്താൻ ഞാനില്ല.  പിന്നെ ഓരോ കഥാപാത്രങ്ങളെയും വിശ്വസിച്ച് ഏൽപ്പിക്കുന്നത് ഡയറക്ടർമാരല്ലേ. 

ഒടിടി യിൽ തിയറ്ററിലേക്ക് എത്തുന്നത് സിനിമാ മേഖലയുടെ വളർച്ചക്ക് സഹായിക്കുമെന്ന് കരുതുന്നുണ്ടോ ? 

രണ്ടും വ്യത്യസ്തമാണ്. ഒടിടി ഒരു സൈഡിൽ നടക്കും. തിയറ്റർ അതിൻ്റെ സൈഡിലും. പണ്ട് എച്ച്ബിഒ ഇറക്കുന്ന സീരിസുകൾ നമ്മൾ ഹാർഡ് ഡിസ്ക്കിൽ ഒക്കെ കേറ്റി കാണുന്ന പതിവുണ്ടായിരുന്നു. ഇന്നത് ഒടിടി വഴി ഓൺലൈനായി കാണുന്നു. ഒടിടി വലിയൊരു നെറ്റ്വർക്കാണ്. ജാനേമൻ തിയേറ്റർ വിടുമ്പോൾ ഒടിടിക്ക് കൊടുക്കണം എന്നുണ്ട്. ഒരുപാട് പേർക്ക് മുമ്പിൽ എത്തിക്കാൻ ഒടിടിക്ക് കഴിയും. തിയറ്റർ എക്സ്പീരിയൻ വ്യത്യസ്തമാണ്. നല്ല സിനിമകളാണ് പുറത്തിറങ്ങുന്നതെങ്കിൽ  തിയേറ്ററിലേക്ക് പ്രേക്ഷകർ എത്തുമെന്ന് തീർച്ച.
 
 സിനിമ സംവിധാനം  ലക്ഷ്യം ആണോ?

അങ്ങനെയൊരു ലക്ഷ്യമൊന്നുമില്ല. പക്ഷേ പഠിക്കണം എന്നുണ്ട്. ഈ മേഖലയെ കുറിച്ചുമൊക്കെ ഒരുപാട് പഠിക്കണം. പുതിയ കാര്യങ്ങൾ പഠിക്കുന്നത് കൊണ്ട് തെറ്റില്ല.
 
ഒരു സീരിയസ് വേഷം കിട്ടിയാൽ ഉള്ള പ്രതികരണം എന്തായിരിക്കും ?

അങ്ങനെ ചോദിച്ചാൽ, തീരെ പറ്റാത്ത കഥാപാത്രം ആണെങ്കിൽ ഞാനത് എടുക്കില്ല.അതായത് ഞാനുമായി എന്തെങ്കിലും  ബന്ധം ഉണ്ടെങ്കിൽ മാത്രമേ അതെടുക്കാൻ നിൽക്കൂ. കോൺഫിഡൻസ് ഇല്ല എന്ന പേരിൽ കഥാപാത്രങ്ങളെ വിട്ടുകളയില്ല.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top