Published:08 January 2022
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വിൽപ്പന പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ അതി വേഗത്തിലാക്കുന്നു. ഓഹരി വിൽപ്പനയുടെ പുരോഗതി വിലയിരുത്താൻ ഇന്നലെ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. വൻകിട വിദേശ നിക്ഷേപകർക്ക് കൂടി പ്രാരംഭ ഓഹരി വിൽപ്പനയിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ കഴിഞ്ഞ ദിവസം നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരുന്നു.
എൽ. ഐ.സി ജീവനക്കാർക്ക് മികച്ച വില ഇളവോടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ ഓഹരികൾ ലഭ്യമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഓഹരി വിൽപ്പനയ്ക്ക് എതിരെ കനത്ത പ്രക്ഷോഭം നടത്തുന്ന ജീവനക്കാരുടെ സംഘടനകളെ ഈ നടപടിയിലൂടെ തണുപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഇതോടൊപ്പം എൽ.ഐ.സിയുടെ കോടിക്കണക്കിന് വരുന്ന പോളിസി ഉടമകൾക്കും വില ഇളവോടെ ഓഹരികൾ ലഭ്യമാക്കാനും ആലോചനയുണ്ട്. കമ്പനിയുടെ മൂല്യം ഇതുവരെ പൂർണമായും നിശ്ചയിക്കാൻ കഴിയാത്തതാണ് എൽ. ഐ സിയുടെ പ്രാരംഭ ഓഹരി വിൽപ്പന വൈകിപ്പിക്കാൻ കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.