Published:10 January 2022
ഭാരതാംബയുടെ സ്വന്തം ഭാഷ-ഇന്ത്യയുടെ രാഷ്ട്രഭാഷ-ഹിന്ദി.നമ്മുടെ രാഷ്ട്രഭാഷയെ ആദരിക്കാൻ അന്താരാഷ്ട്ര സമൂഹം മാറ്റി വച്ചിരിക്കുന്ന ദിനമാണ് ജനുവരി10.
ആദ്യത്തെ ലോക ഹിന്ദി ദിന സമ്മേളനം (World Hindi Day Conference) 1975 ജനുവരി 10ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഘടിപ്പിക്കപ്പെട്ടത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 122 പ്രതിനിധികൾ ഈ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ 2003 മുതലാണ് ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്. ലോകമെമ്പാടും ഈ ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 2006ൽ മറ്റ് രാജ്യങ്ങളിലും ലോക ഹിന്ദി ദിനം ആചരിക്കാൻ തുടങ്ങി.
ലോക ഹിന്ദി ദിനമായി അത് ലോകമെമ്പാടും ആചരിക്കുന്നു. പേർഷ്യൻ പദമായ ഹെണ്ടി എന്ന പദത്തിൽ നിന്നാണ് ഹിന്ദി എന്ന പേരിന്റെ ഉത്ഭവം. ഹിന്ദുസ്ഥാനിൽ നിന്നുള്ളത് എന്നാണ് ഹെണ്ടി എന്ന പദത്തിന്റെ അർഥം. ഇന്തോ-ഗംഗാ സമതല നിവാസികളെ സൂചിപ്പിക്കാനാണ് ഈ പദം ആദ്യമുപയോഗിച്ചിരുന്നത്. കൂടാതെ ഹിന്ദാവി(ഇന്ത്യൻ ജനതയുടേത്) എന്ന മറ്റൊരു പേരും പുരാതന പേർഷ്യൻ കവി അമീർ ഖുസ്രോയുടെ കവിതകളിൽ കാണാം.
പഴയ പേർഷ്യൻ ഭാഷയിൽ നിന്നുണ്ടായ വാക്കുകളാണ് ഹിന്ദി,ഹിന്ദു എന്നിവ. സിന്ധു നദിയെ സൂചിപ്പിക്കുന്ന സിന്ധു എന്ന സംസ്കൃത നാമത്തിൽ നിന്നാണീ പേരുകൾ ലഭിച്ചത്.ഇന്‍ഡസ് നദി,ഇന്ത്യ(നദിയുടെ ഭൂമി) എന്നിവയാണ് ഇതേ പദങ്ങളുടെ ഗ്രീക്ക് അർഥങ്ങൾ.
ബീഹാർ,ഛത്തീസ്ഗഢ്,ഹരിയാന,ഹിമാചൽ പ്രദേശ്,ഝാർഖണ്ഡ്,മധ്യപ്രദേശ്,മിസോറാം,രാജസ്ഥാന്,ഉത്തർപ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ ഹിന്ദിയാണ് മാതൃഭാഷ.പശ്ചിമ ബംഗാളിലാകട്ടെ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം പേർ ഹിന്ദി സംസാരിക്കുന്നു.
കൂടാതെ, കേന്ദ്ര ഭരണ പ്രദേങ്ങളായ ആന്‍ഡമാർ നിക്കോബാർ ദ്വീപുകൾ,ദാദ്ര,നഗർ ഹവേലി,ദാമൻ-ദിയു എന്നിവിടങ്ങളിലും ഡൽഹിയിലും ഔദ്യോഗിക ഭാഷയാണ് ഹിന്ദി.ആഗോള തലത്തിൽ നാലാം സ്ഥാനമുണ്ട് നമ്മുടെ ഹിന്ദിക്ക്.മാൻഡറീൻ,സ്പാനിഷ്,ഇംഗ്ലീഷ് എന്നീ ഭാഷകളാണ് ആദ്യ മൂന്നു സ്ഥാനത്ത്.
ഇന്ത്യയ്ക്കു പുറത്ത് ഫിജിയിൽ ഇതൊരു ഔദ്യോഗിക ഭാഷയാണ്.ഫിജി ഹിന്ദി എന്നിത് അറിയപ്പെടുന്നു.ഫിജിയിൽ 3,80,000 ജനങ്ങൾ ഫിജി ഹിന്ദി ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ.അയൽ രാജ്യമായ നേപ്പാളിലെ 2011ലെ സെൻസസ് പറയുന്നത് 77,569 പേർക്ക് ഹിന്ദി ഒന്നാം ഭാഷയും 1,225,950 പേർക്ക് ഇത് രണ്ടാം ഭാഷയുമാണെന്നാണ്.
നിങ്ങൾക്കറിയാമോ, ദക്ഷിണാഫ്രിക്കയിലുമുണ്ട് ഹിന്ദി! ഇവിടുത്തെ ഒരു സംരക്ഷിത ഭാഷയാണിത്. പാൻ ദക്ഷിണാഫ്രിക്കൻ ഭാഷാ ബോർഡ് മറ്റു ഭാഷകളോടൊപ്പം ഹിന്ദിയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും ഉറപ്പാക്കുകയും വേണമെന്നതാണ് ദക്ഷിണാഫ്രിക്കൻ ഭരണഘടന അനുശാസിക്കുന്നത്.
കൂടാതെ അമെരിക്ക,ബ്രിട്ടൻ, യുഎഇ, ട്രിനിഡാഡ്,ടൊബാഗോ, ഗയാന,സുരിനാം, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഗണ്യമായ തോതിൽ ഉള്ള ഉത്തരേന്ത്യൻ പ്രവാസികളാണ് ഹിന്ദി സംസാരിക്കുന്നത്.അമെരിക്കയിൽ 863077,മൗറീഷ്യസിൽ 450,170,ഫിജിയിൽ 3,80,000, ദക്ഷിണാഫ്രിക്കയിൽ 250,292,സുരിനാമിൽ 150,000,ഉഗാണ്ടയിൽ 100,000,ബ്രിട്ടനിൽ 45,800, ന്യൂസിലൻഡിൽ 20,000,ജർമനിയിൽ 20,000,ട്രിനിഡാഡിലും ടൊബാഗോയിലും 26,000,സിംഗപ്പൂരിൽ 3000 എന്നിങ്ങനെ പോകുന്നു അന്താരാഷ്ട്ര ഹിന്ദിഭാഷാ ലോകത്തിന്റെ കണക്കുകൾ.