Published:10 January 2022
വാരാണസി: കാലഭൈരവ മൂർത്തിയെ പൊലീസ് വേഷത്തിൽ അണിയിച്ചൊരുക്കിയപ്പോൾ ദർശനത്തിനു ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവാഹം. വാരാണസിയിലെ പ്രശസ്തമായ കാലഭൈരവ ക്ഷേത്രത്തിലാണ് ഇന്നലെ കാലഭൈരവ വിഗ്രഹത്തെ പൊലീസ് വേഷത്തിലാക്കിയത്. ഓരോ ദിവസവും വിഗ്രഹത്തെ വ്യത്യസ്തമായി അണിയിച്ചൊരുക്കുന്ന ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ് വിഗ്രഹത്തിനു പൊലീസ് വേഷം നൽകുന്നത്.
തലയിൽ പൊലീസ് തൊപ്പിയും നെഞ്ചിൽ ബാഡ്ജും ഇടംകൈയിൽ വെള്ളി ലാത്തിയും വലംകൈയിൽ രജിസ്റ്ററും പിടിച്ച മൂർത്തിയെക്കുറിച്ചു വാർത്ത പരന്നതോടെ ക്ഷേത്രത്തിലേക്കു ഭക്തരൊഴുകിയെത്തി. ബാബാ ഭൈരവൻ പേനയും രജിസ്റ്ററുമായി ഇരിക്കുമ്പോൾ ഒരു പരാതിയും പാഴാകില്ലെന്നും മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്ന് അദ്ദേഹം ലോകത്തെ കാക്കുമെന്നുമായിരുന്നു ഭക്തരുടെ പ്രതികരണം. തെറ്റ് ചെയ്യുന്ന എല്ലാവരെയും കാലഭൈരവൻ നിയമപാലകനായി വന്നു ശിക്ഷിക്കുമെന്നു ഭക്തനായ പ്രേംകാന്ത് തിവാരി പറഞ്ഞു. ജനതയെയും രാജ്യത്തെയും സംരക്ഷിക്കാൻ പ്രത്യേക പൂജകൾ ചെയ്തുവെന്നും അതിന്റെ ഭാഗമായാണ് പൊലീസ് വേഷത്തിൽ വിഗ്രഹത്തെ അണിയിച്ചതെന്നും പൂജാരി മഹന്ത് അനിൽ ദുബെ പറഞ്ഞു. വാരാണസിയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ് കാലഭൈരവ ക്ഷേത്രം.