Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

പോരാട്ടത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടാകും ഈ അഞ്ചുപേര്‍

Published:14 January 2022

# ദീപു മറ്റപ്പള്ളി

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ 2018ല്‍ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നല്‍കുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികര്‍ പരാതി നല്‍കി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അഞ്ച് കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തില്‍ പൊരുതി പരാജയപ്പെട്ടെങ്കിലും പോരാട്ടത്തിന്‍റെ ചരിത്രത്തിലുണ്ടാകും ഈ അഞ്ചുപേര്‍. നീതി ലഭിക്കുമെന്ന് ഉറപ്പായിട്ടും, ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി ഞെട്ടലോടെയാണ് ഈ അഞ്ച് കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തിലിരുന്നു കേട്ടത്. അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്ക് വച്ചാണ് ഇവരോടുള്ള ഐക്യാദ്യാര്‍ട്യം പ്രകടപ്പിച്ചിരിക്കുന്നത്. ചിത്രം 2019ല്‍ ലോക ശ്രദ്ധനേടിയിരുന്നു.
 

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ 2018ല്‍ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നല്‍കുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികര്‍ പരാതി നല്‍കി. കന്യാസ്ത്രീയെ മദര്‍ സുപ്പീരിയര്‍ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള വിരോധം മൂലമാണു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ബിഷപ്പിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പീഡനം സംബന്ധിച്ച പരാതി നല്‍കിയത്.

2014 മുതല്‍ 2016 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സഭാ നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും മാനസിക പീഡനമായിരുന്നു ഫലം. സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണു പൊലീസില്‍ പരാതി നല്‍കിയതെന്നും കന്യാസ്ത്രീ പറഞ്ഞു.
കേസില്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളാണ് കൊച്ചിയില്‍ സമരം ആരംഭിച്ചത്.

2018 സെപ്റ്റംബറില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ സമരം നടത്തി. 14 ദിവസമായി നടത്തിവന്ന സമരം ബിഷപ്പിനെ അറസ്റ്റ് ചെയ്തതോടെയാണ് അവസാനിപ്പിച്ചത്. ഇതിനിടെ പീഡനക്കേസ് ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായി. അഞ്ച് കന്യാസ്ത്രീകള്‍ക്കു പിന്തുണ നല്‍കുന്നതിനു പകരം സഭയാകട്ടെ അവരുടെ പ്രതിമാസ അലവന്‍സ് റദ്ദാക്കുകയാണു ചെയ്തത്.

ഇവരുടെ പോരാട്ടത്തിന് സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നും ഐക്യദാര്‍ഢ്യം ലഭിച്ചിരുന്നു. വാഷിംഗ്ടണില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് ഈ വിഷയത്തെ കൊണ്ടെത്തിച്ചു.

സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം ഒരു കുറിപ്പോടെയാണ് 2019 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍- ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്നു വിശേഷിപ്പിക്കുന്ന പ്രത്യേക പതിപ്പിലാണ് കന്യാസ്ത്രീകളും പ്രത്യക്ഷപ്പെടുന്നത്.

ഈ വിധിയില്‍ തളരില്ല, അപ്പീലുമായി മുന്നോട്ടുപോകും.. സഹോദരിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും.. തോറ്റു പിന്മാറാനില്ലെന്നും ഇവര്‍ ഉറപ്പിച്ചുപറയുന്നു.കോടതി മുറിക്കുള്ളില്‍ നീതിദേവത അരും കൊലചെയ്യപ്പെട്ട ദിവസം എന്നാണ് കന്യാസ്ത്രീകള്‍ പ്രതികരിച്ചത്.
വരും ദിനങ്ങളില്‍ ഈ അഞ്ച് കന്യാസ്ത്രീകളുടെ ഭാവിയും ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. ഇപ്പോള്‍ പോലും ഇവര്‍ക്ക് പ്രതിമാസം ലഭിക്കേണ്ട തുക പോലും നല്‍കാതെ എല്ലാ തരത്തിലും സഭ ഇവരെ പിഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെയുള്ള പേരാട്ട വിജയമായിട്ടാണ് കോടതിപുറത്തെ മധുരവിതരണത്തെ വിലയിരുത്തുന്നത്.

കോടതി വിധി വേദനാജനകം; ലൂസി കളപ്പുര

കോഴിക്കോട്: കോടതി വിധി വേദനാജനകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉള്‍ക്കൊളളാന്‍ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാന്‍ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top