Published:16 January 2022
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി തട്ടിപ്പ്. ഇത്തവണ പത്തനംതിട്ടയിലാണ് തട്ടിപ്പ് നടന്നത്. തുടർന്ന് ട്രഷറി വകുപ്പിലെ നാലുപേരെ സസ്പെൻഡ് ചെയ്തു.ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതലയുള്ള ആളുടെ ഉൾപ്പെടെ പാസ്വേഡ് ഉപയോഗിച്ച് മരിച്ചുപോയ ആളുടെ എട്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് വിവരം. റാന്നി പെരുനാട് സബ് ട്രഷറി ക്ലർക്ക് സഹീർ മുഹമ്മദ്, പത്തനംതിട്ട ജില്ലാ ട്രഷറി സൂപ്രണ്ട് ദേവരാജൻ, കോന്നി സബ് ട്രഷറി ഓഫീസർ രഞ്ജി കെ. ജോൺ, ക്ലർക്ക് ആരോമൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ട്രഷറി തട്ടിപ്പ് നിരന്തരം തുടരുന്നതിനിടെ ഈ കേസിനെപ്പറ്റി ധനമന്ത്രി കെ.എൻ. ബാലഗോപാലിന് വിവരം ലഭിക്കുകയും മന്ത്രി ഇടപെട്ട് അന്വേഷണം നടത്തിക്കുകയും ചെയ്തതായാണ് വിവരം. എന്നാൽ, ഇതേക്കുറിച്ച് ഒരു വിവരവും പറയാനാവില്ലെന്ന് ട്രഷറി ഡയറക്റ്ററുടെ ചുമതലയുള്ള വി. സാജൻ അറിയിച്ചു.മരിച്ചുപോയ അധ്യാപകയുടെ ട്രഷറിയിലെ സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയാക്കിയത് മനസിലാക്കിയ ക്ലർക്ക് സഹീർ മുഹമ്മദ് അത് പുതുക്കുകയായിരുന്നു.
ഇതിന്റെ പലിശ നിക്ഷേപിക്കാൻ പുതിയ സേവിങ്സ് ബാങ്ക് അക്കൗണ്ട് വ്യാജമായി സൃഷ്ടിച്ചു. അവധിയെടുത്തുപോയ ഒരു ജീവനക്കാരന്റെ പാസ്വേഡ് ഉപയോഗിച്ച് സേവിങ്സ് അക്കൗണ്ടിലെ തുകയ്ക്കുള്ള ചെക്ക് മാറിയതാണ് പിടിയിലാവാൻ കാരണം. തുടർന്നു നടന്ന അന്വേഷണത്തിൽ ഇവിടത്തെ ഉദ്യോഗസ്ഥരുടെ പാസ്വേഡുകൾ ഇയാൾ രഹസ്യമായി ഉപയോഗിച്ച് പണം തിരിമറി നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
കണ്ണൂരിൽ ജില്ലാ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിനുശേഷം പുറത്തുവന്ന ക്രമക്കേടാണിത്. ബില്ലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻട്രഷറിയെ സമീപിക്കുന്ന ഡ്രോയിങ് ആൻഡ് ഡിസ്ബേസിങ് ഓഫീസർമാരുടെ (ഡിഡിഒ) യൂസർ ഐഡിയും പാസ്വേഡും വാങ്ങി അവരുടെ മുന്നിൽ വച്ച് തകരാറ് ശരിയാക്കുന്നതായിരുന്നു കണ്ണൂരിലെ കോ-ഓർഡിനേറ്ററുടെ രീതി.
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ബില്ലുകളും ചെക്കുകളും ട്രഷറിയിലേക്കു നൽകുകയും പാസാകുമ്പോൾ അതിലെ തുക ഗുണഭോക്തൃ അക്കൗണ്ടുകളിലേക്കു പോകുകയും ചെയ്യുന്നതാണ് പതിവ്. ഗുണഭോക്തൃ അക്കൗണ്ടിലെ തകരാറ് മൂലം ചിലരുടെ തുക തിരികെ വരും. തിരികെ വന്ന അക്കൗണ്ടുകളുടെ തുക ശരിയായ അക്കൗണ്ട് നമ്പർ ഡിഡിഒമാർ നൽകുമ്പോൾ അതിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഡിഡിഒമാരുടെ പാസ്വേഡും യൂസർ ഐഡിയും ജില്ലാ കോ-ഓർഡിനേറ്ററുടെ കൈയിലുണ്ടായിരുന്നതിനാൽ അതുപയോഗിച്ച് ഇങ്ങനെ തിരികെ വന്ന തുക സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേയ്ക്കും മാറ്റി 13 ലക്ഷത്തോളം രൂപ തട്ടിക്കുകയായിരുന്നു. ജില്ലാ കോ-ഓർഡിനേറ്ററുടെ ചുമതല വഹിച്ചുവന്ന സീനിയർ അക്കൗണ്ടന്റ് നിധിൻരാജ് ഇതേതുടർന്ന് സസ്പെൻഷനിലാണ്. ഇരുപതോളം ഡിഡിഒമാർ ഇയാളുടെ തട്ടിപ്പിനിരയായതായാണ് കണ്ടെത്തിയത്.
വഞ്ചിയൂർ ട്രഷറി തട്ടിപ്പുകേസിൽ വിജിലൻസ് അന്വേഷണം വേണമെന്നും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്ന് ധനവകുപ്പ് അതിനോട് മുഖം തിരിച്ചതോടെ വഞ്ചിയൂർ തട്ടിപ്പ് അന്വേഷണം വഴിമുട്ടി. രണ്ടരക്കോടിയിലേറെ രൂപ തട്ടിച്ച വഞ്ചിയൂർ കേസിലെ കുറ്റക്കാരിൽ ഒന്നാം പ്രതിക്കൊഴികെ മറ്റുള്ളവർക്ക് വെറും താക്കീത് മാത്രം നൽകിയതാണ് ഇത്തരം തട്ടിപ്പ് ആവർത്തിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനുശേഷം ഈ രണ്ട് തട്ടിപ്പു കൂടി പുറത്തുവന്നതോടെ സമാനമായി പലേടത്തും പാസ്വേഡുകൾ മാറ്റി തട്ടിപ്പ് നടത്താനുള്ള സാധ്യത കൂടുതൽ തെളിയുകയാണ്. ട്രഷറി സോഫ്റ്റ്വെയർ പഴുതില്ലാത്തവിധം ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.