പി.സി ജോർജ് റിമാൻഡിൽ
Published:20 January 2022
കോട്ടയം: രാത്രിയിൽ വൈക്കം വെള്ളൂരിലുള്ള സ്വന്തം വീടിൻ്റെ ടെറസിന് മുകളിൽ കയറിയ മോഷ്ടാവിനെ വീട്ടുടമയുടെ മകൾ പാലായിലെ വീട്ടിലിരുന്ന് മൊബൈലിലൂടെ കണ്ടതോടെ പെരുങ്കള്ളൻ പൊലീസ് പിടിയിലായി. കുടുങ്ങിയത് അന്തർ സംസ്ഥാന മോഷ്ടാവ് റോബിൻസൺ. മകൾ നൽകിയ വിവരങ്ങൾ വച്ച് പൊലിസ് മിനിട്ടുകൾക്കകം വെള്ളൂരിലെ വീട്ടിലെത്തിയാണ് മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്.
വൈക്കം വെള്ളൂർ സ്റ്റേഷൻ പരിധിയിലെ കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴ എരമല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസനെ (32) യാണ് പിടികൂടിയത്.
വയോധികരായ മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ തൻ്റെ മൊബൈൽ ഫോണുമായി സോണിയ ബന്ധിപ്പിച്ചിരുന്നത്. മാതാപിതാക്കളെ തുടർച്ചയായി വിളിക്കുകയും സി.സി ടി വി ദൃശ്യങ്ങൾ ഇടയ്ക്ക് പരിശോധിക്കുകയും ചെയ്തിരുന്ന സോണിയയുടെ പക്കൽ തലയോലപ്പറമ്പ്, വെള്ളൂർ സ്റ്റേഷനുകളിലെ പൊലിസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും ഉണ്ടായിരുന്നു. ഇതാണ് കള്ളൻ പിടിയിലാകാൻ കാരണം. തലയോലപ്പറമ്പ്, വെള്ളൂർ എസ് ഐ മാരായ ജയ് മോൻ, കെ.സജി , സി പി ഒ മാരായ വി പിൻ , പി.എസ് രാജീവ്, ബാബു, ഹോം ഗാർഡുമാരായ ബിജുമോൻ , സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
സംഭവം ഇങ്ങനെ:
ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വീടിന്റെ ടെറസിൽ നൈറ്റിധരിച്ച ഒരാൾ നിൽക്കുന്നത് പാലായിലെ വീട്ടിലിരുന്ന് മാത്യുവിന്റെ മകൾ സോണിയ യാദൃശ്ചികമായി മൊബൈലിൽ കാണുന്നത്. സമയം കളയാതെ സോണിയ ഉടൻ തലയോലപ്പറമ്പ് എസ്.ഐ ജയ് മോനെ ഫോണിൽ വിളിച്ച് പറഞ്ഞു. സ്വന്തം സ്റ്റേഷൻ പരിധിയല്ലാഞ്ഞിട്ടും കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജയ്മോൻ ഉടൻ സഹപ്രവർത്തകരേയും കൂട്ടി ജീപ്പിൽ പ്ലാം ചുവട്ടിലേക്കു പുറപ്പെട്ടു. ഒപ്പം വെള്ളൂർ എസ്.ഐ കെ.സജിയെയും വിവരമറിയിച്ചു.
ഇരു സ്റ്റേഷനുകളിലേയും പൊലിസെത്തി ഉടൻ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീടുവളഞ്ഞു. ഉദ്യോഗസ്ഥർ മതിൽ ചാടിക്കടന്ന് ടെറസിലെത്തിയപ്പോൾ മോഷ്ടാവ് റോബിൻസൺ താഴേക്ക് ചാടി. സമീപ പുരയിടങ്ങളിലൂടെ അര കിലോമീറ്റർ ഓടി പൊലിസിനെ വട്ടം കറക്കിയ ഇയാളെ പൊലിസ് സാഹസികമായി പിടികൂടുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു മുമ്പുവരെ കീഴൂരിൽ താമസിച്ചിരുന്ന റോബിൻസണ് പ്രദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാമായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ട നിലയിൽ കഴിയുന്ന വയോധികർ മാത്രം താമസിക്കുന്ന വീട് മോഷണത്തിനായി തെരഞ്ഞെടുത്തതും സ്ഥല പരിചയമുള്ളതിനാലാണ്. കോടതിയിൽ ഹാജരാക്കിയ റോബിൻസണെ റിമാൻഡ് ചെയ്തു. തലയോലപ്പറമ്പ്, വെള്ളൂർ പ്രദേശങ്ങളിൽ മുമ്പ് നടന്ന മോഷണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.