Published:21 January 2022
ആദ്യ മത്സരത്തിൽ ഏകപക്ഷീയവും എളുപ്പത്തിലുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മൂന്നു മത്സരങ്ങളുടെ പരമ്പര സജീവമായി നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്നു വിജയം കൂടിയേ തീരൂ. ഈ സാഹചര്യത്തിൽ ഇന്നത്തെ മത്സരത്തിനുള്ള 11 പേരെ തെരഞ്ഞെടുക്കുന്നതിന് ഇന്ത്യൻ ടീമിലെ ബുദ്ധികേന്ദ്രങ്ങൾക്ക് തല പുകയ്ക്കേണ്ടിവരും.
എന്നാൽ, ഒറ്റയടിക്ക് നിരവധി മാറ്റങ്ങൾ വരുത്തുന്നത് അനാവശ്യമായ ഭീതിക്ക് ഇടനൽകും. അതിനാൽ ഒരു ടീമും അങ്ങനെ ചെയ്യാൻ താത്പര്യപ്പെടാറില്ല. പ്രതിഭകളുടെ ആധിക്യമുള്ള ഇന്ത്യയ്ക്ക് അത്തരമൊരു ഭീതിയുടെ ബട്ടൺ ഇപ്പോഴെ അമർത്തേണ്ട സാഹചര്യവുമില്ല.
ശക്തമാക്കേണ്ട മേഖലകളിൽ മാത്രമാണു മാറ്റങ്ങൾ വേണ്ടത്. ആദ്യ മത്സരത്തിലെ അവസ്ഥ പരിശോധിച്ചാൽ ന്യൂ ബോൾ ബൗളർമാരുടെ ആക്രമണവീര്യത്തിലെ കുറവും മധ്യനിരയിൽ നിന്നുണ്ടാകേണ്ട സാഹസികതയുടെ അഭാവവുമാണ് ആദ്യം മനസിലെത്തുക. ഭുവനേശ്വർ കുമാറും ശാർദുൽ ഠാക്കുറും റണ്ണൊഴുകുന്നതിന് ഒരു "തടയുമിട്ടില്ല'. പുറത്താകാതെ നേടിയ അർധ സെഞ്ചുറിയിലൂടെ ഠാക്കുർ തന്റെ പിഴവിന് ചെറുതായി പ്രായശ്ചിത്തം ചെയ്തെന്നതു ശരിതന്നെ. എന്നാലും അത് ആതിഥേയർക്ക് സമ്മർദമൊഴിഞ്ഞപ്പോളായിരുന്നു.
അവസാന ഓവറുകളിലെ റണ്ണൊഴുക്കു പിടിച്ചുനിർത്താൻ കുറച്ചുകാലമായി ഭുവനേശ്വർ കുമാറിനു കഴിയുന്നില്ല. അടുത്തവർഷം നടക്കുന്ന ഐസിസി ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കാനാണ് ഈ മത്സരങ്ങൾ കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണം.
ഐസിസി സൂപ്പർ ലീഗ് പ്രവേശനത്തിനുള്ള പോയിന്റുകളിലേക്ക് ഈ മത്സരങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്നത് അനുഗ്രഹമായി കരുതണം. തോൽവിയെ ഭയക്കാതെയും സൂപ്പർലീഗ് പ്രവേശനത്തിനുള്ള യോഗ്യതയെക്കുറിച്ച് ആശങ്കയില്ലാതെയും കളിക്കാം. ആതിഥേയരായതിനാൽ ഇന്ത്യയ്ക്ക് സ്വയമേവ സൂപ്പർലീഗ് പ്രവേശനം ലഭിക്കും. അതുപക്ഷേ, ഈ ഇന്ത്യൻ ടീമിന് ചേർന്നതല്ല.
ശിഖർ ധവാനും വിരാട് കോഹ്ലിയും ചേർന്നുള്ള ഉറച്ച കൂട്ടുകെട്ട് നൽകിയ അടിത്തറമുതലാക്കാൻ ഋഷഭ് പന്തിനും രണ്ട് അയ്യർമാർക്കും (ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ) കഴിഞ്ഞില്ല. അടുത്തകാലത്തത് ഏകദിനങ്ങളിൽ പന്തിനെ നാലാം നമ്പരിലാണ് ഉപയോഗിച്ചുവരുന്നത്. ക്ഷമയും ആക്രമണശേഷിയും കൃത്യമായി സംയോജിപ്പിക്കേണ്ട സ്ഥാനമാണിത്. പന്തിന് ഇത് യോജിക്കുന്നതായി തോന്നുന്നില്ല. ആറാം നമ്പരിൽ പന്തിനെ ഉപയോഗിക്കുന്നത് കുറേക്കൂടി മെച്ചപ്പെട്ട ആശയമാകുമെന്നു തോന്നുന്നു. സാഹചര്യം നോക്കാതെ ബാറ്റ് വീശാൻ ആറാം നമ്പരിൽ പന്തിനു സ്വാതന്ത്ര്യം ലഭിക്കും.
മനോഹരമായ ബാറ്റിങ് പിച്ചിൽ സ്പിന്നർമാരായ ആർ. അശ്വിനും യൂസവേന്ദ്ര ചഹലും അംഗീകരിക്കപ്പെടേണ്ട ജോലിയാണു ചെയ്തത്. കേപ്ടൗണിലെ ചൂടുള്ള കാലാവസ്ഥയിലും അവർക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടാകും. ദക്ഷിണാഫ്രിക്ക ഓടിക്കൊണ്ടിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മെച്ചപ്പെട്ട് ആതിഥേയർക്കുമുന്നിൽ തടസങ്ങൾ സൃഷ്ടിക്കുകയും തങ്ങളെ ചതച്ചരച്ച് കടന്നുപോകുന്നതിൽ നിന്ന് ദക്ഷിണാഫ്രിക്കയെ തടയുകയുമാണ് ഇന്ത്യയ്ക്ക് ഇന്നു വേണ്ടത്.