പി.സി ജോർജ് റിമാൻഡിൽ
Published:21 January 2022
ന്യൂഡൽഹി: അര നൂറ്റാണ്ടായി ഇന്ത്യാഗേറ്റിൽ ജ്വലിച്ചു നിന്ന അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ "നിത്യജ്വാല'യിൽ ലയിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബി.ആർ. കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇന്ത്യാ ഗേറ്റിനു 400 മീറ്റർ അകലെയാണ് ദേശീയ യുദ്ധസ്മാരകം. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ ജവാന്മാർക്ക് ഇനി ദേശീയ യുദ്ധസ്മാരകത്തിൽ പൊതുജനങ്ങൾക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ അവസരമുണ്ടാകുമെന്നു സൈനികവൃത്തങ്ങൾ.
ചിലർക്ക് ത്യാഗത്തിന്റെയും ദേശീയതയുടെയും വിലയറിയില്ലെന്നും അമർജവാൻ ജ്യോതി ഇല്ലാതാക്കിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, ജ്യോതി ലയിപ്പിക്കുക മാത്രമാണു ചെയ്തതെന്നും ചിലർ ഇതിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു.
അമർ ജവാൻ ജ്യോതി
ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ 1971ലെ ഇന്ത്യ- പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി നിർമിച്ചു. 1972 ജനുവരി 26ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണു രാഷ്ട്രത്തിനു സമർപ്പിച്ചത്. തലതിരിച്ചുവച്ച തോക്കും അതിനു മുകളിലൊരു സൈനിക ഹെൽമെറ്റും നാലു ജ്വാലകളുമുൾപ്പെട്ടതാണ് അമർ ജവാൻ ജ്യോതി. വർഷം മുഴുവൻ ഏതെങ്കിലും ഒരു ജ്വാല എരിഞ്ഞുകൊണ്ടിരിക്കും. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നാലു ജ്വാലകളുമുണ്ടാകും. 2006 വരെ എൽപിജി ഉപയോഗിച്ചായിരുന്നു ജ്വാല നിലനിർത്തിയത്. 2006നുശേഷം പൈപ്പിലൂടെയുള്ള പ്രകൃതി വാതകം ഉപയോഗിക്കുന്നു.
ദേശീയ യുദ്ധസ്മാരകം
ഇന്ത്യാ ഗേറ്റിനു 400 മീറ്റർ മാത്രം അകലെ 40 ഏക്കർ ഭൂമിയിൽ നിർമിച്ചു. 2019 ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 15.5 മീറ്ററുള്ള സ്മാരകസ്തംഭം, അമർ ചക്ര, വീരചക്ര, ത്യാഗചക്ര, രക്ഷാ ചക്ര എന്നിങ്ങനെ നാലു വലയങ്ങൾ എന്നിവ ഉൾപ്പെട്ട സ്മാരകത്തിൽ രാജ്യത്തിനായി ജീവൻ നൽകി 25,942 സൈനികരുടെ പേര് തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1947, 1965, 1971 വർഷങ്ങളിലെ ഇന്ത്യ- പാക് യുദ്ധം, 1962ലെ ഇന്ത്യ- ചൈന യുദ്ധം, ശ്രീലങ്കയിലെ ശാന്തിസേനാ ദൗത്യം, 1999ലെ കാർഗിൽ യുദ്ധം, യുഎൻ സമാധാനദൗത്യങ്ങൾ, ഭീകരവിരുദ്ധ നടപടികൾ എന്നിവയിലായി വീരമൃത്യു വരിച്ച മുഴുവൻ സൈനികരുടെയും പേര് സ്മാരകത്തിലുണ്ട്.